അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വിലയിൽ ഇടിവുണ്ടായിട്ടും രാജ്യത്ത് പെട്രോൾ, ഡീസൽ വിലകളിൽ പെട്ടെന്നൊരു കുറവുണ്ടാകാൻ സാധ്യതയില്ലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എണ്ണക്കമ്പനികൾക്കുണ്ടായ സാമ്പത്തിക നഷ്ടം നികത്തേണ്ടതുള്ളതിനാൽ നിലവിലെ നിരക്കിൽ മാറ്റം വരുത്താൻ കമ്പനികൾ തയാറായേക്കില്ല.
എൽപിജി, എൽഎൻജി വിൽപനയിലും വലിയ നഷ്ടമാണ് കമ്പനികൾ നേരിടുന്നത്. വ്യോമയാന മേഖലയിലെ പ്രതിസന്ധി വിമാന ഇന്ധനവിലയിലുണ്ടായ വർധനവും സർവീസുകൾ വെട്ടിക്കുറയ്ക്കേണ്ടി വന്നതും ഇന്ത്യൻ വിമാനക്കമ്പനികളെ കടുത്ത പ്രതിസന്ധിയിലാക്കിയിരുന്നു.
ബ്രസീലിൽ സമാപിച്ച ഇന്റർനാഷനൽ എയർ ട്രാവൽ അസോസിയേഷൻ വാർഷിക യോഗത്തിൽ വിമാനക്കമ്പനികളുടെ ലാഭത്തിൽ വലിയ ഇടിവുണ്ടാകുമെന്ന ആശങ്ക പങ്കുവെച്ചിരുന്നു. ഇതിന്റെ ഭാഗമായി അമേരിക്കയിൽ ഡെൽറ്റ വിമാനക്കമ്പനി പ്രവർത്തനം നിർത്തിവെച്ചു.
സാധാരണയായി ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള സീസണുകളിൽ വിമാനയാത്രക്കാരുടെ എണ്ണം കൂടാറുണ്ട്. എന്നാൽ ഇത്തവണ അവധിക്കാല യാത്രകൾ കുറഞ്ഞത് ആഭ്യന്തര സർവീസുകളെ പ്രതികൂലമായി ബാധിച്ചു.
പല കമ്പനികളും തങ്ങളുടെ ആഭ്യന്തര സർവീസുകളിൽ 25% വരെ വെട്ടിക്കുറച്ചിട്ടുണ്ട്. ഫെബ്രുവരി 28 മുതൽ ഗൾഫ് പ്രതിസന്ധിയെത്തുടർന്ന് വ്യോമയാന മേഖല കടുത്ത തിരിച്ചടി നേരിട്ടിരുന്നു.
പാക്കിസ്ഥാന്റെ വ്യോമപാത അടച്ചത് ഇന്ത്യൻ കമ്പനികളുടെ പ്രവർത്തനത്തെയും ബാധിച്ചിട്ടുണ്ട്. ഇന്ധനവിലയിൽ ആശ്വാസം ലഭിച്ചാൽ മാത്രമേ സർവീസുകൾ പഴയ നിലയിലേക്ക് പുനഃസ്ഥാപിക്കാൻ സാധിക്കൂ എന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഗൾഫ് പ്രതിസന്ധി ഒഴിഞ്ഞാലും വിമാനയാത്രച്ചെലവ് ഉടൻ കുറയുകയില്ല. വിതരണ സംവിധാനം സാധാരണ നിലയിലാകാൻ സമയമെടുക്കും എന്നതിനാലാണ് ഇന്ധന സർചാർജ് പിൻവലിക്കാൻ വൈകുന്നത്.
വ്യവസായ മേഖലയിലെ പ്രത്യാഘാതങ്ങൾ ക്രൂഡോയിൽ ലഭ്യത സുഗമമാകുന്നത് മരുന്ന്, പ്ലാസ്റ്റിക്, പെയ്ന്റ് വ്യവസായ മേഖലകൾക്ക് ഉണർവേകുമെന്ന് പ്രതീക്ഷിക്കുന്നു. യുദ്ധം തുടങ്ങിയതു മുതൽ നിർത്തിവെച്ചിരുന്ന എൽഎൻജി വിതരണം പുനരാരംഭിക്കുന്നത് ഈ മേഖലയ്ക്ക് ആശ്വാസമാകും.
വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ നേരിയ കുറവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഹോട്ടൽ, റസ്റ്ററന്റ് മേഖല. അവശ്യവസ്തുക്കളുടെ ലഭ്യതക്കുറവ് കാരണം രാസവള നിർമാണമേഖലയും പ്രതിസന്ധിയിലായിരുന്നു.
ഹോർമുസ് കടലിടുക്ക് അടച്ച സാഹചര്യത്തിൽ മറ്റു മാർഗങ്ങളിലൂടെ യൂറിയ ഉൾപ്പെടെയുള്ളവ ഉയർന്ന വിലയ്ക്ക് ഇറക്കുമതി ചെയ്താണ് അടുത്ത സീസണിലേക്കുള്ള വളം ലഭ്യത കേന്ദ്ര സർക്കാർ ഉറപ്പാക്കാൻ ശ്രമിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

