വിതുര ചായം ഭദ്രകാളി ക്ഷേത്രത്തിന് സമീപം ചൊവ്വാഴ്ച പുലർച്ചെ 4.30-ഓടെയാണ് അപകടം സംഭവിച്ചത്. തെങ്കാശിയിൽ നിന്ന് വിഴിഞ്ഞത്തേക്ക് പാറപ്പൊടിയുമായി പോവുകയായിരുന്ന ലോറി, ടയർ പൊട്ടിയതിനെത്തുടർന്ന് നിയന്ത്രണം വിട്ട് സമീപത്തെ വീട്ടിലേക്ക് മറിയുകയായിരുന്നു.
വെള്ളനാട്–ചെറ്റച്ചൽ സ്പെഷൽ പാക്കേജ് റോഡിലൂടെ അമിതവേഗതയിൽ എത്തിയ വാഹനം നിർത്തുവാൻ ഡ്രൈവർ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടതാണ് അപകടത്തിന് കാരണമായത്. ലോറി പതിച്ചത് ചായം സ്വദേശിയായ എൺപതുകാരി കമലത്തിന്റെ വീടിന് മുന്നിലാണ്.
അപകടസമയത്ത് വീട്ടിൽ ഒറ്റയ്ക്കായിരുന്ന കമലം, വലിയ ശബ്ദം കേട്ട് ഭൂകമ്പമാണെന്ന് കരുതി പരിഭ്രാന്തയായി അടുക്കള വാതിലിലൂടെ പുറത്തേക്ക് ഓടുകയായിരുന്നു. ഇതിനിടയിൽ വീണെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
“ഭൂകമ്പം ഉണ്ടായെന്നോ വീട് ഇടിഞ്ഞു വീഴുകയാണെന്നോ ആണ് ശബ്ദം കേട്ടപ്പോൾ ആദ്യം തോന്നിയത്” എന്ന് അവർ പറഞ്ഞു. ലോറിയിൽ ഉണ്ടായിരുന്ന പാറപ്പൊടി വീടിന്റെ വരാന്തയിലും അകത്തും നിറഞ്ഞു.
മുൻവാതിൽ തുറക്കാൻ പോലും കഴിയാത്ത വിധം അവശിഷ്ടങ്ങൾ അടിഞ്ഞുകൂടിയിരുന്നു. റോഡരികിലെ ഓടയിൽ വാഹനത്തിന്റെ ഒരു ഭാഗം കുടുങ്ങിയതുകൊണ്ട് മാത്രമാണ് വീടിന് മുകളിലേക്ക് ലോറി പതിക്കാതിരുന്നത്.
വലിയൊരു ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്. പിന്നീട് ക്രെയിൻ ഉപയോഗിച്ച് ലോറി ഉയർത്തുകയും രാത്രിയോടെ പാറപ്പൊടി മറ്റൊരു വാഹനത്തിലേക്ക് മാറ്റുകയും ചെയ്തു.
മലയോര മേഖലയിലെ റോഡുകളിൽ ലോറികളുടെ അമിതവേഗതയും മരണപ്പാച്ചിലും വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. പ്രത്യേകിച്ചും സ്കൂൾ സമയങ്ങളിൽ യാതൊരു നിയന്ത്രണവുമില്ലാതെയാണ് ചരക്ക് വാഹനങ്ങൾ നിരത്തിലിറങ്ങുന്നത്.
മടത്തറ കൊല്ലായിൽ ടിപ്പറും ബസും തമ്മിലുണ്ടായ അപകടം ഉൾപ്പെടെ അടുത്തിടെ നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മാർത്താണ്ഡം, കളിയിക്കാവിള ചെക്ക് പോസ്റ്റുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയതോടെ പുളിയറ വഴി മലയോര മേഖലയിലേക്ക് ചരക്ക് വാഹനങ്ങളുടെ വരവ് വർധിച്ചിരിക്കുകയാണ്.
വളവുകളിലും മറ്റും ഈ വാഹനങ്ങൾ എതിരെ വരുന്നവർക്കും കാൽനടയാത്രക്കാർക്കും ഭീഷണിയാകുന്നുണ്ട്. അപകടങ്ങൾ ഒഴിവാക്കാൻ അടിയന്തരമായി കർശന ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

