സംസ്ഥാനത്തിന്റെ ഡിജിറ്റൽ മുന്നേറ്റത്തിന് പുതിയ ദിശാബോധം നൽകിക്കൊണ്ട് ഡിജിറ്റൽ സയൻസ് പാർക്കിന്റെ ആദ്യ മന്ദിരത്തിന്റെ നിർമാണോദ്ഘാടനം വ്യവസായ, ഐടി വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി നിർവഹിച്ചു. ടെക്നോസിറ്റിയിൽ നടന്ന ചടങ്ങിൽ പൈലിങ്ങിന്റെ സ്വിച്ച് ഓൺ കർമ്മമാണ് മന്ത്രി നിർവഹിച്ചത്. കഴക്കൂട്ടം എംഎൽഎ വി. മുരളീധരൻ ചടങ്ങിൽ പ്രത്യേക പ്രഭാഷണം നടത്തി.
ടെക്നോപാർക്ക് ഫേസ് 4-ൽ 13.59 ഏക്കർ സ്ഥലത്താണ് അഭിമാനകരമായ ഈ പദ്ധതി യാഥാർഥ്യമാകുന്നത്. ഏകദേശം 1,515 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിക്ക് 3 വർഷം മുമ്പ് ബഹുമാനപ്പെട്ട പ്രധാനമന്ത്രിയാണ് തറക്കല്ലിട്ടത്. ഇതിന്റെ ഭാഗമായി ഡിജിറ്റൽ സയൻസ് പാർക്ക് സമുച്ചയത്തിലെ പ്രധാന മന്ദിരത്തിന്റെ നിർമാണ പ്രവർത്തനങ്ങൾക്കാണ് ഇപ്പോൾ ഔദ്യോഗികമായി തുടക്കമായിരിക്കുന്നത്. കിഫ്ബിയിൽ ഉൾപ്പെടുത്തി 238 കോടി രൂപ ചെലവിലാണ് ഈ പ്രധാനമന്ദിരം നിർമിക്കുന്നത്.
ഗവേഷണം, അത്യാധുനിക സാങ്കേതികവിദ്യ, വ്യവസായം, സംരംഭകത്വം എന്നിവയെ ഒരേ കുടക്കീഴിൽ ഒരിമിപ്പിക്കുന്ന ഒരു പ്രമുഖ കേന്ദ്രമായാണ് ഈ പാർക്ക് വിഭാവനം ചെയ്തിട്ടുള്ളത്. നൂതന ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ ഗവേഷണത്തിനും വികസനത്തിനുമായി ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങൾ ഇവിടെ സജ്ജീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരളയാണ് പദ്ധതിയുടെ അക്കാദമിക–സാങ്കേതിക മേൽനോട്ടം നിർവഹിക്കുന്നത്. കിറ്റ്ഫ്രയ്ക്കാണ് പദ്ധതിയുടെ നിർവഹണ ചുമതലയുള്ളത്.
