നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം അത്താണി ശാന്തിനഗറിൽ വിമാനത്തിന്റെ ശക്തമായ കാറ്റേറ്റ് വീടിന്റെ മേൽക്കൂര തകർന്നു. ഞായറാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം.
അത്താണി കേരള ആയുർവേദ ഫാർമസിക്ക് സമീപമുള്ള കാഞ്ഞിരത്തിങ്കൽ സൈമണിന്റെ വീടാണ് അപകടത്തിൽപ്പെട്ടത്. വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനായി താഴ്ന്നു പറന്ന ഗൾഫ് വിമാനത്തിൽ നിന്നുണ്ടായ ശക്തമായ വായുപ്രവാഹമാണ് അപകടത്തിന് കാരണമായതെന്ന് വീട്ടുകാർ ആരോപിക്കുന്നു.
വിമാനം താഴ്ന്നു പറന്നപ്പോൾ ഉണ്ടായ വലിയ ശബ്ദവും പ്രകമ്പനവും കാരണം വീടിന്റെ മേൽക്കൂര കുലുങ്ങുകയും ഏകദേശം നൂറോളം ഓടുകൾ തകർന്ന് വീഴുകയുമായിരുന്നു. പള്ളിയിൽ നിന്ന് പ്രാർത്ഥന കഴിഞ്ഞ് തിരിച്ചെത്തിയ ഉടനെയാണ് സൈമണും ഭാര്യ ശോശാമ്മയും അപകടത്തിൽപ്പെട്ടത്.
വീടിന് പുറത്തേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഓട് പതിച്ച് സൈമണിന്റെ തോളിൽ പരിക്കേറ്റു. വിമാനത്താവളത്തിൽ നിന്ന് നാലര കിലോമീറ്ററോളം മാറി ദേശീയപാതയോട് ചേർന്നാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്.
വിമാനങ്ങൾ ലാൻഡ് ചെയ്യുമ്പോഴും ടേക്ക് ഓഫ് ചെയ്യുമ്പോഴും ഉണ്ടാകുന്ന ശക്തമായ കാറ്റ് കാരണം സമീപത്തെ വീടുകൾക്ക് നാശനഷ്ടങ്ങൾ സംഭവിക്കുന്നത് പതിവാണെന്ന് പ്രദേശവാസികൾ പറയുന്നു. മുമ്പ് പലതവണ സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ജനലുകളും വാതിലുകളും ഇളകുന്ന അവസ്ഥയാണെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
സംഭവത്തിൽ സൈമൺ പഞ്ചായത്ത് അധികൃതർക്കും വിമാനത്താവള അധികൃതർക്കും പരാതി നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

