ലൈംഗിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ നീതിന്യായ സംവിധാനത്തിന്റെ സംവേദനക്ഷമത ഉറപ്പാക്കുന്നതിനായി സമഗ്രമായ മാർഗനിർദേശങ്ങൾക്ക് സുപ്രീം കോടതി അംഗീകാരം നൽകി.
നാഷണൽ ജുഡീഷ്യൽ അക്കാദമി നിയോഗിച്ച വിദഗ്ധ സമിതി തയ്യാറാക്കിയ റിപ്പോർട്ടാണ് കോടതി ഔദ്യോഗികമായി അംഗീകരിച്ചത്. കോടതി നടപടികളിലും വിധിന്യായങ്ങളിലും അപകീർത്തികരവും ലിംഗപരമായ അസമത്വം വെളിപ്പെടുത്തുന്നതുമായ പരാമർശങ്ങൾ പാടില്ലെന്ന് സുപ്രീം കോടതി കർശന നിർദേശം നൽകി.
കോടതികൾ പാലിക്കേണ്ട പദപ്രയോഗങ്ങൾ സംബന്ധിച്ച കൃത്യമായ മാനദണ്ഡങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
രാജ്യത്തെ എല്ലാ കീഴ്ക്കോടതികളും ഈ മാർഗനിർദേശങ്ങൾ പൂർണമായി പിന്തുടരണമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. കേവലം കോടതി മുറികളിൽ മാത്രം ഒതുങ്ങുന്നതല്ല ഈ നിയന്ത്രണങ്ങൾ.
പോലീസ് സ്റ്റേഷനുകളിൽ എഫ്ഐആർ (FIR) രജിസ്റ്റർ ചെയ്യുന്ന വേളയിലും, കുറ്റപത്രം തയ്യാറാക്കുമ്പോഴും ഈ പുതിയ മാർഗനിർദേശങ്ങൾ പാലിക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. ഒരു പോക്സോ (POCSO) കേസിൽ അലഹബാദ് ഹൈക്കോടതി പുറപ്പെടുവിച്ച വിവാദ ഉത്തരവ് റദ്ദാക്കിക്കൊണ്ട് സുപ്രീം കോടതി സ്വമേധയാ എടുത്ത കേസിലാണ് ഇത്തരമൊരു നിർണായക തീരുമാനം ഉണ്ടായിരിക്കുന്നത്.
ലൈംഗിക കുറ്റകൃത്യങ്ങളെ അഭിമുഖീകരിക്കുമ്പോൾ നീതിപീഠവും അന്വേഷണ ഏജൻസികളും പുലർത്തേണ്ട അതീവ ജാഗ്രതയാണ് പുതിയ ഉത്തരവിലൂടെ സുപ്രീം കോടതി അടിവരയിടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

