ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രാദേശിക കക്ഷികളുടെ പിന്തുണ സ്വീകരിക്കുകയും, അതേസമയം സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ അവരെ പരാജയപ്പെടുത്താൻ തന്ത്രങ്ങൾ മെനയുകയും ചെയ്യുന്ന കോൺഗ്രസ് നേതൃത്വത്തിന്റെ ഇരട്ടത്താപ്പിനെതിരെ രൂക്ഷവിമർശനവുമായി മുൻ സഖ്യകക്ഷിയായ ഡിഎംകെ രംഗത്ത്. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ സഖ്യത്തിൽ തുടർന്നുകൊണ്ട് തന്നെ കോൺഗ്രസ് തങ്ങളെ പിന്നിൽ നിന്ന് കുത്തിയെന്നും, രാഹുൽ ഗാന്ധിയുടെ പൂർണ്ണ അനുഗ്രഹത്തോടെ നടന്ന ഈ നീക്കമാണ് പതിറ്റാണ്ടുകൾ പഴക്കമുള്ള സഖ്യത്തിന്റെ തകർച്ചയ്ക്ക് വഴിയൊരുക്കിയതെന്നും പാർട്ടി ഔദ്യോഗികമായി ആരോപിക്കുന്നു.
ഡിഎംകെയുടെ മുഖപത്രമായ ‘മുരശൊലി’യിലെ മുഖപ്രസംഗത്തിലൂടെയാണ് രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ പക്വതയില്ലായ്മയെയും അവിശ്വസ്തതയെയും കടന്നാക്രമിച്ചിരിക്കുന്നത്. അടുത്തിടെ നടന്ന ‘ഇന്ത്യ’ മുന്നണി യോഗത്തിൽ പ്രതിപക്ഷ ഐക്യത്തെക്കുറിച്ച് രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങളെ വൈകിവന്ന വിവേകമെന്നാണ് മുഖപത്രം പരിഹസിക്കുന്നത്.
ലോക്സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ സമ്മർദ്ദം ശക്തമായപ്പോഴാണ് അദ്ദേഹത്തിന് തിരിച്ചറിവുണ്ടായതെന്നും, രാജ്യത്തെ പല സംസ്ഥാനങ്ങളിലും പ്രതിപക്ഷ ഐക്യം തകർത്തത് രാഹുൽ ഗാന്ധി തന്നെയല്ലേ എന്നും ‘മുരശൊലി’ ചോദിക്കുന്നു. ഉത്തർപ്രദേശിലെ സമാജ്വാദി പാർട്ടി, ബിഹാറിലെ ആർജെഡി, കേരളത്തിലെ ഇടതുപക്ഷം എന്നിവരും രാഹുൽ ഗാന്ധിയുടെ നിലപാടുകൾക്കെതിരെ കടുത്ത അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.
കേരള നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസ്താവനകളെ മുഖപത്രം അസംബന്ധമെന്നാണ് വിശേഷിപ്പിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തുകൊണ്ടാണ് പിണറായി വിജയനെ അറസ്റ്റ് ചെയ്യാത്തതെന്നും ഇരുവരും തമ്മിൽ രഹസ്യ ധാരണയുണ്ടെന്നും രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു.
ഈ ആരോപണം തികച്ചും അടിസ്ഥാനരഹിതമാണെന്ന് സിപിഎം രാജ്യസഭാ എംപി ജോൺ ബ്രിട്ടാസ് ‘ഇന്ത്യ’ മുന്നണി യോഗത്തിൽ തുറന്നടിച്ചിരുന്നു. ബിജെപി വിരുദ്ധത തെളിയിക്കാൻ ഇടതുപക്ഷത്തിന് കോൺഗ്രസ് സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് വ്യക്തമാക്കിയ ജോൺ ബ്രിട്ടാസ്, രാഹുൽ ഗാന്ധി കേരളത്തിൽ വന്ന് അസംബന്ധം വിളിച്ചു പറയുകയായിരുന്നുവെന്നും കുറ്റപ്പെടുത്തി.
‘ഇടതുപക്ഷം ഇപ്പോൾ ഇടതുപക്ഷമല്ല’ എന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവന അദ്ദേഹത്തിന്റെ രാഷ്ട്രീയ അപക്വതയുടെ ലക്ഷണമാണെന്നാണ് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ പ്രതികരിച്ചത്. പാർലമെന്റിൽ നരേന്ദ്ര മോദിയെ കെട്ടിപ്പിടിച്ച രാഹുൽ ഗാന്ധിക്ക് പിണറായി വിജയനെ കെട്ടിപ്പിടിക്കാൻ കഴിയില്ലെന്ന് പറയുന്നത് എന്ത് ന്യായമാണെന്ന് മുഖപത്രം ചോദിക്കുന്നു.
പിണറായി വിജയനെ അറസ്റ്റ് ചെയ്യാൻ ഇഡിക്ക് ഒത്താശ പാടുന്ന പണി നിർത്തി പ്രതിപക്ഷ നേതാവിന്റെ ഉത്തരവാദിത്തങ്ങൾ നിറവേറ്റാനാണ് മാർക്സിസ്റ്റ് നേതാക്കൾ ആവശ്യപ്പെടുന്നത്. മുന്നണിയിലെ മറ്റ് നേതാക്കളായ അഖിലേഷ് യാദവും, തേജസ്വി യാദവും സഖ്യത്തിലെ ഭിന്നതകളിൽ കടുത്ത അതൃപ്തി അറിയിച്ചിട്ടുണ്ട്.
ഡിഎംകെയും ആം ആദ്മിയും മുന്നണി വിട്ടത് വലിയ തിരിച്ചടിയാണെന്ന് അഖിലേഷ് യാദവ് വിലയിരുത്തുമ്പോൾ, കോൺഗ്രസ് – ബിജെപി രഹസ്യ ധാരണയെക്കുറിച്ച് തേജസ്വി യാദവ് സംശയം പ്രകടിപ്പിച്ചു. മുന്നണി കക്ഷികളുടെ വിമർശനം വിഷം തൊണ്ട
തൊടാതെ വിഴുങ്ങിയ ശിവനെപ്പോലെ കോൺഗ്രസ് സഹിക്കുമെന്ന രാഹുൽ ഗാന്ധിയുടെ ഉപമയ്ക്ക് മറുപടിയായി, ‘ഇന്ത്യ’ മുന്നണിയിൽ അമൃതിന് പകരം വിഷം കടഞ്ഞെടുത്തത് ആരാണെന്ന് രാജ്യം കാണുന്നുണ്ടെന്ന് പറഞ്ഞാണ് ഡിഎംകെ മുഖപത്രം മുഖപ്രസംഗം അവസാനിപ്പിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

