എറണാകുളം ജില്ലയിൽ പെട്രോൾ, ഡീസൽ എന്നിവയുടെ ലഭ്യതയെ ചൊല്ലി നിലനിൽക്കുന്ന ആശങ്കകൾ അടിസ്ഥാനരഹിതമാണെന്ന് ജില്ലാ കലക്ടർ ജി. പ്രിയങ്ക അറിയിച്ചു.
ജില്ലയിൽ ഇന്ധനത്തിന് യാതൊരുവിധ ക്ഷാമവുമില്ലെന്നും പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും അവർ വ്യക്തമാക്കി. കേന്ദ്ര സർക്കാരിന്റെ പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ ആശയക്കുഴപ്പങ്ങളാണ് താൽക്കാലിക പ്രതിസന്ധിക്ക് കാരണമായത്.
ബേക്കറി, ഹോട്ടൽ അസോസിയേഷനുകൾ, ചെറുകിട നിർമാണ മേഖലയിലെ ജെസിബി- ഹിറ്റാച്ചി ഉടമകൾ, ആശുപത്രി പ്രതിനിധികൾ, ഫിഷറീസ് ബോട്ട് ഓണേഴ്സ് എന്നിവർ ഉന്നയിച്ച പരാതികളുടെ അടിസ്ഥാനത്തിൽ ചേർന്ന ഉന്നതതല യോഗത്തിന് ശേഷമാണ് കലക്ടർ ഇക്കാര്യങ്ങൾ വിശദീകരിച്ചത്.
ജൂൺ 11ന് കേന്ദ്രസർക്കാർ പുറത്തിറക്കിയ ഉത്തരവ് പ്രകാരം, റീട്ടെയിൽ ഔട്ട്ലെറ്റുകളിൽ നിന്ന് 200 ലിറ്ററിൽ കൂടുതൽ ഇന്ധനം വാങ്ങുന്ന ഉപഭോക്താക്കൾക്ക് മാത്രമാണ് നിയന്ത്രണങ്ങൾ ബാധകം. “ചെറുകിട
ആവശ്യക്കാർക്കോ വ്യക്തികൾക്കോ വാഹനങ്ങൾക്കോ പ്രതിദിനം 200 ലിറ്റർ വരെ ഇന്ധനം വാങ്ങുന്നതിന് യാതൊരു വിലക്കുമില്ല” എന്ന് കലക്ടർ വ്യക്തമാക്കി. സുരക്ഷാ മാനദണ്ഡങ്ങളുടെ ഭാഗമായി, പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ (പെസോ) അംഗീകരിച്ച പ്രത്യേക കണ്ടെയ്നറുകളിൽ മാത്രമേ ഇന്ധനം നൽകാവൂ എന്ന് കർശന നിർദ്ദേശമുണ്ട്.
മുൻപ് നിലവിലുണ്ടായിരുന്ന ഈ നിയമം പുതിയ ഉത്തരവിലൂടെ കൂടുതൽ കർശനമാക്കുകയായിരുന്നു. പ്ലാസ്റ്റിക് കുപ്പികളിലും സാധാരണ ക്യാനുകളിലും ഇന്ധനം കൊണ്ടുപോകുന്നത് സുരക്ഷാ ഭീഷണിയാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു.
ഇത്തരം സുരക്ഷാ കണ്ടെയ്നറുകളുടെ ലഭ്യത ഉറപ്പാക്കാൻ പെട്രോൾ പമ്പുകളിൽ തന്നെ ഇവ വിതരണം ചെയ്യാൻ എണ്ണക്കമ്പനികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. അടുത്ത മൂന്ന് നാല് ദിവസങ്ങൾക്കുള്ളിൽ ക്യാനുകളുടെ ലഭ്യത പരിഹരിക്കപ്പെടുകയും ഇന്ധന വിതരണം പൂർണ്ണമായും സാധാരണ നിലയിലേക്ക് മടങ്ങുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വ്യാജ പ്രചാരണങ്ങളിൽ ജനം ആശങ്കപ്പെടേണ്ടതില്ലെന്നും ജില്ലാ ഭരണകൂടം ആവർത്തിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

