വാഹന ഉടമകള്‍ക്ക് തങ്ങളുടെ ഇന്‍ഷുറന്‍സ് പ്രീമിയം തുകയില്‍ ഗണ്യമായ കുറവ് വരുത്താന്‍ സഹായിക്കുന്ന സുപ്രധാന ആനുകൂല്യമാണ് ‘നോ ക്ലെയിം ബോണസ്’ അഥവാ എൻസിബി. പോളിസി കാലയളവിൽ അപകടങ്ങളോ മറ്റ് കേടുപാടുകളോ സംഭവിച്ച് ക്ലെയിം ഉന്നയിക്കാത്ത പക്ഷം കമ്പനികൾ പോളിസി ഉടമയ്ക്ക് നൽകുന്ന പ്രതിഫലമാണിത്.
ഇത് കൃത്യമായി പ്രയോജനപ്പെടുത്തിയാൽ ഇൻഷുറൻസ് പ്രീമിയം തുകയുടെ പകുതിയോളം ലാഭിക്കാൻ സാധിക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. **എന്താണ് നോ ക്ലെയിം ബോണസ്?**
വാഹന ഇൻഷുറൻസ് പുതുക്കുമ്പോൾ ‘ഓൺ ഡാമേജ്’ പ്രീമിയത്തിൽ ലഭിക്കുന്ന കിഴിവാണിത്.
തുടർച്ചയായ ആദ്യ വർഷം ക്ലെയിം ഉന്നയിച്ചിട്ടില്ലെങ്കിൽ പ്രീമിയത്തിൽ 20 ശതമാനം ഇളവ് ലഭിക്കുന്നു. ക്ലെയിം രഹിത വർഷങ്ങൾ തുടരുകയാണെങ്കിൽ ഈ ആനുകൂല്യം അഞ്ച് വർഷം വരെ 50 ശതമാനം വരെ വർധിക്കും.
ഉദാഹരണത്തിന്, 35,000 രൂപ പ്രീമിയമുള്ള ഒരു വാഹനത്തിന്, ആദ്യ ക്ലെയിം രഹിത വർഷത്തിന് ശേഷം 7,000 രൂപയുടെ കുറവ് ലഭിക്കുന്നു. അഞ്ച് വർഷം തുടർച്ചയായി ക്ലെയിം ഒഴിവാക്കിയാൽ 17,500 രൂപ വരെ ലാഭിക്കാൻ സാധിക്കും.
**ഉടമയ്ക്ക് മുൻഗണന**
വാഹനത്തിനല്ല, മറിച്ച് ഉടമയ്ക്കാണ് എൻസിബി ലഭിക്കുന്നത് എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. അതിനാൽ, പഴയ വാഹനം വിൽക്കുമ്പോഴോ പുതിയത് വാങ്ങുമ്പോഴോ ഈ ബോണസ് പുതിയ വാഹനത്തിലേക്ക് മാറ്റാൻ ഉടമയ്ക്ക് അവകാശമുണ്ട്.
കമ്പനികൾ മാറിയാലും ഈ ആനുകൂല്യം ലഭ്യമാകും. **ശ്രദ്ധിക്കേണ്ട
നിർദേശങ്ങൾ**
* **ഐഡിവിയും എൻസിബിയും:** വാഹനത്തിന്റെ വിപണി മൂല്യമാണ് ഐഡിവി (IDV). എൻസിബി ലഭിക്കുന്നത് വാഹനത്തിന്റെ മൂല്യത്തെയല്ല, മറിച്ച് അടയ്ക്കേണ്ട
പ്രീമിയത്തെയാണ് ബാധിക്കുന്നത്.
* **90 ദിവസത്തെ നിയമം:** ഇൻഷുറൻസ് കാലാവധി അവസാനിച്ചാൽ 90 ദിവസത്തിനുള്ളിൽ അത് പുതുക്കിയില്ലെങ്കിൽ ബോണസ് ആനുകൂല്യം പൂർണ്ണമായും നഷ്ടപ്പെടും.
* **മോഷണം:** വാഹനം മോഷണം പോകുകയും പോളിസി തുക ക്ലെയിം ചെയ്യുകയും ചെയ്താൽ എൻസിബി പൂജ്യമാകും.
* **ചെറിയ ക്ലെയിമുകൾ:** ചെറിയ തുകയ്ക്കുള്ള റിപ്പയറുകൾക്കായി ഇൻഷുറൻസിനെ ആശ്രയിക്കുന്നത് പലപ്പോഴും ദീർഘകാലാടിസ്ഥാനത്തിൽ നഷ്ടമുണ്ടാക്കും. പഴയ വാഹനം വിൽക്കുമ്പോൾ ഇൻഷുറൻസ് കമ്പനിയെ വിവരം അറിയിച്ച് ‘എൻസിബി റിട്ടെൻഷൻ സർട്ടിഫിക്കറ്റ്’ കൈപ്പറ്റണം.
വാഹനം വാങ്ങുന്നയാൾക്ക് നിങ്ങളുടെ ബോണസ് ആനുകൂല്യം കൈമാറ്റം ചെയ്യപ്പെടില്ല. നിലവിൽ പല കമ്പനികളും നൽകുന്ന ‘എൻസിബി പ്രൊട്ടക്ട്’ എന്ന ആഡ്-ഓൺ പരിരക്ഷ ഉപയോഗിച്ചാൽ, ഒരു തവണ ക്ലെയിം ചെയ്താലും ബോണസ് പൂർണ്ണമായും നഷ്ടപ്പെടുന്നത് ഒഴിവാക്കാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

