മിഡിൽ ഈസ്റ്റ് മേഖലയിലെ സംഘർഷാവസ്ഥ തുടരുന്നതും അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നതും ഇന്ത്യയിലെ ഇന്ധനവിലയെ ബാധിക്കുമെന്ന ആശങ്ക ശക്തമാകുന്നു. നിലവിലെ ആഗോള സാമ്പത്തിക സാഹചര്യത്തിൽ, പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് പ്രതിദിനം 1,000 കോടി രൂപ വീതം നഷ്ടം നേരിടേണ്ടി വരുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
കമ്പനികളുടെ ആകെ ‘അണ്ടർ റിക്കവറി’ (വില വ്യത്യാസം മൂലമുള്ള നഷ്ടം) 1,98,000 കോടി രൂപയിലേക്ക് ഉയരുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഒരു പാദത്തിൽ മാത്രം ഏകദേശം ഒരു ലക്ഷം കോടി രൂപയുടെ നഷ്ടമാണ് കമ്പനികൾ അഭിമുഖീകരിക്കുന്നത്.
മുൻപ് ബാരലിന് 64-65 ഡോളറായിരുന്ന ക്രൂഡ് ഓയിൽ വില നിലവിൽ 115 ഡോളറിലേക്ക് കുതിച്ചുയർന്നിരിക്കുകയാണ്. തിരുവനന്തപുരത്തെ നിലവിലെ വിലനിലവാരം പരിശോധിച്ചാൽ, ഒരു ലിറ്റർ പെട്രോളിന് 110.64 രൂപയും, ഡീസലിന് 99.41 രൂപയുമാണ്.
പവർ പെട്രോളിന് 120.72 രൂപയും ഈടാക്കുന്നു. മെയ് 15-ന് വില വർധനയുണ്ടാകുമെന്ന് നേരത്തെ സൂചനകൾ ഉണ്ടായിരുന്നു.
അഞ്ച് രൂപയെങ്കിലും വർധിപ്പിക്കണമെന്നായിരുന്നു എണ്ണക്കമ്പനികളുടെ ആവശ്യം എങ്കിലും, കേന്ദ്ര സർക്കാർ മൂന്ന് രൂപയുടെ വർധനവിനാണ് അനുമതി നൽകിയത്. സി.എൻ.ജി വിലയിൽ കിലോയ്ക്ക് രണ്ട് രൂപയുടെ വർധനയും വരുത്തിയിട്ടുണ്ട്.
എന്താണ് ‘അണ്ടർ റിക്കവറി’? അന്താരാഷ്ട്ര വിപണിയിൽ നിന്ന് ഉയർന്ന വിലയ്ക്ക് ക്രൂഡ് ഓയിൽ വാങ്ങുമ്പോൾ, ആ അനുപാതത്തിൽ ആഭ്യന്തര വിപണിയിൽ പെട്രോൾ പമ്പുകളിൽ വില വർധിപ്പിക്കാൻ സാധിക്കാതെ വരുമ്പോൾ ഉണ്ടാകുന്ന നഷ്ടമാണിത്. ഇന്ത്യൻ ഓയിൽ, ബി.പി.സി.എൽ, എച്ച്.പി.സി.എൽ തുടങ്ങിയ പൊതുമേഖലാ കമ്പനികളാണ് ആഗോള വിപണിയിലെ ഈ വൻ ആഘാതം നേരിട്ട് ജനങ്ങളിലേക്ക് എത്താതിരിക്കാൻ സ്വന്തം നിലയിൽ താങ്ങിനിർത്തിയത്.
ഭാവിയിലെ വിലവർധനയെ സംബന്ധിച്ച് ആശങ്ക നിലനിൽക്കുന്നുണ്ട്. പെട്ടെന്നുള്ള വലിയ വർധനവ് പണപ്പെരുപ്പത്തിനും ജനകീയ പ്രതിഷേധത്തിനും കാരണമാകുമെന്നതിനാൽ, ചെറിയ തുകകൾ വീതം പലതവണകളായി വർധിപ്പിക്കാനാണ് സർക്കാർ ആലോചിക്കുന്നത്.
കോട്ടക് ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസിന്റെ കണക്കുകൾ പ്രകാരം, അന്താരാഷ്ട്ര വിപണിയിലെ യഥാർത്ഥ വില ഇന്ത്യയിൽ പ്രതിഫലിപ്പിക്കണമെങ്കിൽ പെട്രോളിനും ഡീസലിനും ലിറ്ററിന് 25 മുതൽ 28 രൂപ വരെ ഇനിയും വർധിപ്പിക്കേണ്ടി വരും. ആഗോള വിപണിയിലെ വില കുറയുകയും മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ ലഘൂകരിക്കപ്പെടുകയും ചെയ്താൽ മാത്രമേ ഇതിനൊരു ശാശ്വത പരിഹാരം ഉണ്ടാകൂ.
നിലവിലെ സാഹചര്യത്തിൽ, വരുത്തിയ വർധനവ് വരാനിരിക്കുന്ന വലിയ വിലക്കയറ്റത്തിന്റെ തുടക്കം മാത്രമാകാനാണ് സാധ്യതയെന്നാണ് വിലയിരുത്തപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

