പ്രവാസി സമൂഹത്തിന് വലിയ തിരിച്ചടിയായി മാറിയിരിക്കുന്ന നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയിലെ പ്രീമിയം വർധനവിനെതിരെ പ്രവാസ ലോകത്ത് കടുത്ത എതിർപ്പാണ് ഉയരുന്നത്. രാഷ്ട്രീയ ഭേദമന്യേ വിവിധ പ്രവാസി സംഘടനകളാണ് ഈ വിഷയത്തിൽ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.
പദ്ധതിയുടെ പ്രീമിയം തുകയിൽ വരുത്തിയ വർധനവ് അടിയന്തരമായി പിൻവലിക്കണമെന്ന് ഇൻകാസ് ദുബായ് സ്റ്റേറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രവാസികൾ നേരിടുന്ന ആശങ്കകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മസ്ക്കറ്റ് കെഎംസിസി മുഖ്യമന്ത്രിൽക്കും ലീഗ് നേതൃത്വത്തിനും ഔദ്യോഗികമായി കത്തയച്ചിട്ടുണ്ട്.
കഴിഞ്ഞകാലങ്ങളിൽ പ്രവാസികളെ ഈ ഇൻഷുറൻസ് പദ്ധതിയിലേക്ക് ചേർക്കാൻ സജീവമായി രംഗത്തുണ്ടായിരുന്നവർ പോലും പുതിയ പ്രീമിയം നിരക്കുകൾ പുറത്തുവന്നതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്. പുതുക്കിയ നിരക്കുകൾ പുറത്തുവന്നതോടുകൂടിയാണ് പദ്ധതിയിലെ അപാകതകൾ സജീവ ചർച്ചയായത്.
18 മുതൽ 110 വയസ്സ് വരെയുള്ള പ്രായപരിധിയെ 7 വ്യത്യസ്ത ഗ്രൂപ്പുകളായി തിരിച്ചുകൊണ്ടാണ് പുതിയ പ്രീമിയം ഘടന നിശ്ചയിച്ചിരിക്കുന്നത്. വ്യക്തിഗതമായും കുടുംബമായും മാതാപിതാക്കളെ ഉൾപ്പെടുത്തിയും തുടങ്ങി നാല് വ്യത്യസ്ത വിഭാഗങ്ങളിലായാണ് ഇൻഷുറൻസ് ലഭ്യമാക്കിയിട്ടുള്ളത്.
എന്നാൽ പ്രായം വർദ്ധിക്കുന്നതിനനുസരിച്ച് പ്രീമിയം തുക കുത്തനെ ഉയരുന്നതാണ് പ്രവാസികൾക്ക് പ്രധാന തിരിച്ചടിയായിരിക്കുന്നത്. ഉദാഹരണത്തിന് അഞ്ച് ലക്ഷം രൂപയുടെ ഇൻഷുറൻസ് 51 നും 60 നും ഇടയിൽ പ്രായമുള്ള പ്രവാസി കുടുംബത്തിനായി എടുത്താൽ പ്രീമിയം 35,664 രൂപയായി മാറും.
ഇതിൽ മാതാപിതാക്കൾ കൂടി ഉൾപ്പെടുമ്പോൾ ഈ തുക 61,241 രൂപയായി ഉയരുന്നു. ഇതേ ഇൻഷുറൻസ് പരിധി 15 ലക്ഷം രൂപയുടേതാണെങ്കിൽ യഥാക്രമം 70,732 രൂപയും 1,13,643 രൂപയുമാണ് നൽകേണ്ടി വരുന്നത്.
പ്രായമായവരുടെ എണ്ണം വർധിക്കുന്നതനുസരിച്ച് പ്രീമിയം തുക താങ്ങാനാവാത്ത രീതിയിൽ ഭീമമാകുന്നതായാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. നിലവിലെ സ്വകാര്യ ഇൻഷുറൻസ് പദ്ധതികളിൽ നിന്നും ഇതിന് എന്ത് വ്യത്യാസമുണ്ടെന്നാണ് പ്രവാസികളുടെ ഭാഗത്തുനിന്നും ഉയരുന്ന പ്രധാന ചോദ്യം.
പ്രായത്തിന്റെ അടിസ്ഥാനത്തിലുള്ള ഗ്രൂപ്പുകളാക്കലും, ഗ്രൂപ്പ് ഇൻഷുറൻസിന്റെ ഘടന കാരണം മുതിർന്നവരുടെ ഉയർന്ന ക്ലെയിം ബാധ്യത മറ്റുള്ളവരിലേക്ക് എത്തുന്നതുമാണ് നിരക്ക് വർധനവിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. എങ്കിലും ഭരണപക്ഷ അനുകൂല പ്രവാസി സംഘടനകൾ പോലും ഈ വിഷയത്തിൽ അനുകൂല നിലപാടിലല്ല എന്നതും ശ്രദ്ധേയമാണ്.
പ്രീമിയം വർധനവ് അംഗീകരിക്കാൻ കഴിയില്ലെന്ന് ഇൻകാസ് ദുബായ് സ്റ്റേറ്റ് കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്. അടിയന്തരമായി പ്രീമിയം വർധനവ് പിൻവലിക്കണമെന്നും ക്ഷേമ പെൻഷൻ വിതരണം ചെയ്യാൻ അടിയന്തര നടപടി വേണമെന്നും മസ്ക്കറ്റ് കെഎംസിസി നാഷണൽ കമ്മിറ്റി പ്രസിഡണ്ട് അഹ്മദ് റഹീസ് ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

