കൊച്ചി പട്ടിമറ്റം ചെങ്ങരയിലെ റബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ നോർത്ത് വലമ്പൂർ സ്വദേശി ജിജോയുടെ (53) മരണത്തിൽ രണ്ട് സുഹൃത്തുക്കൾ അറസ്റ്റിലായി. നോർത്ത് വലമ്പൂർ ആക്കാംപാറ വാലാട്ടിയിൽ താമസിക്കുന്ന വിനു (38), വി.
കെ. ജിനീഷ് (34) എന്നിവരെയാണ് കുന്നത്തുനാട് പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇവർക്കെതിരെ കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. സംഭവദിവസം വ്യാഴാഴ്ച രാവിലെ മുതൽ ജിജോയും പ്രതികളും ചേർന്ന് മദ്യപിച്ചിരുന്നു.
വൈകുന്നേരം വീണ്ടും മദ്യപാനത്തിനായി ഇവർ ചെങ്ങരയിലെ ആളൊഴിഞ്ഞ റബർ തോട്ടത്തിലെത്തി. മദ്യലഹരിയിലായിരുന്ന സുഹൃത്തുക്കൾ ജിജോയ്ക്ക് കുട്ടികൾ ഇല്ലാത്തതിനെ ചൊല്ലി പരിഹസിച്ചതാണ് തർക്കത്തിനും സംഘർഷത്തിനും കാരണമായത്.
വാക്കുതർക്കത്തിനിടെ ഇരുവരും ചേർന്ന് ജിജോയെ തള്ളിയിടുകയും, ഇദ്ദേഹത്തിന്റെ തല റബർ മരത്തിൽ ശക്തമായി ഇടിക്കുകയുമായിരുന്നു. തലയിലുണ്ടായ ഗുരുതര പരിക്കുകളെത്തുടർന്ന് അമിത രക്തസ്രാവം ഉണ്ടായതാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലൂടെ സ്ഥിരീകരിച്ചു.
മരത്തിലിടിച്ച് ബോധരഹിതനായ ജിജോയെ ആശുപത്രിയിൽ എത്തിക്കാൻ പ്രതികൾ തയാറായില്ല. പകരം, സമീപത്തെ ടാർപോളിൻ ഷെഡിൽ ഇയാളെ ഉപേക്ഷിച്ച് പ്രതികൾ വീട്ടിലേക്ക് മടങ്ങുകയായിരുന്നു.
പിന്നീട് രാത്രിയിൽ മൂന്നുതവണ ഇവർ സ്ഥലത്തെത്തി ജിജോയുടെ നില പരിശോധിച്ചെങ്കിലും ചികിത്സ ലഭ്യമാക്കാൻ ശ്രമിച്ചില്ലെന്ന് പൊലീസ് വ്യക്തമാക്കി. രാത്രി വൈകിയും ജിജോ തിരിച്ചെത്താത്തതിനെ തുടർന്ന് ഭാര്യ ഫ്ലോറി സുഹൃത്തുക്കളെ ഫോണിൽ ബന്ധപ്പെട്ടിരുന്നു.
എന്നാൽ ഇവർ കൃത്യമായ മറുപടി നൽകാൻ തയാറായില്ല. തുടർന്ന് നടന്ന തിരച്ചിലിൽ വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാണ് റബർ തോട്ടത്തിൽ ജിജോയുടെ മൃതദേഹം കണ്ടെത്തിയത്.
ആദ്യം അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ്, എറണാകുളം മെഡിക്കൽ കോളജിൽ നടന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം കൊലപാതകത്തിലേക്ക് മാറ്റിയത്. സുഹൃത്തുക്കളെ വിശദമായി ചോദ്യം ചെയ്തപ്പോൾ മൊഴികളിലുണ്ടായ വൈരുധ്യം ശ്രദ്ധയിൽപ്പെടുകയും, പ്രതികൾ കുറ്റം സമ്മതിക്കുകയുമായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

