തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താനായി ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങിയത് കേരളത്തിലെ വിവിധ വ്യവസായ മേഖലകളിൽ കടുത്ത പ്രതിസന്ധിക്ക് കാരണമായി. പൗരത്വം സംബന്ധിച്ച ആശങ്കകൾ മുൻനിർത്തി ബംഗാൾ, അസം തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികൾ ഇക്കുറി കൂട്ടത്തോടെയാണ് നാട്ടിലേക്ക് യാത്ര തിരിച്ചത്.
മുൻ തിരഞ്ഞെടുപ്പ് കാലങ്ങളിൽ കാണാത്ത വിധമുള്ള ഈ പലായനം നിർമ്മാണം, ഹോട്ടൽ, തടി വ്യവസായം, പൈനാപ്പിൾ കൃഷി തുടങ്ങിയ മേഖലകളുടെ പ്രവർത്തനത്തെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. പെരുമ്പാവൂർ, മൂവാറ്റുപുഴ മേഖലകളിലെ പ്ലൈവുഡ് കമ്പനികളിലെയും പൈനാപ്പിൾ തോട്ടങ്ങളിലെയും സ്ഥിതി അതീവ ഗുരുതരമാണ്.
പൈനാപ്പിൾ തോട്ടങ്ങളിൽ അസം, ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ള 90 ശതമാനം തൊഴിലാളികളും മടങ്ങിയതോടെ വിളവെടുപ്പ് പ്രതിസന്ധിയിലായി. ജാർഖണ്ഡ്, ഒഡീഷ സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികൾ മാത്രമാണ് ഇപ്പോൾ തോട്ടങ്ങളിൽ ജോലിയിലുള്ളത്.
ബക്രീദ് ആഘോഷങ്ങൾക്കും നാട്ടിലെ കൃഷിപ്പണികൾക്കും ശേഷമേ മടങ്ങിയെത്തൂ എന്നറിയിച്ച തൊഴിലാളികൾ തിരികെ വരാൻ വൈകുന്നത് തൊഴിലുടമകളെ ആശങ്കയിലാക്കുന്നു. പാചകവാതക ക്ഷാമത്തെത്തുടർന്ന് പല ഹോട്ടലുകളും അടച്ചിടേണ്ടി വന്നതിനാൽ അവിടെ ജോലി ചെയ്തിരുന്നവരും തിരിച്ചെത്തിയിട്ടില്ല.
സംസ്ഥാനത്തെ മറ്റ് ജില്ലകളിലും സമാനമായ സാഹചര്യം തുടരുകയാണ്. കണ്ണൂർ ജില്ലയിലെ ചെങ്കൽ ക്വാറികളിലെ 90 ശതമാനം തൊഴിലാളികളും നാട്ടിലേക്ക് മടങ്ങി.
മഴക്കാലം എത്തുന്നതോടെ ഖനനം തടസ്സപ്പെടുമെന്നതിനാൽ നിർമ്മാണ മേഖലയിൽ വലിയ പ്രതിസന്ധിയാണ് ഉയരുന്നത്. കാസർകോട് ജില്ലയിൽ കമുക് കർഷകർ തൊഴിലാളികളുടെ അഭാവത്തിൽ വലയുകയാണ്.
കാലവർഷത്തിന് മുൻപുള്ള പ്രതിരോധ മരുന്നുതളിക്കൽ ജോലികൾക്ക് ആളില്ലാത്ത അവസ്ഥയാണുള്ളത്. പാലക്കാട് കഞ്ചിക്കോട് വ്യവസായ മേഖലയിലെ ഇരുമ്പുരുക്ക് കമ്പനികൾ, തുണിമില്ലുകൾ, റബർ ഉൽപന്ന നിർമ്മാണ യൂണിറ്റുകൾ തുടങ്ങിയവയെയും ഈ സാഹചര്യം ബാധിച്ചു.
കോഴിക്കോട് ജില്ലയിൽ ബാർബർ ഷാപ്പുകൾ മുതൽ വൻകിട നിർമ്മാണ മേഖലകൾ വരെ തൊഴിലാളികളുടെ കുറവ് അനുഭവിക്കുന്നുണ്ട്.
തൊഴിലാളികളെ ലഭിക്കാൻ വിവിധ മേഖലകൾ തമ്മിൽ കടുത്ത മത്സരം നടക്കുന്ന കാഴ്ചയും മേഖലയിൽ പ്രകടമാണ്. മൂവാറ്റുപുഴയിൽ അതിഥിത്തൊഴിലാളികളെ ലഭിക്കാൻ ലേലം വിളിക്കുന്ന സാഹചര്യമാണുള്ളത്.
1500 രൂപ കൂലി ഉറപ്പിച്ചു കരാറുകാർ എത്തിച്ച തൊഴിലാളികളെ, 3400 രൂപ വരെ വാഗ്ദാനം ചെയ്ത് പൈനാപ്പിൾ കർഷകർ കൊണ്ടുപോകുന്ന സാഹചര്യം വരെ ഉണ്ടായിട്ടുണ്ട്. ഇതിനുപുറമെ, പൂന്തോട്ട
പരിപാലനം, പൂക്കൃഷി, മത്സ്യബന്ധനം തുടങ്ങിയ മേഖലകളും തൊഴിലാളികളുടെ അഭാവത്തിൽ ദുരിതത്തിലാണ്. ട്രെയിൻ ടിക്കറ്റുകൾ ലഭ്യമല്ലാത്തതും തൊഴിലാളികളുടെ മടക്കം വൈകിപ്പിക്കുന്നതിന് കാരണമാകുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

