പാചകവാതക വിലയിലുണ്ടായ വർധനയ്ക്ക് പിന്നാലെ ഇന്ധനവില കൂടി കുതിച്ചുയർന്നത് സാധാരണക്കാരന്റെ ബജറ്റിനെ താളംതെറ്റിക്കുന്നു. നിത്യോപയോഗ സാധനങ്ങളുടെ വിലയിലുണ്ടാകുന്ന വർധനവ് സാമ്പത്തിക ഭദ്രതയെ ഗുരുതരമായി ബാധിക്കുമെന്ന ആശങ്കയിലാണ് ജനങ്ങൾ.
പാചകവാതക വിലവർധനയെത്തുടർന്ന് ഹോട്ടലുകളിൽ ഭക്ഷണസാധനങ്ങളുടെ നിരക്ക് വർധിപ്പിച്ചു കഴിഞ്ഞു. ചായയ്ക്കും കാപ്പിക്കും 20 ശതമാനം വരെ വിലയാണ് വർധിപ്പിച്ചിരിക്കുന്നത്.
ചെറുകടികളിലും വില വർധനവ് പ്രകടമാണ്. ഇന്ധനവില വർധിച്ചതോടെ അവശ്യവസ്തുക്കളുടെ വിലയും കുത്തനെ ഉയരാൻ സാധ്യതയുണ്ട്.
പരിപ്പ്, ചെറുപയർ തുടങ്ങിയ ധാന്യങ്ങൾ മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിൽ നിന്നും വലിയുള്ളി നാസിക്കിൽ നിന്നും കേരളത്തിലേക്ക് എത്തുന്നു. അരി, പച്ചക്കറികൾ എന്നിവ അയൽസംസ്ഥാനങ്ങളായ ആന്ധ്ര, കർണാടക, തമിഴ്നാട്, ബംഗാൾ, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും വരുന്നത്.
ഗതാഗത ചെലവിലുണ്ടാകുന്ന വർധനവ് ഈ സാധനങ്ങളുടെ ചില്ലറ വിപണന വിലയെയും ബാധിക്കും. നിർമാണ സാമഗ്രികൾ ഉൾപ്പെടെയുള്ളവ ഇതരസംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവയായതിനാൽ അവയുടെ വിലയിലും വർധനവുണ്ടാകും.
തൊഴിലാളികളുടെ കൂലി വർധിപ്പിക്കേണ്ട സാഹചര്യവും കൂടി വരുന്നതോടെ നിർമാണ മേഖലയിൽ ചെലവ് 25 ശതമാനത്തിലേറെ ഉയരാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു.
ജീവിത സാഹചര്യങ്ങളെക്കുറിച്ച് കെ.വി. ഗീത, കക്കോടി (നഗരത്തിലെ സ്ഥാപനത്തിലെ ജീവനക്കാരി) വ്യക്തമാക്കിയത് ഇങ്ങനെ: ”രാവിലെ ജോലിക്കു പോകും മുൻപു വീട്ടിലെ പാചകം പൂർത്തിയാക്കണം.
അതിനാൽ വിറകടുപ്പു പ്രായോഗികമല്ല. ഇപ്പോൾ വിറകു കിട്ടാനുമില്ല.
പാചകവാതക ലഭ്യതക്കുറവും പ്രശ്നമാണ്. ഒരു സിലിണ്ടർ 20 മുതൽ 30 ദിവസം വരെയാണ് ഉണ്ടാകുക.
നിലവിലെ നിയന്ത്രണം കാരണം ഒരു സിലിണ്ടർ ലഭിച്ചു 45 ദിവസം കഴിഞ്ഞാലേ അടുത്ത സിലിണ്ടർ കിട്ടൂ. ഒരു സിലിണ്ടർ മാത്രം ഉള്ളവർ എന്തു ചെയ്യും ? ഇന്ധന വിലവർധന കാരണം നിത്യോപയോഗ സാധനങ്ങളുടെ വില വർധിച്ചാൽ അതും സാധാരണക്കാരന്റെ ജീവിതത്തെ ബാധിക്കും.” ഗതാഗത മേഖലയിലുള്ളവരും കടുത്ത പ്രതിസന്ധിയിലാണ്.
ഫാസിൽ (വെള്ളിമാടുകുന്ന്, ഓട്ടോ ഡ്രൈവർ) അഭിപ്രായപ്പെട്ടത് ഇപ്രകാരമാണ്: ”പാചകവാതക, ഇന്ധന വിലവർധന നിത്യജീവിതത്തെ ബാധിക്കും. വിലക്കയറ്റം ഉണ്ടാകും.
എല്ലാ മേഖലകളിലും ഉണ്ടാകുന്ന ബുദ്ധിമുട്ട് തീർച്ചയായും ഓട്ടോ ഡ്രൈവർമാരെയും ബാധിക്കും. ഓട്ടോറിക്ഷ ഡ്രൈവർമാരുടെ വരുമാനത്തിന്റെ നല്ലൊരു ശതമാനം നേരത്തേ തന്നെ ഇന്ധന ചെലവിലേക്ക് പോയിരുന്നു.
അതിപ്പോൾ വീണ്ടും വർധിച്ചു.”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

