മുൻ മുഖ്യമന്ത്രിയുടെ നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്, കെഎസ്യു പ്രവർത്തകരെ സുരക്ഷാ ഉദ്യോഗസ്ഥർ മർദ്ദിച്ച സംഭവത്തിൽ, പ്രതികളായ മൂന്നുപേർക്ക് ലഭിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. വി.കെ.ഷൈജു, ആർ.അരുൺ, വി.വി.വിപിൻ എന്നിവർക്ക് ആലപ്പുഴ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിനെതിരെയാണ് സർക്കാർ അപ്പീൽ നൽകിയിരിക്കുന്നത്.
മുൻ മുഖ്യമന്ത്രിയുടെ സുരക്ഷാ സംഘത്തിലുണ്ടായിരുന്ന എസ്.അനിൽകുമാർ, എസ്.സന്ദീപ് എന്നിവർക്കും നേരത്തെ സെഷൻസ് കോടതി ജാമ്യം അനുവദിച്ചിരുന്നു. ലഭ്യമായ തെളിവുകളും വസ്തുതകളും പരിഗണിക്കാതെയാണ് സെഷൻസ് കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നതെന്ന് സർക്കാർ അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു.
പ്രതികൾ മർദ്ദനത്തിന് ഉപയോഗിച്ച ആയുധങ്ങൾ ഇതിനകം തന്നെ സറണ്ടർ ചെയ്തു എന്ന തെറ്റായ ധാരണയുടെ അടിസ്ഥാനത്തിലാണ് ജാമ്യം നൽകിയതെന്ന് സർക്കാർ വാദിക്കുന്നു. ഈ നിരീക്ഷണം നിലവിലുള്ള അന്വേഷണത്തെ ദോഷകരമായി ബാധിക്കുമെന്നും അതിനാൽ സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണത്തിന് ഈ ഉത്തരവ് റദ്ദാക്കണമെന്നും അപ്പീലിൽ ആവശ്യപ്പെടുന്നു.
2023 ഡിസംബർ 15-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആലപ്പുഴ ജനറൽ ആശുപത്രി ജംക്ഷനിൽ വച്ച് നവകേരള ബസിനു നേരെ പ്രതിഷേധിച്ചതിന് കെഎസ്യു ജില്ലാ പ്രസിഡന്റ് എ.ഡി.തോമസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജ്യുവൽ കുര്യാക്കോസ് എന്നിവരെ സുരക്ഷാ ഉദ്യോഗസ്ഥർ മർദിച്ചുവെന്നാണ് പരാതി.
കേസിൽ 308-ാം വകുപ്പ് ചുമത്തിയതിൽ അസ്വഭാവികതയുണ്ടെന്ന് നിരീക്ഷിച്ചുകൊണ്ടായിരുന്നു സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. കേസന്വേഷണവും വ്യക്തി സ്വാതന്ത്ര്യവും തമ്മിൽ സന്തുലിതാവസ്ഥ പാലിക്കണമെന്നും, പ്രതികൾ പരാതിക്കാരെ സ്വാധീനിക്കാൻ സാധ്യതയില്ലെന്നും വിലയിരുത്തിയായിരുന്നു കോടതിയുടെ അന്നത്തെ നടപടി.
ചോദ്യം ചെയ്യലിന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന കർശന നിർദ്ദേശത്തോടെയാണ് അന്ന് ജാമ്യം നൽകിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

