കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായി നടപ്പിലാക്കുന്ന ‘പ്രിയദർശിനി’ സൗജന്യയാത്രാ പദ്ധതിക്കെതിരെ ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി സമർപ്പിച്ചു. പദ്ധതി ഏകപക്ഷീയവും വിവേചനപരവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയിൽ ഹർജി ഫയൽ ചെയ്തിരിക്കുന്നത്.
എറണാകുളം തമ്മനം സ്വദേശിയായ മുഹമ്മദ് ഫിർദൗസ് ആണ് നിയമനടപടികളുമായി മുന്നോട്ട് പോയിരിക്കുന്നത്. ജൂൺ 15 മുതൽ സംസ്ഥാനത്തെ 3,125 കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ പദ്ധതി നടപ്പിലാക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
ലിംഗത്തിന്റെ അടിസ്ഥാനത്തിൽ മാത്രം യാത്രക്കാരെ വേർതിരിക്കുന്നത് വിവേചനപരമാണെന്നും ഭരണഘടനാ വിരുദ്ധമാണെന്നുമാണ് ഹർജിയിലെ പ്രധാന ആരോപണം. ഭരണഘടനയുടെ 14, 15 (1) അനുച്ഛേദങ്ങളുടെ ലംഘനമാണ് പദ്ധതിയിലൂടെ നടക്കുന്നതെന്ന് ഹർജിക്കാരൻ വാദിക്കുന്നു.
വരുമാന പരിധിയോ താമസ യോഗ്യതയോ കണക്കിലെടുക്കാതെ, വെറും ലിംഗഭേദത്തിന്റെ അടിസ്ഥാനത്തിൽ മാത്രം ഇത്തരമൊരു ആനുകൂല്യം നൽകുന്നത് ജനാധിപത്യ തത്വങ്ങൾക്ക് വിരുദ്ധമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. “മാസം പത്ത് ലക്ഷം രൂപ ശമ്പളം പറ്റുന്ന ഒരു സ്ത്രീക്ക് സൗജന്യ യാത്ര ലഭിക്കുമ്പോള്‍, ഒരു ദിവസ വേതനക്കാരനായ പുരുഷന് അതേ ബസില്‍ ടിക്കറ്റ് നല്‍കേണ്ടി വരുന്നു, ഒരു ജനാതിപത്യ രാജ്യത്ത് അനുവദനീയമല്ല” എന്ന് ഹർജിക്കാരൻ പരാതിയിൽ വ്യക്തമാക്കുന്നു.
യാതൊരുവിധ നയപരമായ പഠനമോ ആഘാത വിലയിരുത്തലോ നടത്താതെ, സർക്കാർ അധികാരമേറ്റ ആദ്യദിനം തന്നെ ഒരു തെരഞ്ഞെടുപ്പ് വാഗ്ദാനം സർക്കാർ ഉത്തരവാക്കി മാറ്റുകയായിരുന്നു. ഇത്തരമൊരു നടപടി ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണെന്ന് ആരോപിച്ചാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.
പദ്ധതി അടിയന്തരമായി റദ്ദാക്കണമെന്നാണ് കോടതിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

