കെഎസ്ആർടിസിയിൽ നടപ്പിലാക്കുന്ന സ്ത്രീ സൗജന്യ യാത്രാ പദ്ധതിയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന തെറ്റിദ്ധാരണകൾ തിരുത്തി കോർപറേഷൻ രംഗത്ത്. സൗജന്യ യാത്രാ പദ്ധതി നിലവിൽ വരുന്നതിന് മുൻപ് ഓർഡിനറി വിഭാഗത്തിൽ ഉണ്ടായിരുന്ന എല്ലാ സർവീസുകളും അതേ നിലയിൽ തന്നെ തുടരുമെന്നും, അവയിൽ സൗജന്യ യാത്ര ലഭ്യമാണെന്നും അധികൃതർ വ്യക്തമാക്കി.
പദ്ധതിയെക്കുറിച്ച് നടക്കുന്ന തെറ്റായ പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഔദ്യോഗിക വാർത്താക്കുറിപ്പിൽ അറിയിച്ചു. തിരുവനന്തപുരം നഗരത്തിലും ജില്ലയിലുമായി സർവീസ് നടത്തുന്ന ഓർഡിനറി, സിറ്റി ഫാസ്റ്റ് ബസുകളുടെ വിവരങ്ങൾ അതത് യൂണിറ്റുകളിൽ ലഭ്യമാണ്.
നിലവിൽ തിരുവനന്തപുരം നഗരത്തിൽ 384 സിറ്റി ഫാസ്റ്റ് ബസുകളും, നഗരമുൾപ്പെടെയുള്ള ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 687 ഓർഡിനറി ബസുകളും സർവീസ് നടത്തുന്നുണ്ട്. യാത്രക്കാർക്ക് സൗജന്യ യാത്ര സംബന്ധിച്ച് വ്യക്തത വരുത്തുന്നതിനായി ബസുകളുടെ മുൻവശത്തും പ്രവേശന വാതിലുകളുടെ ഇരുവശങ്ങളിലുമായി പ്രത്യേക സ്റ്റിക്കറുകൾ പതിപ്പിച്ചിട്ടുണ്ട്.
സൗജന്യ യാത്ര ഓർഡിനറി വിഭാഗം ബസുകൾക്ക് മാത്രമാണെന്ന് കോർപറേഷൻ ആവർത്തിച്ചു. തിരുവനന്തപുരം നഗരത്തിൽ മാത്രമാണ് ഓർഡിനറി സർവീസുകൾക്ക് പുറമെ സിറ്റി ഫാസ്റ്റ് സർവീസുകൾ പ്രവർത്തിക്കുന്നത്.
സിറ്റി ഫാസ്റ്റ് ബസുകൾക്ക് കുറഞ്ഞ നിരക്ക് 12 രൂപയും കിലോമീറ്ററിന് 1.03 രൂപയുമാണ് സർക്കാർ നിശ്ചയിച്ചിട്ടുള്ളത്. അതേസമയം, സിറ്റി ഓർഡിനറി സർവീസുകൾക്ക് കുറഞ്ഞ നിരക്ക് 10 രൂപയും കിലോമീറ്റർ നിരക്ക് ഒരു രൂപയുമാണ്.
പ്രത്യേക സർവീസ് ക്ലാസും നിരക്കും ഉള്ളതിനാൽ സിറ്റി ഫാസ്റ്റ് ബസുകൾ ഓർഡിനറി വിഭാഗത്തിൽ ഉൾപ്പെടില്ല. പ്രിയദർശിനി യാത്രാപദ്ധതി പ്രഖ്യാപിച്ച ഘട്ടത്തിൽ തന്നെ നഗരത്തിലെ ഓർഡിനറി, സിറ്റി ഫാസ്റ്റ് ബസുകളെ സംബന്ധിച്ച് കൃത്യമായ സർവേയും കണക്കെടുപ്പുകളും നടത്തിയിരുന്നതായും കെഎസ്ആർടിസി അധികൃതർ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

