കോഴിക്കോട് നഗരത്തിൽ ലഹരി സംഘങ്ങൾ യുവതികളെയും വിദ്യാർത്ഥിനികളെയും ലക്ഷ്യമിട്ട് വല വിരിക്കുന്നതായി റിപ്പോർട്ട്. ലഹരി മാഫിയയുടെ കെണിയിൽ അകപ്പെട്ട
പെൺകുട്ടി അന്വേഷണ ഉദ്യോഗസ്ഥരോട് നടത്തിയ വെളിപ്പെടുത്തലുകൾ ഞെട്ടിക്കുന്നതാണ്. സംഭവത്തെക്കുറിച്ച് യുവതിയുടെ വാക്കുകൾ ഇങ്ങനെ: ‘‘സമയം രാത്രി 8 മണി.
ബീച്ചിലെ ആളൊഴിഞ്ഞ ഭാഗം. മെഴുകുതിരി വെളിച്ചത്തിൽ ബർത്ത്ഡേ പാർട്ടിക്കായി ഞങ്ങൾ 6 പെൺകുട്ടികൾ വട്ടത്തിലിരുന്നു.
ഞങ്ങൾ കേക്ക് മുറിച്ചു ആഹ്ലാദം പങ്കിട്ടു. കയ്യിൽ കരുതിയ ബാഗിൽ ഒളിപ്പിച്ച ടിൻ ബിയർ എടുത്തു.
ചുറ്റും നോക്കി ആരുമറിയാതെ ഓരോരുത്തരും ഓരോ കവിൾ അകത്താക്കി. കടലോരത്തെ വൈബിൽ ആദ്യം ലഹരി നുണയൽ.
പിന്നീട് ഇതുപോലെ വിവിധ സുഹൃത്തുക്കളുടെ വക പാർട്ടിയിൽ ബീച്ചിലും വീടുകളിലും നഗരത്തിലെ പാർക്കുകളിലും സരോവരത്തും… ഒരു ദിവസം ബീച്ചിലെ ഗ്യാങ്ങിൽ ഞങ്ങളുടെ ഒരു സുഹൃത്തിനൊപ്പം എത്തിയ യുവാവിനെ പരിചയപ്പെട്ടു.. അവനിലൂടെയാണ് രാസ ലഹരിയെ കുറിച്ച് അറിഞ്ഞത്.
പിന്നെ ലഹരി സംഘത്തിനൊപ്പം കാരിയറായും ചേർന്നു. ലഹരി ഒഴുകുന്ന വഴികളിലൂടെയായി യാത്ര’’ ഇത്തരത്തിൽ സുഹൃദ് വലയങ്ങളിലൂടെയും ആഘോഷങ്ങളിലൂടെയുമാണ് യുവതികൾ ലഹരി മാഫിയയുടെ കെണിയിലേക്ക് വീഴുന്നത്.
ഇരകളാക്കപ്പെടുന്നവരിൽ ഭൂരിഭാഗവും സാമ്പത്തികമായി ഭദ്രമായ കുടുംബങ്ങളിൽ നിന്നുള്ളവരാണെന്നത് അന്വേഷണ സംഘത്തെ ആശങ്കയിലാക്കുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ കോഴിക്കോട് ജില്ലയിൽ മാത്രം 20-നും 21-നും ഇടയിൽ പ്രായമുള്ള നാല് പെൺകുട്ടികളാണ് ലഹരി മരുന്ന് കേസിൽ പിടിയിലായത്.
സംഘടിതമായി പ്രവർത്തിക്കുന്ന ലഹരി മാഫിയ, സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും സൗഹൃദം സ്ഥാപിച്ച് ഇവരെ ലഹരിക്കടത്തിന് ‘കാരിയർ’മാരായി ഉപയോഗിക്കുകയാണ് ചെയ്യുന്നത്. നഗരത്തിലെത്തുന്ന രാസലഹരിയുടെ അളവിലും വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്.
ജില്ലയിൽ പ്രതിവർഷം 3 മുതൽ 4 കിലോഗ്രാം വരെ എംഡിഎംഎ എത്താറുണ്ട്. എന്നാൽ കഴിഞ്ഞ നാല് മാസത്തിനുള്ളിൽ മാത്രം 2.602 കിലോഗ്രാം എംഡിഎംഎ പിടിച്ചെടുത്തത് സ്ഥിതിയുടെ ഗൗരവം വ്യക്തമാക്കുന്നു.
ഒരു ഗ്രാം എംഡിഎംഎയ്ക്ക് 600 മുതൽ 2,000 രൂപ വരെയാണ് വിപണിയിൽ ഈടാക്കുന്നത്. പ്രതിവർഷം ശരാശരി 2,000ത്തോളം പ്രതികൾ ലഹരി കേസുകളിൽ അറസ്റ്റിലാകുന്നുണ്ടെങ്കിലും, ഇവരിൽ പലരും ജാമ്യത്തിൽ ഇറങ്ങി വീണ്ടും സജീവമാകുന്നതും അന്വേഷണത്തെ ബാധിക്കുന്നുണ്ട്.
എൻഡിപിഎസ് കേസുകളുടെ എണ്ണം വർധിക്കുന്നത് നിലവിലെ അന്വേഷണ സംവിധാനങ്ങൾക്ക് വലിയ വെല്ലുവിളിയായി തുടരുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

