കാക്കനാട് കിൻഫ്ര രാജ്യാന്തര എക്സിബിഷൻ കേന്ദ്രത്തിൽ സംഘടിപ്പിച്ചിരിക്കുന്ന ‘ഫൂഡ് ആൻഡ് ബേക്ക് ടെക് എക്സ്പോ 2026’ ഭക്ഷ്യ സംസ്കരണ മേഖലയ്ക്ക് വലിയ ഉത്തേജനമാകുമെന്ന് തൃക്കാക്കര എംഎൽഎ ഉമ തോമസ് അഭിപ്രായപ്പെട്ടു. പ്രദർശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
നിലവിൽ ഭക്ഷ്യ സംസ്കരണ രംഗം കടുത്ത പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. വർധിച്ചുവരുന്ന എൽപിജി വിലയും അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റവും കാരണം ഹോട്ടലുകൾക്കും ബേക്കറികൾക്കും പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകാൻ ബുദ്ധിമുട്ടനുഭവപ്പെടുന്നുണ്ട്.
ഈ സാഹചര്യത്തിൽ, നൂതന സാങ്കേതികവിദ്യകളും മെഷിനറികളും ഉൾപ്പെടുത്തി സംഘടിപ്പിച്ചിരിക്കുന്ന ഈ എക്സിബിഷൻ സംരംഭകർക്ക് വലിയ ആത്മവിശ്വാസം നൽകുമെന്ന് ഉമ തോമസ് വ്യക്തമാക്കി. 150-ഓളം സ്റ്റാളുകളിലായി ഭക്ഷ്യ സംസ്കരണ രംഗത്തെ അത്യാധുനിക യന്ത്രസാമഗ്രികൾ ഇവിടെ അണിനിരത്തിയിട്ടുണ്ട്.
ഭക്ഷ്യ, ബേക്കറി, ഹോസ്പിറ്റാലിറ്റി മേഖലയിലെ പരിഷ്കാരങ്ങൾ ലക്ഷ്യമിട്ടുള്ള പ്രദർശനത്തിൽ സംരംഭങ്ങൾ തുടങ്ങാനും നിലവിലുള്ളവ വിപുലീകരിക്കാനും ആവശ്യമായ മാർഗനിർദേശങ്ങളും ഉപകരണങ്ങളും ഒരുകുടക്കീഴിൽ ലഭ്യമാണ്. ലോകത്തിലെ ഏറ്റവും ചെറിയ മുറുക്ക് മെഷീൻ മുതൽ വമ്പൻ ഇൻഡസ്ട്രിയൽ ചില്ലറുകൾ വരെയും, സമോസ, മോമോസ്, അച്ചപ്പം, കുഴലപ്പം, ഉഴുന്നുവട
എന്നിവ നിർമിക്കുന്ന ഹൈടെക് ഓട്ടമാറ്റിക് മെഷീനുകളും ഇവിടെ പ്രദർശനത്തിനുണ്ട്. കൂടാതെ കറി പൗഡറുകൾ, ഡയറി ഉൽപന്നങ്ങൾ, ഫ്രോസൻ ഫുഡ് തുടങ്ങിയ സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്.
ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കായി മാർഗനിർദേശങ്ങൾ നൽകുന്ന പവിലിയന് പുറമെ, ബ്രാൻഡിങ്, ബില്ലിങ് സോഫ്റ്റ്വെയർ, ഫൂഡ് ഫൊട്ടോഗ്രഫി, ബാങ്കിങ് സഹായം എന്നിവയ്ക്കും ഇവിടെ സൗകര്യമുണ്ട്. ബേക്ക് വൺ, കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ, ഓൾ കേരള ഡിസ്ട്രിബ്യൂഷൻ അസോസിയേഷൻ, ഓൾ കേരള കേറ്ററേഴ്സ് അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് മേള നടക്കുന്നത്.
പ്രദർശനം 17-ന് സമാപിക്കും. രാവിലെ 10 മുതൽ വൈകിട്ട് 7 വരെയാണ് പ്രവേശനം.
പൂർണമായും സൗജന്യമാണ്. കളമശേരി മെട്രോ സ്റ്റേഷനിൽ നിന്ന് പ്രദർശന നഗരിയിലേക്ക് ഒരു മണിക്കൂർ ഇടവിട്ട് സൗജന്യ പിക്ക് ആൻഡ് ഡ്രോപ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
വിവരങ്ങൾക്ക് www.quickerala.com/events/ സന്ദർശിക്കുകയോ +91 8129905333 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

