കൊല്ലം: കൂലി ചോദിച്ചതിന് വർക്ക്ഷോപ്പ് ഉടമയെ മർദ്ദിച്ച സംഭവത്തിൽ നടപടിയെടുക്കാതെ പൊലീസ്. പൊലീസിൽ പ്രതികൾക്കെതിരെ പരാതി നൽകിയിട്ടും ഇതുവരെ അയിരൂർ പൊലീസ് കേസെടുത്തിട്ടില്ലെന്നാണ് ആരോപണം.
ആക്രമണത്തിൽ വർക്ക്ഷോപ്പ് ഉടമയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. സംഭവത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് വർക്ക്ഷോപ്പ് ഉടമയായ സാജൻ.
ഈ മാസം പത്തിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വർക്കല അയിരൂരിൽ വർക്ക്ഷോപ്പ് നടത്തുകയാണ് സാജൻ.
പ്രതികളിൽ ഒരാളായ സുധീർ ബൈക്ക് നന്നാക്കാൻ സാജനെ സമീപിക്കുകയായിരുന്നു. സാജന്റെ ജോലിക്കാരനാണ് പ്രതിയുടെ വീട്ടിലെത്തി ബൈക്ക് നന്നാക്കിയത്.
പണം ഉടമയുടെ കയ്യിൽ ഏൽപ്പിക്കാമെന്നും സുധീർ പറഞ്ഞു. അന്ന് വൈകിട്ട് സുധീറിനെയും കൂട്ടുകാരൻ മുജീബിനെയും കണ്ടപ്പോൾ സാജൻ കൂലിയായ 200 രൂപ ആവശ്യപ്പെട്ടു.
ഇതിൽ പ്രകോപിതരായാണ് സുധീറും മുജീബും ചേർന്ന് സാജനെ ആക്രമിച്ചത്. ആക്രമണത്തിൽ സാജന്റെ തലക്കും ഇടതുകാലിനും ഗുരുതരമായി പരിക്കുപറ്റി.
തുടർന്ന് സാജനെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം നടന്നതിന്റെ പിറ്റേദിവസം പൊലീസിൽ പരാതി നൽകിയെങ്കിലും പൊലീസ് കേസെടുക്കാൻ തയ്യാറായില്ലെന്നാണ് സാജന്റെ ആരോപണം.
ആക്രമണം നടത്തിയവരുടെ പൂർണ്ണ വിവരങ്ങൾ പൊലീസിന് കൈമാറിയിട്ടും പൊലീസ് ഇവരെ പിടികൂടുന്നില്ലെന്നാണ് സാജൻ പറയുന്നത്. അയിരൂർ പൊലീസിന്റെ ഭാഗത്തുനിന്നും നടപടി ഉണ്ടാകാത്ത സാഹചര്യത്തിൽ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകാനാണ് സാജന്റെ തീരുമാനം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

