ലക്നൗ സൂപ്പർ ജയന്റ്സ് താരം ആകാശ് സിംഗ് ഐപിഎൽ മത്സരത്തിനിടെ നടത്തിയ ആഘോഷപ്രകടനം ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയാകുന്നു. ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിൽ വിക്കറ്റുകൾ വീഴ്ത്തിയ ശേഷം പോക്കറ്റിൽ നിന്ന് ചെറിയ കടലാസ് തുണ്ടുകൾ പുറത്തെടുത്ത് ക്യാമറയ്ക്ക് മുന്നിൽ കാണിച്ച രീതിക്കെതിരെ മുൻ താരങ്ങളായ അംബാട്ടി റായുഡുവും ഡെയ്ൽ സ്റ്റെയ്നും രംഗത്തെത്തി.
ചെന്നൈ നായകൻ റുതുരാജ് ഗെയ്ക്വാദ്, സഞ്ജു സാംസൺ എന്നിവരെ പുറത്താക്കിയ ശേഷമായിരുന്നു ആകാശ് സിംഗിന്റെ ഈ നടപടി. ‘ഒരു ടി20 മത്സരത്തിൽ എങ്ങനെ വിക്കറ്റുകൾ വീഴ്ത്തണമെന്ന് ആകാശിന് നന്നായറിയാം’ എന്നെഴുതിയ കുറിപ്പുകളാണ് താരം പുറത്തെടുത്തത്.
ഈ പ്രവണത ബിസിസിഐ ഉടൻ നിരോധിക്കണമെന്ന് ക്രിക്ഇൻഫോയുടെ ‘ടൈംഔട്ട്’ ഷോയിൽ സംസാരിക്കവെ അംബാട്ടി റായുഡു ആവശ്യപ്പെട്ടു. “ഈ ചീട്ട് ബിസിനസ്സ് ബിസിസിഐ നിരോധിക്കണം.
ഇത് വെറും വിവരക്കേടാണ്. കളിയിലേക്ക് ഇത്തരം കടലാസുകൾ കൊണ്ടുവരാൻ താരങ്ങൾക്ക് അനുവാദമുണ്ടോ എന്ന് തന്നെ എനിക്കറിയില്ല.
‘ഇന്ന് ഞാൻ ടിവിക്ക് മുന്നിൽ ഇതുകൂടി കാണിച്ചാൽ ആളുകൾ എന്നെ മാസ്സ് ആയി കരുതും’ എന്ന് ഏത് നിമിഷത്തിലാണ് അവന് തോന്നിയത് എന്ന് എനിക്കറിയണം. ഇത് നല്ലൊരു ആശയമാണെന്ന് പറഞ്ഞ് അവനെ പ്രോത്സാഹിപ്പിച്ച കൂട്ടുകാർ ആരാണെന്നും അറിയണം.
ചിലർക്കിത് തമാശയായി തോന്നാമെങ്കിലും ഇത് വെറും അസംബന്ധമാണ്” എന്നും റായുഡു വ്യക്തമാക്കി. മുൻ ന്യൂസിലൻഡ് പേസർ മിച്ചൽ മക്ക്ലനാഗനും ഈ പ്രവണതയെ വിമർശിച്ചു.
യുവതാരങ്ങൾ കളിക്കളത്തിലെ പ്രകടനത്തിലല്ല, മറിച്ച് ഇത്തരം നാടകീയമായ ആഘോഷങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ദക്ഷിണാഫ്രിക്കൻ ഇതിഹാസം ഡെയ്ൽ സ്റ്റെയ്നും എക്സ് പ്ലാറ്റ്ഫോമിലൂടെ തന്റെ വിയോജിപ്പ് അറിയിച്ചു.
“Time to put the papers away. It ain’t trending no more.
Actually, to be honest, never really was.” എന്നായിരുന്നു സ്റ്റെയ്ന്റെ പ്രതികരണം. അതേസമയം, തന്റെ ആഘോഷത്തെ ന്യായീകരിച്ച് ആകാശ് സിംഗ് തന്നെ രംഗത്തെത്തി.
ഐപിഎൽ പങ്കുവെച്ച വീഡിയോയിൽ, ഈ കുറിപ്പുകൾ തനിക്ക് കളിക്കളത്തിൽ വലിയ ആത്മവിശ്വാസവും പ്രചോദനവുമാണ് നൽകുന്നതെന്നും ഇതിന് പിന്നിൽ പ്രത്യേക കാരണങ്ങളൊന്നുമില്ലെന്നും താരം വ്യക്തമാക്കി. മത്സരത്തിൽ 26 റൺസ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ ആകാശ് സിംഗിന്റെ പ്രകടനം ലക്നൗവിന് മത്സരത്തിൽ മുൻതൂക്കം നൽകിയിരുന്നു.
മിച്ചൽ മാർഷിന്റെ തകർപ്പൻ ബാറ്റിംഗ് മികവിൽ ലക്നൗ വിജയം സ്വന്തമാക്കുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

