കാക്കനാട്: ആറു പതിറ്റാണ്ടിലേറെയായി നീണ്ടുനിന്ന കിഴക്കമ്പലം മലയിടംതുരുത്ത് പര്യത്ത്കാവ് ഉന്നതിയിലെ ഭൂമി തർക്കത്തിന് അറുതിയായി. ഹൈക്കോടതി നിശ്ചയിച്ച സമയപരിധി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ്, തർക്കത്തിൽ ഉൾപ്പെട്ട
ദളിത് കുടുംബങ്ങളും ഭൂവുടമകളും സർക്കാരും തമ്മിൽ നിർണ്ണായകമായ ഒത്തുതീർപ്പ് കരാറിൽ ഒപ്പുവെച്ചത്. എറണാകുളം കളക്ടറേറ്റ് അങ്കണത്തിൽ വെച്ചാണ് ഇതുസംബന്ധിച്ച ഔദ്യോഗിക ധാരണാപത്രം കൈമാറിയത്.
ഉന്നത വിദ്യാഭ്യാസ മന്ത്രിയും കുന്നത്തുനാട് എംഎൽഎയും ഈ ഒത്തുതീർപ്പ് ചർച്ചകൾക്ക് സാക്ഷ്യം വഹിച്ചു. കരാറിലെ നടപടിക്രമങ്ങൾ നിയമപരമായി മുന്നോട്ട് കൊണ്ടുപോകുന്നതിന് അഡ്വക്കേറ്റ് ജനറലിന്റെ സഹായം തേടുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.
കരാറിൽ വ്യവസ്ഥ ചെയ്തിരിക്കുന്ന കാര്യങ്ങൾ വേഗത്തിൽ നടപ്പിലാക്കുമെന്നും, ഇതിന്റെ മേൽനോട്ടം വഹിക്കുന്ന ആർഡിഒയും ഡിവൈഎസ്പിയും ഓരോ വെള്ളിയാഴ്ചയും പുരോഗതി റിപ്പോർട്ട് സമർപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പതിറ്റാണ്ടുകൾ നീണ്ട
പ്രശ്നത്തിന് പരിഹാരം കാണാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് കുന്നത്തുനാട് എംഎൽഎ വി.പി. സജീന്ദ്രൻ പ്രതികരിച്ചു.
“ആരുടേയും കണ്ണീർ വീഴാതെ പരിഹരിക്കണം എന്നായിരുന്നു ആഗ്രഹമെന്നും അത് സാധിച്ചുവെന്നും” അദ്ദേഹം കൂട്ടിച്ചേർത്തു. കരാർ പ്രകാരമുള്ള നടപടികൾ പൂർത്തിയാക്കാൻ ഒരു വർഷമാണ് സമയം നിശ്ചയിച്ചിരിക്കുന്നത്.
വീടുകളുടെ നിർമ്മാണം കൂടി പൂർത്തിയാകുന്നതോടെ മാത്രമേ ഈ ദൗത്യം പൂർണ്ണമാകൂ എന്നും അദ്ദേഹം പറഞ്ഞു. തർക്കത്തിലായിരുന്ന ഭൂമിയിൽ നിന്ന് തന്നെ ഏഴ് കുടുംബങ്ങൾക്കും അഞ്ച് സെന്റ് വീതം ഭൂമി വിട്ടുനൽകാൻ ഭൂവുടമ സമ്മതിച്ചിട്ടുണ്ട്.
ഈ സ്ഥലങ്ങളിൽ ഒരു വർഷത്തിനുള്ളിൽ സർക്കാർ മുൻകൈ എടുത്ത് 1000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീടുകൾ നിർമ്മിച്ച് നൽകും. സ്പോൺസർഷിപ്പ് വഴിയാകും ഇതിനുള്ള തുക കണ്ടെത്തുക.
വീടുകൾ നിർമ്മിക്കുന്നത് വരെ കുടുംബങ്ങൾക്ക് നിലവിലെ വസതികളിൽ തുടരാം. കൂടാതെ, അനുവദിക്കപ്പെട്ട
സ്ഥലത്തെ മരങ്ങൾ മുറിച്ചു മാറ്റുന്നതിനോ മാറ്റി നടുന്നതിനോ കുടുംബങ്ങൾക്ക് അവകാശമുണ്ടാകും. പഞ്ചായത്ത് വഴി പുതിയ പ്ലോട്ടുകളിലേക്കുള്ള റോഡ് സൗകര്യവും ഉറപ്പാക്കും.
പരേതനായ ശങ്കരൻ നായരുടെ കുടുംബവും തലമുറകളായി അവിടെ താമസിക്കുന്ന ഏഴ് ദളിത് കുടുംബങ്ങളും തമ്മിലായിരുന്നു വർഷങ്ങളായി നിയമപോരാട്ടം നടന്നിരുന്നത്. ഒടുവിൽ കോടതി വിധി ഭൂവുടമയ്ക്ക് അനുകൂലമാകുകയും, രണ്ടാഴ്ചയ്ക്കകം കുടിയൊഴിപ്പിക്കൽ നടപടികൾ പൂർത്തിയാക്കാൻ ഹൈക്കോടതി സർക്കാരിനോട് നിർദേശിക്കുകയും ചെയ്തിരുന്നു.
ഈ സാഹചര്യത്തിലാണ് സർക്കാർ ഇടപെടലിലൂടെ രമ്യമായ പരിഹാരം ഉണ്ടായത്. സർക്കാരിന്റെ അനുകൂലമായ നിലപാടാണ് പ്രശ്നപരിഹാരത്തിന് വഴിയൊരുക്കിയതെന്ന് ശങ്കരൻ നായരുടെ കുടുംബം പ്രതികരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

