വൈക്കം വെച്ചൂർ ഇടയാഴം പെട്രോൾ പമ്പിനു സമീപം മാരാവള്ളിച്ചിറയിൽ താമസിക്കുന്ന കനകമ്മ (60) യുടെ സമയോചിതമായ ഇടപെടൽ മോഷണശ്രമം തടയുന്നതിന് കാരണമായി. ആക്രി സാധനങ്ങൾ ശേഖരിക്കുന്നതിനായി മുച്ചക്ര വാഹനത്തിൽ എത്തിയ ബംഗാൾ സ്വദേശിയായ റഹിം (40) ആണ് പിടിയിലായത്.
സംഭവദിവസം രാവിലെ കനകമ്മയുടെ മകൾ മനീഷയും കൊച്ചുമകളും ചേർന്ന് ഉദയനാപുരത്തെ തറവാട്ടു വീട്ടിലേക്കു പോയിരുന്നു. ഇവരോടൊപ്പം പല്ലുവേദനയ്ക്കുള്ള ചികിത്സയ്ക്കായി താലൂക്ക് ആശുപത്രിയിലേക്ക് പോയതായിരുന്നു കനകമ്മ.
ചികിത്സ പൂർത്തിയാക്കാൻ സാധിക്കാത്തതിനെത്തുടർന്ന് അവർ വേഗത്തിൽ വീട്ടിലേക്ക് മടങ്ങിയെത്തി. പൂട്ടിയിട്ടിരുന്ന വീടിനുള്ളിൽ നിന്നും അസ്വാഭാവികമായ ശബ്ദം കേട്ടതോടെ എന്താണെന്ന് അന്വേഷിച്ച കനകമ്മയുടെ നേർക്ക് പ്രതി അടുക്കള വഴി പുറത്തിറങ്ങി മുച്ചക്ര വാഹനത്തിനടുത്തേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.
ഈ സമയം ഇയാളുടെ കൈവശം കൊച്ചുമകളുടെ സ്വർണമാല സൂക്ഷിച്ചിരുന്ന ചെപ്പ് ശ്രദ്ധയിൽപ്പെട്ട കനകമ്മ ഉറക്കെ ബഹളം വെക്കുകയും പ്രതിയെ തടയുകയും ചെയ്തു.
ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ നടത്തിയ പരിശോധനയിൽ മോഷണം പോയ സ്വർണമാലയും മൊബൈൽ ഫോണും കണ്ടെടുത്തു. തുടർന്ന് സ്ഥലത്തെത്തിയ കല്ലറ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.
മാല തിരികെ ലഭിച്ച സാഹചര്യത്തിൽ കേസ് നടപടികൾ വേണ്ടെന്ന നിലപാടാണ് വീട്ടുകാർ സ്വീകരിച്ചതെന്ന് പോലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

