കുറിയർ സർവീസ് മുഖേന വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നും കൊല്ലത്തേക്ക് ലഹരിമരുന്ന് എത്തിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. കൊല്ലം പട്ടത്താനം മൈത്രി നഗർ–23 ശാന്ത ഭവനിൽ വിഷ്ണുലാൽ (32) എന്നയാളെയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡായ ഡാൻസാഫ് സംഘം അറസ്റ്റ് ചെയ്തത്.
ഇയാളിൽനിന്നും ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ, ഓലയിൽക്കടവിലുള്ള സുഹൃത്ത് പ്രണവിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ 101.07 ഗ്രാം തൂക്കം വരുന്ന 177 എംഡിഎംഎ ഗുളികകൾ കണ്ടെടുത്തു. ഇവ അതീവ തീവ്രതയുള്ള പുതിയ ഇനം ലഹരിമരുന്നാണെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
കളിപ്പാട്ടങ്ങൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി ഗുളികകൾ കുറിയർ പാക്കറ്റിൽ ഉണ്ടായിരുന്നത്. ഇൻഡോറിൽനിന്നു ടൂറിസ്റ്റ് ബസിൽ ലഹരിമരുന്നുമായി വിഷ്ണുലാൽ കൊല്ലത്തേക്ക് വരുന്നുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് കടപ്പാക്കടയിൽ വെച്ചാണ് ഡാൻസാഫ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്.
തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് ലഹരിമരുന്ന് കുറിയർ വഴി പ്രണവിന്റെ വീട്ടിലേക്ക് അയച്ച വിവരം ഇയാൾ വെളിപ്പെടുത്തിയത്. എൻജിനീയറിങ് വിദ്യാർഥിയായ പ്രണവ് കഴിഞ്ഞ ദിവസം മാതാപിതാക്കൾക്കൊപ്പം ബഹ്റൈനിലേക്ക് പോയിരുന്നു.
ഈ സാഹചര്യം മുതലെടുത്താണ് വിഷ്ണുലാൽ ലഹരിമരുന്ന് പ്രണവിന്റെ വീട്ടിലേക്ക് അയച്ചത്. പ്രണവിന്റെ വീട്ടുകാർ അറിയാതെയാണ് ഇരുവരും ചേർന്ന് ഇത്തരം ഇടപാടുകൾ നടത്തിയിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി.
ഇതര സംസ്ഥാനങ്ങളിൽനിന്ന് വിഷ്ണുലാൽ അയക്കുന്ന ലഹരിമരുന്ന് പ്രണവിന്റെ വിലാസത്തിൽ സ്വീകരിച്ചശേഷം ഇരുവരും ചേർന്ന് വിൽപന നടത്തുന്നതാണ് ഇവരുടെ രീതി. കുറച്ചു നാളുകളായി വിഷ്ണുലാൽ ഡാൻസാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.
സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്ന് സിറ്റി പൊലീസ് കമ്മിഷണർ എം.ഹേമലത അറിയിച്ചു. എസ്ഐമാരായ വിനോദ്, മിഥുൻ, കണ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

