കുട്ടികളുടെ മാനസികാരോഗ്യവും സുരക്ഷയും മുൻനിർത്തി, 16 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് പൂർണ്ണ നിരോധനം ഏർപ്പെടുത്തി യുകെ സർക്കാർ. ഓസ്ട്രേലിയ, ഇന്തോനേഷ്യ, മലേഷ്യ എന്നീ രാജ്യങ്ങൾക്ക് ശേഷം ഇത്തരമൊരു നിയമം നടപ്പിലാക്കുന്ന നാലാമത്തെ രാജ്യമായി ബ്രിട്ടൻ മാറി.
രാജ്യത്തെ കുട്ടികളുടെ സുരക്ഷയ്ക്കാണ് തങ്ങൾ പ്രഥമ പരിഗണന നൽകുന്നതെന്ന് യുകെ പ്രധാനമന്ത്രി കീർ സ്റ്റാർമർ വ്യക്തമാക്കി. ബ്രിട്ടൻ സ്വീകരിച്ചിരിക്കുന്നത് ഓസ്ട്രേലിയയുടെ മാതൃകയെക്കാൾ കൂടുതൽ വ്യക്തതയുള്ള ‘ഓസ്ട്രേലിയ-പ്ലസ്’ എന്ന രീതിയാണ്.
ഇതിന്റെ ഭാഗമായി സുരക്ഷിതമെന്ന് കരുതപ്പെടുന്ന പ്ലാറ്റ്ഫോമുകളിലെ ലൈവ് സ്ട്രീമിംഗിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. കൂടാതെ, ഗെയിമിംഗ് ആപ്പുകൾ വഴി അപരിചിതർ കുട്ടികളുമായി സമ്പർക്കം പുലർത്തുന്നത് തടയാനുള്ള സംവിധാനങ്ങളും സർക്കാർ ഒരുക്കുന്നുണ്ടെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു.
കൗമാരക്കാർക്കായി സോഷ്യൽ മീഡിയ കർഫ്യൂ ഏർപ്പെടുത്തുന്ന കാര്യവും സർക്കാരിന്റെ സജീവ പരിഗണനയിലാണ്. നിരോധനം ഏർപ്പെടുത്തുന്ന പ്ലാറ്റ്ഫോമുകൾ
ഓസ്ട്രേലിയ നിരോധിച്ച അതേ 10 പ്രമുഖ പ്ലാറ്റ്ഫോമുകൾക്ക് തന്നെയാണ് ബ്രിട്ടനിലും വിലക്ക് ഏർപ്പെടുത്തുന്നത്:
ടിക് ടോക്ക്, സ്നാപ്ചാറ്റ്, ഇൻസ്റ്റാഗ്രാം, യൂട്യൂബ്, റെഡ്ഡിറ്റ്, ട്വിച്ച്, എക്സ് (പഴയ ട്വിറ്റർ), ത്രെഡ്സ്, ഫേസ്ബുക്ക്, കിക്ക്.
കൂടാതെ, മുതിർന്ന കൗമാരക്കാർക്കായി രാത്രികാലങ്ങളിൽ കർഫ്യൂ ഏർപ്പെടുത്താനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്ബോട്ടുകളുടെ ഉപയോഗം പരിമിതപ്പെടുത്താനും പുതിയ നിയമത്തിൽ വ്യവസ്ഥയുണ്ടാകും. മാതാപിതാക്കളുടെ പിന്തുണ
“കുട്ടികളെ ഓൺലൈൻ കെണികളിൽ നിന്നും ദോഷകരമായ ഉള്ളടക്കങ്ങളിൽ നിന്നും സംരക്ഷിക്കുക എന്നത് നിലവിലെ കാലഘട്ടത്തിലെ ഏറ്റവും വലിയ ആവശ്യമാണെന്ന്” പ്രധാനമന്ത്രി കീർ സ്റ്റാർമർ പറഞ്ഞു.
പരാജയപ്പെട്ട പഴയ സംവിധാനങ്ങളുമായി മുന്നോട്ട് പോകുന്നതിന് പകരം രാജ്യത്തെ കുടുംബങ്ങൾക്കൊപ്പം നിൽക്കാനാണ് സർക്കാർ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമം നടപ്പിലാക്കുന്നതിന് മുന്നോടിയായി നടത്തിയ ജനഹിത പരിശോധനയിൽ 116,000-ത്തിലധികം ആളുകൾ പങ്കെടുത്തു. ഇതിൽ 90 ശതമാനം മാതാപിതാക്കളും 16 വയസ്സിൽ താഴെയുള്ളവർക്കുള്ള സോഷ്യൽ മീഡിയ നിരോധനത്തെ പിന്തുണച്ചു.
83 ശതമാനത്തിലധികം പേർ സോഷ്യൽ മീഡിയയുടെ ഗുണങ്ങളേക്കാൾ ദോഷങ്ങളാണ് കൂടുതലെന്ന് അഭിപ്രായപ്പെട്ടു. ഇൻഫിനിറ്റ് സ്ക്രോളിംഗ്, ഓട്ടോപ്ലേ തുടങ്ങിയ ഫീച്ചറുകൾ നിർത്തലാക്കാനും കർശനമായ പ്രായപരിശോധന ഉറപ്പാക്കാനും മന്ത്രാലയം നടപടികൾ സ്വീകരിക്കും.
ഈ നിയമത്തിന്റെ പൂർണ്ണരൂപം തിങ്കളാഴ്ചയോടെ ഔദ്യോഗികമായി പുറത്തുവിടും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

