സ്വന്തം വീട്ടിലെ 100 ചതുരശ്രഅടി വരുന്ന ഒരു ചെറിയ മുറിയിൽ നിന്ന് ശ്രദ്ധേയമായ വിജയത്തിലേക്ക് നടന്നു കയറുകയാണ് മാവേലിക്കര ചെട്ടികുളങ്ങര സ്വദേശിയായ മിതേഷ് മധുക്കുട്ടൻ. കേവലം ഇരുപത്തിമൂന്നാം വയസ്സിൽ, സ്വന്തമായി തൊഴിലും സ്ഥിരവരുമാനവും കണ്ടെത്തുന്നതിലൂടെ മാതൃകയാവുകയാണ് ഈ യുവാവ്.
ടേപ്പ് സ്മിത്ത് എന്റർപ്രൈസസ് (Tape Smith Enterprise) എന്ന പേരിൽ പ്രവർത്തിക്കുന്ന ഈ ചെറുകിട സ്ഥാപനം ഇന്ന് പ്രദേശത്ത് സജീവമാണ്.
ബിസിനസ് രീതി
പാക്കിങ് മേഖലയിൽ ഒഴിച്ചുകൂടാനാവാത്ത സെല്ലോ ടേപ്പ്, പാക്കിങ് ടേപ്പ്, മാസ്കിങ് ടേപ്പ് എന്നിവയാണ് ഇവിടെ നിർമിക്കുന്നത്. പ്രധാനമായും ബ്രൗൺ, വൈറ്റ് നിറങ്ങളിലുള്ള ടേപ്പുകൾക്കാണ് വിപണിയിൽ ആവശ്യക്കാരേറെയുള്ളത്.
മൂന്നു വർഷം മുൻപ്, ഒരു സ്ഥിരവരുമാനം എന്ന ലക്ഷ്യത്തോടെയാണ് മിതേഷ് ഈ സംരംഭത്തിന് തുടക്കമിട്ടത്. നിക്ഷേപവും സൗകര്യങ്ങളും
രണ്ടരലക്ഷം രൂപ നിക്ഷേപിച്ചാണ് സംരംഭം ആരംഭിച്ചത്.
ഇതിൽ പി.എം.ഇ.ജി.പി (PMEGP) പദ്ധതി പ്രകാരം വായ്പ എടുക്കുകയും 87,500 രൂപ സബ്സിഡി ലഭിക്കുകയും ചെയ്തു. വീട്ടിലെ ഒരു ചെറിയ മുറിയിൽ സ്ഥാപിച്ച സിംഗിൾ ഫേസിൽ പ്രവർത്തിക്കുന്ന ടേപ്പ് മേക്കിങ് മെഷീനാണ് പ്രവർത്തനങ്ങൾക്ക് കരുത്തേകുന്നത്.
കെ.എസ്.ഇ.ബി വ്യവസ്ഥ പ്രകാരം വീടിന്റെ കണക്റ്റഡ് ലോഡിന്റെ 20 ശതമാനം വരെ ലഘുസംരംഭങ്ങൾക്ക് ഉപയോഗിക്കാമെന്നത് പ്രവർത്തനങ്ങൾക്ക് ഏറെ സഹായകമായി. ഉൽപന്നങ്ങൾ പാക്ക് ചെയ്യുന്നതിന് അമ്മ ഉഷയും മിതേഷിന് കൂടെയുണ്ട്.
പ്രവർത്തനരീതി
ഗുജറാത്തിൽ നിന്ന് വരുത്തുന്ന ജംബോ റോളുകളും പേപ്പർ കോറുകളുമാണ് പ്രധാന അസംസ്കൃത വസ്തുക്കൾ. മിഷന്റെ സഹായത്തോടെ ജംബോ റോൾ വൈൻഡ് ചെയ്ത്, നിശ്ചിത അളവിൽ കട്ട് ചെയ്താണ് ടേപ്പുകൾ തയ്യാറാക്കുന്നത്.
60 മീറ്റർ മുതൽ 200 മീറ്റർ വരെയുള്ള വ്യത്യസ്ത നീളത്തിൽ ഒരിഞ്ച് വീതിയുള്ള ടേപ്പുകൾ ഇവിടെ നിർമിക്കുന്നു. വരുമാനവും വിപണിയും
ബികോം ബിരുദധാരിയായ മിതേഷ്, ജോലിക്കായി കാത്തിരിക്കാതെയാണ് ഈ വഴി തിരഞ്ഞെടുത്തത്.
കായംകുളം കേന്ദ്രീകരിച്ച് സ്റ്റേഷനറി ഷോപ്പുകൾ, സൂപ്പർമാർക്കറ്റുകൾ എന്നിവിടങ്ങളിലാണ് ഉൽപന്നങ്ങൾ വിതരണം ചെയ്യുന്നത്. മാസം 50,000 രൂപയുടെ അസംസ്കൃത വസ്തുക്കൾ ഉപയോഗിക്കുമ്പോൾ ഒരു ലക്ഷം രൂപയുടെ വിൽപന നടക്കുന്നുണ്ടെന്നും, ചെലവുകൾ കഴിഞ്ഞ് ഏകദേശം 50,000 രൂപ വരുമാനമായി ലഭിക്കാറുണ്ടെന്നും മിതേഷ് പറയുന്നു.
ക്രെഡിറ്റ് ചോദിക്കുന്നതാണ് ഈ മേഖലയിലെ പ്രധാന വെല്ലുവിളിയെങ്കിലും, പ്രാദേശികമായി വലിയ വിപണിയുണ്ടെന്നത് ആശ്വാസമാണ്. ഭാവി ലക്ഷ്യങ്ങൾ
ലഭിച്ച ലാഭവും വിപണിയിലെ വളർച്ചയും കണക്കിലെടുത്ത്, മറ്റൊരു മെഷീൻ കൂടി വാങ്ങി ഉൽപാദനം ഇരട്ടിയാക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ യുവസംരംഭകൻ.
ചെറിയ നിക്ഷേപത്തിൽ തുടങ്ങാവുന്ന ഇത്തരത്തിലുള്ള സംരംഭങ്ങൾ ഏത് സാധാരണക്കാരനും പരിശീലനമില്ലാതെ ചെയ്യാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. വിലാസം: മിതേഷ് മധുക്കുട്ടൻ, ടേപ്സ്മിത്ത് എന്റർപ്രൈസസ്, കൈത സൗത്ത്, ചെട്ടികുളങ്ങര പി.ഒ., മാവേലിക്കര – 690 106.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

