വർഗീയ ശക്തികൾക്കെതിരെയും കേന്ദ്ര ഏജൻസിയായ ഇ.ഡിക്കെതിരെയും ശക്തമായ പോരാട്ടത്തിനും പ്രചാരണങ്ങൾക്കും നേതൃത്വം നൽകുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
കോഴിക്കോട് നടന്ന സി.പി.എം വിശാല യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ മൂന്ന് പ്രധാന പ്രമേയങ്ങൾ അംഗീകരിച്ചതായി അദ്ദേഹം അറിയിച്ചു.
പാർട്ടിയെ തകർക്കുകയെന്ന ലക്ഷ്യത്തോടെ മാധ്യമങ്ങളെക്കൂടി കൂട്ടുപിടിച്ച് ഇ.ഡി കള്ളപ്രചാരണങ്ങൾ നടത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു. എസ്.എഫ്.ഐ പ്രവർത്തകരുടെ വീടുകളിൽ പോലും റെയ്ഡ് നടത്തുന്ന ഇ.ഡിയുടെ കടന്നാക്രമണങ്ങളെ പാർട്ടി ഒറ്റക്കെട്ടായി പ്രതിരോധിച്ച് തോൽപ്പിക്കും.
തനിക്കെതിരെയും വിശാല സമിതിയിൽ വിമർശനം ഉയർന്നുവെന്നും എന്നാൽ സമിതിയിൽ തനിക്ക് ശാസന ലഭിച്ചെന്ന വാർത്തകളോട് പ്രതികരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൂട്ടായ നേതൃത്വവും വ്യക്തിപരമായ ഉത്തരവാദിത്തവും നിർവ്വഹിച്ചില്ലെന്ന് കാട്ടിയാണ് പാർട്ടി നേതൃത്വം വിഷയത്തിൽ ഇടപെട്ടത്.
യോഗത്തിൽ ഉയർന്ന സംഘടനാപരമായ ചോദ്യങ്ങൾക്ക് മറുപടിയായി, അത് പാർട്ടിയുടെ ആഭ്യന്തര കാര്യമാണെന്നും എല്ലാം പരസ്യമായി പറയേണ്ടതില്ലെന്നും എം.വി. ഗോവിന്ദൻ പ്രതികരിച്ചു.
താൻ ഉൾപ്പെടെയുള്ള നേതാക്കൾക്ക് സംഭവിച്ച വീഴ്ചകൾ ചർച്ച ചെയ്തിട്ടുണ്ടെന്നും പാർട്ടി സമഗ്രമായ തെറ്റുതിരുത്തൽ പ്രക്രിയയിലേക്ക് കടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൂന്ന് മാസം കൂടുമ്പോൾ കീഴ്ഘടകങ്ങളിൽ അവലോകനവും ആറുമാസത്തിലൊരിക്കൽ സംസ്ഥാന കമ്മിറ്റിയുടെ വിലയിരുത്തലും നടപ്പിലാക്കും.
കോഴിക്കോട്ട് ചൊവ്വാഴ്ച വൈകീട്ട് നടക്കുന്ന കൂറ്റൻ റാലിയോടെയും ജനറൽ സെക്രട്ടറി എം.എ ബേബി ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തോടെയും വിശാല സമിതി യോഗം സമാപിക്കും. സംസ്ഥാന സെക്രട്ടേറിയറ്റിലും കമ്മിറ്റിയിലും നിർണ്ണായകമായ സംഘടനാപരമായ മാറ്റങ്ങളും യോഗത്തിൽ തീരുമാനമായി.
കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ടി.പി രാമകൃഷ്ണൻ, തോമസ് ഐസക് എന്നിവർ സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്ന് ഒഴിവായ ഒഴിവിലേക്ക് മുതിർന്ന നേതാക്കളായ പി ജയരാജൻ, എം.ബി രാജേഷ്, വി ശിവൻകുട്ടി എന്നിവരെ പുതിയ അംഗങ്ങളായി ഉൾപ്പെടുത്തി. പൊളിറ്റ് ബ്യൂറോയുടെ പ്രത്യേക അനുമതിയോടെയാണ് ഈ നിയമനം.
ടി.പി രാമകൃഷ്ണനും തോമസ് ഐസക്കും ജോൺ ബ്രിട്ടാസിനൊപ്പം സംസ്ഥാന സെന്റർ കേന്ദ്രീകരിച്ച് പ്രവർത്തിക്കും. സൂസൻ കോടിയെ സംസ്ഥാന കമ്മിറ്റിയിലേക്ക് തിരിച്ചെടുക്കുകയും ചെയ്തു.
യുവനേതാക്കൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് സംസ്ഥാന സമിതിയിലേക്ക് ഒൻപത് പുതിയ ക്ഷണിതാക്കളെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ജെയ്ക് സി തോമസ്, എം വിജിൻ, പി.എസ് സഞ്ജീവ്, ആദർശ് എം സജി, എം ശിവപ്രസാദ്, പ്രഭാവർമ്മ, ഒ.എസ് അംബിക, എൻ സുകന്യ, സുബൈദ ഇസഹാഖ് എന്നിവരാണ് പുതുതായി സംസ്ഥാന സമിതി ക്ഷണിതാക്കളായി എത്തിയിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

