ലക്നൗവിൽ നടന്ന ഐപിഎൽ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ ലക്നൗ സൂപ്പർ ജയന്റ്സിന് ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയം. ചെന്നൈ ഉയർത്തിയ 188 റൺസെന്ന വിജയലക്ഷ്യം, മിച്ചൽ മാർഷിന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെ പിൻബലത്തിൽ 16.4 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്നൗ മറികടന്നു.
38 പന്തിൽ 90 റൺസെടുത്ത മിച്ചൽ മാർഷ് ആണ് ലക്നൗവിന്റെ വിജയത്തിൽ നിർണായകമായത്. ഒൻപത് ഫോറുകളും ഏഴ് സിക്സുകളും അടങ്ങുന്നതായിരുന്നു മാർഷിന്റെ ഇന്നിംഗ്സ്.
മിച്ചൽ മാർഷിന് പുറമെ ജോഷ് ഇംഗ്ലിസ് (32 പന്തിൽ 36), നിക്കോളാസ് പുരാൻ (17 പന്തിൽ 32), മുകുൾ ചൗധരി (10 പന്തിൽ 13) എന്നിവരും ലക്നൗവിന്റെ വിജയത്തിൽ പങ്കാളികളായി. അവസാന നാലോവറിൽ 24 റൺസ് ജയത്തിനായി വേണ്ടിയിരുന്നപ്പോൾ, അൻഷുൽ കാംബോജ് എറിഞ്ഞ പതിനേഴാം ഓവറിലെ ആദ്യ നാല് പന്തുകളും സിക്സർ പായിച്ച് നിക്കോളാസ് പുരാൻ മത്സരം ലക്നൗവിന് അനുകൂലമാക്കി.
ചെന്നൈക്കായി അൻഷുൽ കാംബോജ് 2.4 ഓവറിൽ 63 റൺസ് വഴങ്ങി. ഈ പരാജയത്തോടെ ചെന്നൈ സൂപ്പർ കിങ്സിന്റെ പ്ലേ ഓഫ് സാധ്യതകൾക്ക് തിരിച്ചടിയേറ്റു.
12 മത്സരങ്ങളിൽ നിന്ന് 12 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ചെന്നൈ. ശേഷിക്കുന്ന മത്സരങ്ങളിൽ വിജയിച്ചാലും മറ്റ് ടീമുകളുടെ മത്സരഫലങ്ങളെ ആശ്രയിച്ചായിരിക്കും ചെന്നൈയുടെ പ്ലേ ഓഫ് പ്രവേശം.
സീസണിലെ നാലാം ജയം നേടിയ ലക്നൗ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ്. നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈ, കാർത്തിക് ശർമയുടെ (42 പന്തിൽ 71) അർധസെഞ്ചുറിയുടെ മികവിൽ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 187 റൺസ് നേടിയിരുന്നു.
ശിവം ദുബെ (16 പന്തിൽ 32), ഡെവാൾഡ് ബ്രെവിസ് (16 പന്തിൽ 25) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു.
എന്നാൽ ലക്നൗവിന്റെ ബാറ്റിംഗ് നിരയ്ക്ക് മുന്നിൽ ഈ സ്കോർ അപര്യാപ്തമായി മാറി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

