അമേരിക്കയും ഇറാനും തമ്മിൽ നിലനിൽക്കുന്ന നയതന്ത്ര ധാരണകൾ ആഗോളതലത്തിൽ വലിയ പ്രതീക്ഷകൾ നൽകുന്നുണ്ടെങ്കിലും, അവ നടപ്പിലാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ ആശങ്ക ഉയർത്തുന്നുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര താൽപ്പര്യങ്ങളും, അതിർത്തികൾക്ക് അപ്പുറത്തുള്ള സ്വാധീനമേഖലകളിലെ ഇടപെടലുകളുമാണ് നിലവിലെ സാഹചര്യത്തിൽ പ്രധാന വെല്ലുവിളികൾ.
ഹോർമൂസ് കടലിടുക്ക് വിഷയത്തിൽ ഇറാൻ സ്വീകരിക്കുന്ന നിലപാട് അന്താരാഷ്ട്ര വ്യാപാരത്തെ ബാധിച്ചേക്കാം. തങ്ങൾ ഈടാക്കുന്നത് ടോൾ അല്ലെന്നും മറിച്ച് സർവീസ് ചാർജ് മാത്രമാണെന്നും ഇറാൻ വിശദീകരിക്കുമ്പോൾ, ഈ കടലിടുക്ക് ഇറാന്റെ പരമാധികാരത്തിന് കീഴിലാണെന്ന വാദം ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങൾ അംഗീകരിക്കുന്നില്ല.
ഇത്തരം നിലപാടുകൾ ഭാവിയിൽ മലാക്ക, സൂയസ് കനാൽ, പാനമ കനാൽ, തർക്കിഷ് കടലിടുക്ക്, ബാബ് അൽ മന്ദബ് തുടങ്ങി ലോകത്തെ മറ്റ് എട്ട് പ്രധാന ജലപാതകളിലേക്കും വ്യാപിപ്പിക്കാൻ സാധ്യതയുണ്ടെന്നും ഇത് ആഗോള ചരക്ക് നീക്കത്തെ ഗുരുതരമായി ബാധിക്കുമെന്നും വിദഗ്ധർ വിലയിരുത്തുന്നു. ഇസ്രയേലിന്റെ സുരക്ഷാ ആശങ്കകളും ഈ വിഷയത്തിൽ നിർണായകമാണ്.
പലസ്തീൻ, സിറിയ, ലബനൻ, ഇറാഖ് തുടങ്ങിയ മേഖലകളിൽ ഇറാൻ പിന്തുണയ്ക്കുന്ന ശക്തികളുടെ സാന്നിധ്യം നിലനിൽക്കുന്നു. ഗാസയിലെ ഹമാസ്, ലബനനിലെ ഹിസ്ബുള്ള, യമനിലെ ഹൂത്തികൾ എന്നിവരുമായി ബന്ധപ്പെട്ട് ഇസ്രയേൽ അതീവ ജാഗ്രതയിലാണ്.
സിറിയയിലും ഗാസയിലും ലബനനിലും നിന്ന് പിന്നോട്ട് പോകാൻ തങ്ങൾ തയാറല്ലെന്ന് ഇസ്രയേൽ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. മിസൈൽ സാങ്കേതികവിദ്യ നിയന്ത്രിക്കുന്നതിനെക്കുറിച്ചോ, മറ്റ് പ്രാദേശിക ശക്തികൾക്ക് നൽകുന്ന പിന്തുണയെക്കുറിച്ചോ നിലവിലെ കരാറിൽ വ്യക്തമായ ധാരണകളില്ലാത്തത് ഇസ്രയേലിനെ സംബന്ധിച്ചിടത്തോളം വലിയൊരു വീഴ്ചയാണ്.
ആണവ പദ്ധതികളുടെ കാര്യത്തിലും അവ്യക്തത തുടരുന്നു. യുറേനിയം ശേഖരം നശിപ്പിക്കണമെന്ന അമേരിക്കയുടെ ആവശ്യം ഇറാൻ ഇതുവരെ അംഗീകരിച്ചിട്ടില്ല.
അതേസമയം, ഉപരോധങ്ങൾ നീങ്ങുന്നതോടെ എണ്ണ വിപണിയിൽ ഇറാൻ സജീവമാവുകയും, ഏകദേശം 30,000 കോടി ഡോളർ ഇറാന്റെ ഖജനാവിലേക്ക് എത്തുകയും ചെയ്യും. ഈ സാമ്പത്തിക ശക്തി കൈവരുന്നതോടെ ഗൾഫ് മേഖലയോടുള്ള ഇറാന്റെ സമീപനം എങ്ങനെയായിരിക്കും എന്നത് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്ന ഒന്നാണ്.
മേഖലയിൽ നിന്നും അമേരിക്ക തങ്ങളുടെ സൈനിക സാന്നിധ്യം പിൻവലിക്കുമോ എന്ന ചോദ്യത്തിന് കാലം നൽകുന്ന ഉത്തരത്തിനായി ലോകം കാത്തിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

