സീനിയർ വിദ്യാർഥികളുടെ മർദനത്തെ തുടർന്ന് പ്ലസ് വൺ വിദ്യാർഥിക്ക് പഠനം തുടരാനാകാത്ത സാഹചര്യം. കൂവപ്പടി മാവേലിപ്പടി സ്വദേശിയായ ഡിയോൺ ജോ ജോ (16) ആണ് ജൂലൈ 30 മുതൽ സ്കൂളിൽ പോകാനാകാതെ വീട്ടിൽ കഴിയുന്നത്.
കീഴില്ലം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ് ഡിയോൺ. സീനിയർ വിദ്യാർഥികളുടെ ക്രൂരമായ മർദനത്തിന് പിന്നാലെ മകൻ മാനസികമായി തകർന്ന അവസ്ഥയിലാണെന്നും, അതുകൊണ്ടാണ് തുടർന്ന് പഠിക്കാൻ കഴിയാത്തതെന്നും വിദ്യാർഥിയുടെ മാതാവ് വി.
വിനി വിദ്യാഭ്യാസ മന്ത്രിക്ക് സമർപ്പിച്ച നിവേദനത്തിൽ വ്യക്തമാക്കുന്നു. സ്കൂൾ മാറ്റം അനുവദിച്ച് പ്രത്യേക ഉത്തരവ് നൽകണമെന്ന് ആവശ്യപ്പെട്ട് ഓഗസ്റ്റ് 28നാണ് കുടുംബം മന്ത്രിക്ക് നിവേദനം സമർപ്പിച്ചത്.
എന്നാൽ, ഇതുവരെയും വിഷയത്തിൽ അനുകൂല നടപടികൾ ഉണ്ടായിട്ടില്ല. നിലവിൽ സ്കൂൾ മാറ്റത്തിനായി കീഴില്ലം സെന്റ് തോമസ് സ്കൂളിൽനിന്ന് എൻ.ഒ.സി (NOC) ലഭ്യമായിട്ടുണ്ട്.
മലയാറ്റൂർ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലും ചേരാനല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലും നിലവിൽ സീറ്റുകൾ ഒഴിവുമുണ്ട്.
ഈ വിദ്യാലയങ്ങളിൽ ഏതെങ്കിലുമൊന്നിൽ തുടർപഠനത്തിനായി സർക്കാർ സ്പെഷൽ ഓർഡർ ഇറക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. വിദ്യാർഥിക്കെതിരെയുള്ള അതിക്രമവുമായി ബന്ധപ്പെട്ട് കീഴില്ലം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ മാനേജ്മെന്റ് നാല് വിദ്യാർഥികളെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.
സംഭവത്തിൽ പൊലീസ് ആന്റി റാഗിങ് സെക്ഷൻ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണ്. അന്വേഷണത്തിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആകെ 15 വിദ്യാർഥികൾക്കെതിരെ ആന്റി റാഗിങ് സെക്ഷൻ-04 ആണ് ചുമത്തിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

