കൊല്ലം കണ്ണനല്ലൂരിൽ അർധരാത്രിയിൽ വീടിന് തീയിടാൻ ശ്രമം നടന്നു. കണ്ണനല്ലൂർ നോർത്ത് വാർഡിൽ ചരുവിള പുത്തൻവീട്ടിൽ അൻസർഖാന്റെ വീടിനു നേരെയാണ് സമൂഹവിരുദ്ധരുടെ ആക്രമണമുണ്ടായത്.
വീടിനോടു ചേർന്ന് കാർ പോർച്ചിൽ സൂക്ഷിച്ചിരുന്ന സ്കൂട്ടർ പൂർണ്ണമായും കത്തിനശിച്ചു. സംഭവത്തിൽ വീടിന്റെ മുൻഭാഗത്തെ കതകും ഫാനും സ്കൂട്ടറിൽ സൂക്ഷിച്ചിരുന്ന പാൻകാർഡ്, എ.ടി.എം.കാർഡ്, ലൈസൻസുമടക്കം കത്തിനശിച്ചിട്ടുണ്ട്.
കൂടാതെ വീടിന്റെ ഭിത്തികൾക്കും സിറ്റൗട്ടിനും കാര്യമായ കേടുപാടുകൾ സംഭവിച്ചു. ബുധനാഴ്ച പുലർച്ചെ രണ്ടരയോടെയായിരുന്നു ഈ അതിക്രമം അരങ്ങേറിയത്.
തീ ആളിപ്പടരുന്നത് കണ്ട് ഭയന്നോടിയ വീട്ടിലുള്ളവർ കൃത്യസമയത്ത് പുറത്തേക്ക് ഇറങ്ങിയതിനാൽ വലിയ ദുരന്തം ഒഴിവായി. ഉടൻതന്നെ അഗ്നിരക്ഷാസേനയെത്തി തീയണക്കുകയായിരുന്നു.
വിവരമറിഞ്ഞ് കണ്ണനല്ലൂർ എസ്.എച്ച്.ഒ. അഭിലാഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവസ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
ഈ മേഖലയിൽ രാത്രികാലങ്ങളിൽ മയക്കുമരുന്നുസംഘങ്ങളുടെ ശല്യം രൂക്ഷമാണെന്നാണ് പ്രദേശവാസികളുടെ പ്രധാന പരാതി. സംഭവസ്ഥലം സന്ദർശിച്ച ഡി.സി.സി.
സെക്രട്ടറി ഫൈസൽ കുളപ്പാടവും തൃക്കോവിൽവട്ടം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കണ്ണനല്ലൂർ എ.എൽ. നിസാമുദീനും എത്രയും വേഗം കുറ്റവാളികളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

