ആലപ്പുഴ വലിയചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ സ്മാരക നിർമ്മാണവുമായി ബന്ധപ്പെട്ട് സിപിഐഎം – സിപിഐ പാർട്ടികൾ തമ്മിലുണ്ടായ തർക്കം പരിഹരിക്കപ്പെട്ടു. വ്യക്തികൾക്കായി സ്മാരകം നിർമ്മിക്കില്ലെന്ന മുൻ ധാരണ ലംഘിച്ച് വി എസ് അച്യുതാനന്ദന്റെ സ്മാരകം നിർമ്മിക്കാൻ സിപിഐഎം തീരുമാനിച്ചതാണ് തർക്കങ്ങൾക്ക് തുടക്കമിട്ടത്.
സിപിഐഎം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വി എസിന്റെ സ്മാരക നിർമ്മാണം വേഗത്തിൽ പുരോഗമിക്കുന്നതിനിടെ, മറുപടിയായി 49 വർഷം മുൻപ് അന്തരിച്ച ടി വി തോമസിനായി സ്മാരകം നിർമ്മിക്കാൻ സിപിഐയും തീരുമാനിക്കുകയായിരുന്നു. ഇത് ഇരു പാർട്ടികളും തമ്മിലുള്ള അഭിപ്രായ ഭിന്നത പരസ്യമാകുന്നതിലേക്ക് നയിച്ചു.
തങ്ങളുടെ സ്മാരകം വിഎസിന്റെ സ്മാരകത്താൽ മറയപ്പെടുമെന്ന ആശങ്ക സിപിഐയും, മറിച്ചുള്ള ആശങ്ക സിപിഐഎമ്മും ഉന്നയിച്ചു. ഇരുപാർട്ടികളുടെയും സംസ്ഥാന നേതൃത്വം നടത്തിയ ചർച്ചകൾക്കൊടുവിലാണ് പ്രശ്നത്തിന് താൽക്കാലിക പരിഹാരമായത്.
ഇതിന്റെ ഭാഗമായി വി എസ് അച്യുതാനന്ദന്റെ സ്മാരകത്തിന്റെ രൂപരേഖയിൽ മാറ്റം വരുത്താൻ സിപിഐഎം സമ്മതിച്ചു. സ്തൂപത്തിന് പിന്നിൽ നിർമ്മിക്കാൻ തീരുമാനിച്ചിരുന്ന മതിൽ ഒഴിവാക്കും.
ഇതിന് പകരമായി ടി വി തോമസിന്റെ സ്മാരകം മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കാൻ സിപിഐയും ധാരണയിലെത്തി. ഈ വിഷയത്തിൽ ഇടപെട്ട
ഇരുപാർട്ടികളുടെയും നേതൃത്വത്തിന് വി എസ് അച്യുതാനന്ദന്റെ മകൻ വി എ അരുൺകുമാർ ഫേസ്ബുക്കിലൂടെ നന്ദി അറിയിച്ചു. പുന്നപ്ര-വയലാർ രക്തസാക്ഷികളും പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാക്കളും അന്ത്യവിശ്രമം കൊള്ളുന്ന വലിയചുടുകാട്ടിലെ 50 സെന്റ് സ്ഥലം ഇരുപാർട്ടികളുടെയും സംയുക്ത ഉടമസ്ഥതയിലുള്ളതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

