പ്രമേഹം ഏത് പ്രായക്കാരെയും ബാധിക്കുന്ന ഒരു ജീവിതശൈലി രോഗമാണ്. എന്നാൽ, പലരും ശ്രദ്ധിക്കാതെ പോകുന്ന ഒരു പ്രധാന കാരണം വിട്ടുമാറാത്ത മാനസിക സമ്മർദ്ദമാണ്.
സ്ട്രെസ് ഹോർമോൺ എന്നറിയപ്പെടുന്ന കോർട്ടിസോളിന്റെ വർധനവ് ടൈപ്പ് 2 പ്രമേഹത്തിലേക്ക് നയിക്കുമെന്നാണ് ഏറ്റവും പുതിയ കണ്ടെത്തലുകൾ വ്യക്തമാക്കുന്നത്. ചികിത്സകളോട് വേണ്ടത്ര പ്രതികരിക്കാത്തതും നിയന്ത്രിക്കാൻ പ്രയാസമുള്ളതുമായ പ്രമേഹരോഗികളിൽ നാലിലൊന്ന് പേർക്കും കോർട്ടിസോളിന്റെ അളവ് സാധാരണയിലും വളരെ കൂടുതലാണെന്ന് സമീപകാല പഠനങ്ങൾ തെളിയിക്കുന്നു. ഇത് രോഗം നിയന്ത്രണത്തിലാക്കുന്നതിന് വലിയ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്.
ശരീരം മാനസിക പിരിമുറുക്കം നേരിടുമ്പോൾ അഡ്രീനൽ ഗ്രന്ഥികൾ ഉത്പാദിപ്പിക്കുന്ന ഹോർമോണാണ് കോർട്ടിസോൾ. എന്നാൽ ഈ സമ്മർദ്ദം വിട്ടുമാറാതെ മാസങ്ങളോ വർഷങ്ങളോ നീണ്ടുനിൽക്കുമ്പോൾ, കോർട്ടിസോളിന്റെ അളവ് സ്ഥിരമായി ഉയർന്നുനിൽക്കുകയും ഇത് ആരോഗ്യത്തിന് ഹാനികരമാവുകയും ചെയ്യുന്നുവെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.
സ്ട്രെസ് ഹോർമോൺ എന്നറിയപ്പെടുന്ന കോർട്ടിസോളിന്റെ അളവ് അമിതമാകുന്നത് ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത ഗണ്യമായി വർദ്ധിപ്പിക്കുന്നു. വിട്ടുമാറാത്ത സമ്മർദ്ദം, പൊണ്ണത്തടി തുടങ്ങിയ സാഹചര്യങ്ങളിൽ കോർട്ടിസോൾ നിരക്ക് സ്ഥിരമായി ഉയർന്നുനിൽക്കും.
ഇത് ശരീരത്തിലെ ഗ്ലൂക്കോസിന്റെ വിതരണത്തെയും ഇൻസുലിന്റെ പ്രവർത്തനത്തെയും തടസ്സപ്പെടുത്തുന്നു. തന്മൂലം രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുകയും ഇൻസുലിൻ പ്രതിരോധം എന്ന അവസ്ഥയിലേക്ക് ശരീരം എത്തുകയും ചെയ്യുന്നു.
ചുരുക്കത്തിൽ, വിട്ടുമാറാത്ത മാനസിക സമ്മർദ്ദം ശരീരത്തിലെ കോർട്ടിസോളിന്റെ അളവിൽ വർദ്ധനവുണ്ടാക്കുകയോ അതിന്റെ സന്തുലിതാവസ്ഥ തെറ്റിക്കുകയോ ചെയ്യാം. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുന്നത് കൂടുതൽ സങ്കീർണ്ണമാക്കുകയും പ്രമേഹ ചികിത്സ ഫലപ്രദമല്ലാതാക്കുകയും ചെയ്യും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

