2026 ഫിഫ ലോകകപ്പ് അന്താരാഷ്ട്ര സാമ്പത്തിക മേഖലയിൽ വലിയ മുന്നേറ്റങ്ങൾക്ക് വഴിയൊരുക്കുമെന്ന വിലയിരുത്തലുമായി സാമ്പത്തിക വിദഗ്ധർ രംഗത്ത്. ലോക വ്യാപാര സംഘടനയുമായി (ഡബ്ല്യുടിഐ) ചേർന്ന് ഫിഫ നടത്തിയ പഠന റിപ്പോർട്ട് പ്രകാരം, ടൂർണമെന്റ് വഴി 8000 കോടി ഡോളറിന്റെ സാമ്പത്തിക ഉത്തേജനം ഉണ്ടാകുമെന്നാണ് പ്രവചനം.
ഇതിൽ 3000 കോടി ഡോളർ യുഎസിന് മാത്രമായി ലഭിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ആഗോള ജിഡിപിയിലേക്ക് 4090 കോടി ഡോളർ കൂട്ടിച്ചേർക്കപ്പെടുമ്പോൾ, യുഎസ് ജിഡിപിയിൽ മാത്രം 1720 കോടി ഡോളറിന്റെ വർധനവ് പ്രതീക്ഷിക്കുന്നു.
കൂടാതെ, നേരിട്ടും അല്ലാതെയും 8,24,000 തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും, ഇതിൽ 1,85,000 എണ്ണം യുഎസിൽ ആയിരിക്കുമെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. ഓഹരി വിപണിയിലെ സാധ്യതകൾ
ആതിഥേയ രാജ്യങ്ങളിൽ ലോകകപ്പ് നടക്കുന്ന വർഷങ്ങളിൽ ഓഹരി വിപണിയിൽ 10 ശതമാനം വാർഷിക റിട്ടേൺ ലഭിക്കാറുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ടൂറിസം മേഖലയിലെ ചെലവിടലും ടൂർണമെന്റുമായി ബന്ധപ്പെട്ട വൻ നിക്ഷേപങ്ങളും വിപണിക്ക് കരുത്താകും.
ഇത്തവണ ഈ അവസരം മുതലെടുക്കാനുള്ള ഒരുക്കത്തിലാണ് യുഎസ് ഓഹരി വിപണി. ഏകദേശം 65 ലക്ഷം ആരാധകർ ലോകകപ്പ് കാണാനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇവർ താമസം, ഭക്ഷണം എന്നിവയ്ക്കായി 240 കോടി ഡോളർ ചെലവിടുമെന്ന് ജെപി മോർഗൻ കണക്കാക്കുന്നു. റിയൽ എസ്റ്റേറ്റ് മേഖലയിൽ 200 കോടി ഡോളറിന്റെയും ഹോട്ടൽ റൂമുകളിൽ നിന്ന് മാത്രം 91 കോടി ഡോളറിന്റെയും അധിക വരുമാനം ലഭിക്കുമെന്നും ഈ ധനകാര്യ സ്ഥാപനം പ്രവചിക്കുന്നു.
പ്രതികൂല വിലയിരുത്തലുകൾ
മറുവശത്ത്, ഈ പ്രവചനങ്ങളെ തള്ളിക്കളയുന്ന സാമ്പത്തിക നിരീക്ഷകരും സജീവമാണ്. 2026 ലോകകപ്പ് യുഎസിന് സാമ്പത്തിക നേട്ടമുണ്ടാക്കില്ലെന്ന് ഡെൻമാർക്ക് കേന്ദ്രമായ സാക്സോ ബാങ്ക് വിലയിരുത്തുന്നു.
യുഎസ് – ഇറാൻ യുദ്ധവും ഹോർമുസ് കടലിടുക്ക് അടഞ്ഞതും സാമ്പത്തിക നിലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് ഇവർ വാദിക്കുന്നു. ക്രൂഡോയിൽ വിലയിലെ വർധനവ് ജീവിതച്ചെലവ് ഉയർത്തിയതോടെ ഉപഭോക്താക്കൾ ചെലവിടൽ ചുരുക്കിയിരിക്കുകയാണ്.
ചില നഗരങ്ങളിലെ ഹോട്ടലുകളിൽ മുറികൾ ഒഴിഞ്ഞു കിടക്കുന്നതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. യുദ്ധസാഹചര്യങ്ങൾ അവസാനിച്ചാൽ മാത്രമേ ഇതിനൊരു മാറ്റം ഉണ്ടാകൂ എന്നാണ് വിദഗ്ധരുടെ അഭിപ്രായം.
കൂടാതെ, കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ലോകകപ്പ് ആതിഥേയ രാജ്യങ്ങൾക്ക് വലിയ സാമ്പത്തിക നേട്ടങ്ങൾ നൽകുന്നില്ലെന്നും, ഫിഫ വൻ വരുമാനം നേടുമ്പോൾ ആതിഥേയ രാജ്യങ്ങൾക്ക് കോടികളുടെ ബാധ്യതയാണ് ബാക്കിയാകുന്നതെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

