തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശൻ മുതിർന്ന കോൺഗ്രസ് നേതാവ് വി.എം.സുധീരന്റെ വസതിയിലെത്തി അനുഗ്രഹം തേടി. അധികാരസ്ഥാനങ്ങളിലെത്തുമ്പോൾ കൂടെക്കൂടുന്നവരെ അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്ന് സുധീരൻ സതീശനെ ഉപദേശിച്ചു.
പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്ക് ഇക്കാര്യത്തിൽ സംഭവിച്ച പാളിച്ചകൾ അദ്ദേഹം ഓർമ്മിപ്പിച്ചു. വർഗീയ ശക്തികളുമായി വിട്ടുവീഴ്ചയ്ക്കില്ലെന്ന സതീശന്റെ നിലപാട് ശ്ലാഘനീയമാണെന്നും, സാമുദായിക പ്രമാണിമാർക്കു വഴങ്ങാതെ കോൺഗ്രസിന്റെ അന്തസ്സ് ഉയർത്തിപ്പിടിക്കാൻ അദ്ദേഹത്തിന് സാധിച്ചുവെന്നും സുധീരൻ പറഞ്ഞു.
സുധീരനെ ഗുരുതുല്യനായി കാണുന്നതായും, തന്നെ തിരുത്താനും ശാസിക്കാനും അദ്ദേഹത്തിന് പൂർണ്ണ അധികാരമുണ്ടെന്നും സതീശൻ മറുപടി നൽകി. തുടർന്ന് ഉമ്മൻ ചാണ്ടിയുടെ വസതിയിലെത്തി കുടുംബാംഗങ്ങളെ കണ്ട
സതീശൻ, ശേഷം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലും ദർശനം നടത്തി. അതേസമയം, വി.ഡി.സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച എഐസിസി തീരുമാനത്തിനെതിരെ എംഎൽഎമാരായ പഴകുളം മധുവും എം.എം.നസീറും പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചു.
ഭൂരിപക്ഷം എംഎൽഎമാരുടെ അഭിപ്രായം മാനിക്കാതെയാണ് ഹൈക്കമാൻഡ് തീരുമാനമെടുത്തതെന്ന് പഴകുളം മധു ആരോപിച്ചു. കെ.സി.വേണുഗോപാലിനെ ഒറ്റപ്പെടുത്താൻ നടന്ന നീക്കങ്ങളെക്കുറിച്ച് പുതിയ മുഖ്യമന്ത്രി അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കെ.സി.വേണുഗോപാൽ മുഖ്യമന്ത്രിയാകണമെന്നായിരുന്നു ഭൂരിപക്ഷം പേരുടെയും ആഗ്രഹമെന്നും, അദ്ദേഹത്തിനെതിരായ അപവാദ പ്രചാരണങ്ങൾ അന്വേഷിക്കണമെന്നും എം.എം.നസീർ കൂട്ടിച്ചേർത്തു. അതിനിടെ, മുഖ്യമന്ത്രി പ്രഖ്യാപനത്തിനുശേഷം രമേശ് ചെന്നിത്തല പ്രകടിപ്പിച്ച അതൃപ്തികൾ സർക്കാരിനെയോ മുന്നണിയെയോ ബാധിക്കില്ലെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് വ്യക്തമാക്കി.
ഘടകകക്ഷികളെ ഉപയോഗിച്ച് സമ്മർദം ചെലുത്തിയാണ് സതീശനെ മുഖ്യമന്ത്രിയാക്കിയതെന്ന വാദം അടിസ്ഥാനരഹിതമാണെന്നും, ഹൈക്കമാൻഡ് തീരുമാനം അന്തിമമാണെന്നും അദ്ദേഹം പറഞ്ഞു. രമേശ് ചെന്നിത്തല പിണങ്ങിപ്പോയെന്ന രീതിയിൽ നടക്കുന്ന പ്രചാരണങ്ങൾ തെറ്റാണെന്ന് ജ്യോതികുമാർ ചാമക്കാല അറിയിച്ചു.
എല്ലാ മലയാള മാസം ഒന്നാം തീയതിയും ഗുരുവായൂർ ദർശനം നടത്തുന്ന പതിവനുസരിച്ചാണ് അദ്ദേഹം പോയതെന്നും, വി.ഡി.സതീശനുള്ള പിന്തുണ രേഖാമൂലം അറിയിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയതെന്നും ചാമക്കാല വ്യക്തമാക്കി. കോൺഗ്രസ് എംഎൽഎമാർ ഒറ്റക്കെട്ടായി സതീശന് പിന്തുണ നൽകുമെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

