ഗുജറാത്തിലെ പടാൻ ജില്ലയിൽ സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. 5,000 രൂപയുടെ കടം തിരിച്ചടയ്ക്കുന്നതുമായി ബന്ധപ്പെട്ട
തർക്കത്തിനിടെ 35 വയസ്സുകാരിയായ പിങ്കി ബെൻ പട്ണി അയൽവാസിയുടെ ക്രൂരതയ്ക്ക് ഇരയായി. ഏഴ് വർഷം മുൻപ് ഭർത്താവ് മരിച്ച പിങ്കി ബെൻ, തന്റെ മക്കളുമായി ഒറ്റയ്ക്കാണ് താമസം.
വീട്ടുചെലവുകൾക്കായി ഒരു മാസം മുൻപാണ് അയൽവാസിയായ ബാബുഭായ് റാവലിൽ നിന്ന് ഇവർ 5,000 രൂപ കടം വാങ്ങിയത്. എന്നാൽ, പലിശ ആവശ്യപ്പെട്ട് ഇയാൾ നിരന്തരം വീട്ടിലെത്തി ഉപദ്രവിച്ചിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു.
സംഭവം നടന്ന ദിവസം, തർക്കം പരിഹരിക്കാമെന്ന് പറഞ്ഞ് സമീപവാസിയായ ജിതുഭായ് പാഞ്ചലിന്റെ വീടിന് അടുത്തേക്ക് ബാബുഭായ് റാവൽ യുവതിയെ വിളിച്ചുവരുത്തി. പണം തിരിച്ചടയ്ക്കാൻ രണ്ട് ദിവസത്തെ സാവകാശം കൂടി വേണമെന്ന് പിങ്കി അഭ്യർത്ഥിച്ചെങ്കിലും ഇയാൾ അത് നിരാകരിച്ചു.
തുടർന്ന്, “ചായ എടുത്തിട്ട് വരാം” എന്ന് പറഞ്ഞ് അവിടെ നിന്നും മാറിയ പ്രതി, പെട്രോളുമായി തിരിച്ചെത്തി യുവതിയുടെ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ പിങ്കി ബെൻ, ആദ്യം ധാർപൂർ സിവിൽ ആശുപത്രിയിലും പിന്നീട് കൂടുതൽ ചികിത്സയ്ക്കായി അഹമ്മദാബാദ് സിവിൽ ആശുപത്രിയിലും പ്രവേശിപ്പിക്കപ്പെട്ടെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
കൃത്യം നടത്തിയ ബാബുഭായ് റാവലിനും സംഭവത്തിൽ ഗുരുതരമായി പൊള്ളലേറ്റു. ഇയാൾ നിലവിൽ ചികിത്സയിലാണ്.
സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊലപാതക സമയത്ത് സ്ഥലത്തുണ്ടായിരുന്ന ജിതുഭായ് പാഞ്ചലിന്റെ പങ്കിനെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്.

