ആലപ്പുഴ ജില്ലയിലെ തുമ്പോളി മേഖലയിൽ ലഹരി മാഫിയയുടെ സജീവ സാന്നിധ്യം ആശങ്ക സൃഷ്ടിക്കുന്നു. വികസനം ജംക്ഷനിൽ നിന്നും പടിഞ്ഞാറ് ഭാഗത്തേക്കുള്ള തീരദേശ റോഡും കടൽത്തീരവും കേന്ദ്രീകരിച്ചാണ് സാമൂഹ്യവിരുദ്ധരുടെ പ്രവർത്തനം. ഈ പ്രദേശത്തെ കാടുമൂടിക്കിടക്കുന്ന ഉപേക്ഷിക്കപ്പെട്ട ഒരു കെട്ടിടവും കടൽത്തീരവുമാണ് ലഹരി സംഘങ്ങൾ പ്രധാന താവളമാക്കി മാറ്റിയിരിക്കുന്നത്. പകൽ സമയത്തുപോലും പതിനഞ്ചോളം പേർ അടങ്ങുന്ന സംഘത്തിന്റെ സാന്നിധ്യം ഇവിടെയുണ്ടെന്ന് നാട്ടുകാർ വ്യക്തമാക്കുന്നു.
ഫോണിൽ വിളിച്ചാൽ ഉടൻ ഇരുചക്ര വാഹനങ്ങളിൽ എത്തുന്ന കാരിയർമാർ വഴി മദ്യവും ലഹരി വസ്തുക്കളും ഇവിടെ എത്തിച്ചു നൽകുകയാണ് പതിവ്. ബീച്ചിലെ മണലിൽ കുഴികളെടുത്ത് അതിൽ ഒളിപ്പിച്ചാണ് റീട്ടെയിൽ വിൽപന നടത്തുന്നത്. നഗരത്തിലെ ബവ്റിജസ് ഔട്ലെറ്റിൽ നടക്കുന്നതിനെക്കാൾ കൂടുതൽ വിൽപനയാണ് ഇവിടെ നടക്കുന്നതെന്നു ഒരു നാട്ടുകാരൻ പറഞ്ഞു.
കഴിഞ്ഞ ദിവസം പ്രദേശത്തെ യുവാക്കളും ലഹരി സംഘവും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയുണ്ടാകുകയും ചെയ്തു. ഇതിൽ പരിക്കേറ്റ പ്രദേശവാസികളായ രണ്ട് യുവാക്കൾ ആശുപത്രിയിൽ ചികിത്സയിലാണ്. രക്ഷിതാക്കളുടെ പരാതിയെ തുടർന്നു നോർത്ത് പൊലീസ് സ്ഥലത്തെത്തിയെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്തില്ല. സംഘത്തിൽപെട്ടവർ പാതിരപ്പള്ളി, പൂങ്കാവ്, ചെട്ടികാട്, പുന്നമട തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ളവരാണെന്നു നാട്ടുകാർ പറഞ്ഞു.
‘‘ഞങ്ങൾ വീടുകളിലും സുരക്ഷിതരല്ല’’
‘‘ഭർത്താക്കന്മാരും ആൺമക്കളും മദ്യത്തിന്റെ പിന്നാലെ പോയതോടെ വീടിന്റെ സമാധാനം പോയി. സഹികെട്ട ഞങ്ങൾ രണ്ട് വർഷം മുൻപ് രംഗത്തിറങ്ങി. ഓരോ വീടുകളും കയറിയിറങ്ങി. ചൂലെടുത്ത് അടിക്കുമെന്നു പറഞ്ഞാണ് ആണുങ്ങളെ നിലയ്ക്കു നിർത്തിയത്. അതോടെ ഭർത്താക്കൻമാരെ പിടിച്ചുകെട്ടാൻ കഴിഞ്ഞു. കുറെ മക്കളെയും രക്ഷിച്ചു. സമാധാനത്തോടെ കഴിയുകയായിരുന്നു. ഇപ്പോൾ കുറെ നാളായി പുറത്തുനിന്നുള്ളവരുടെ സംഘം വരാൻ തുടങ്ങി. അവർ ഇവിടത്തെ കുറെ ചെറുപ്പക്കാരെയും കയ്യിലെടുത്തു. മദ്യം മാത്രമല്ല കഞ്ചാവും ലഹരി സാധനങ്ങളും വിൽക്കുന്ന താവളമാക്കി മാറ്റി. വീട്ടിൽ കിടന്നുറങ്ങാൻ ഭയമാണ്.’’ ലഹരിക്കെതിരെ നേരത്തെ പോരാട്ടം നടത്തി വിജയിച്ച വീട്ടമ്മമാരുടെ സംഘത്തിൽപെട്ട ചിലർ സങ്കടത്തോടെ പറഞ്ഞു.
