സംസ്ഥാനത്തെ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്കായി ഏർപ്പെടുത്തിയ സൗജന്യ യാത്രാ പദ്ധതിയായ ‘പ്രിയദർശിനി’ക്ക് ഇന്ന് തുടക്കമാകും. യുഡിഎഫ് സർക്കാരിന്റെ ഇന്ദിരാ ഗ്യാരന്റികളിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 8.30-ന് തിരുവനന്തപുരം തമ്പാനൂരിൽ വെച്ച് മുഖ്യമന്ത്രി വി.ഡി.സതീശൻ നിർവഹിക്കും.
മന്ത്രി സി.പി.ജോൺ ചടങ്ങിൽ അധ്യക്ഷത വഹിക്കും. ഉദ്ഘാടന കർമ്മത്തിന് ശേഷം മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ജനപ്രതിനിധികളും ചേർന്ന് തമ്പാനൂർ സെൻട്രൽ ബസ് സ്റ്റേഷനിൽ നിന്ന് സെക്രട്ടേറിയറ്റ് വരെ ബസിൽ യാത്ര ചെയ്യും.
സംസ്ഥാനത്തുടനീളമുള്ള എല്ലാ ഡിപ്പോകളിലും ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പ്രാദേശികതല ഉദ്ഘാടന ചടങ്ങുകൾ സംഘടിപ്പിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ 3,125 ഓർഡിനറി ബസുകളിലായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
സിറ്റി ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ് ഓർഡിനറി, ഗ്രാമവണ്ടി, ഫെയർ സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്, പോയിന്റ് ടു പോയിന്റ്, ടൗൺ ടു ടൗൺ (ടിടി) ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ലഭ്യമാകും. പദ്ധതിയെക്കുറിച്ചുള്ള അവബോധം ജനങ്ങളിലെത്തിക്കാൻ കെപിസിസി പാർട്ടി ഘടകങ്ങൾക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്.
സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കും ഇടയിൽ പദ്ധതിയുടെ ഗുണഫലങ്ങൾ പ്രചരിപ്പിക്കാനാണ് തീരുമാനം. മഹിളാ കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കെഎസ്യു എന്നിവയുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ച് ഗൃഹസമ്പർക്ക പരിപാടികളും വിശദീകരണ യോഗങ്ങളും സംഘടിപ്പിക്കും.
അതേസമയം, പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കുമെന്ന് സിപിഎം അറിയിച്ചു. ഉദ്ഘാടന പരിപാടിയിൽ നിന്ന് വിട്ടുനിൽക്കാൻ പാർട്ടി തന്റെ എല്ലാ എംഎൽഎമാർക്കും നിർദേശം നൽകിയിട്ടുണ്ട്.
“സൗജന്യയാത്ര സംബന്ധിച്ചു യുഡിഎഫ് പറഞ്ഞതല്ല നടപ്പാക്കുന്നതെന്നും ആളെ പറ്റിക്കുന്ന നിലപാടാണെന്നും” സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ വ്യക്തമാക്കി. എന്നാൽ, സിപിഎമ്മിന്റെ ബഹിഷ്കരണം ചരിത്രപരമായ വിഡ്ഢിത്തമാവരുതെന്ന് മന്ത്രി സി.പി.ജോൺ പ്രതികരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

