സാധാരണക്കാരുടെയും വ്യവസായ ലോകത്തിന്റെയും കേന്ദ്രസർക്കാരിന്റെയും ഉറക്കം കെടുത്തുന്ന രീതിയിൽ രാജ്യത്ത് പണപ്പെരുപ്പം വീണ്ടും ഉയരുന്നു. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പുറത്തുവിട്ട
കണക്കുകൾ പ്രകാരം, ഉപഭോക്തൃവില സൂചികയെ അടിസ്ഥാനമാക്കിയുള്ള റീട്ടെയ്ൽ പണപ്പെരുപ്പം ഓഗസ്റ്റിൽ 4.82 ശതമാനമായാണ് വർധിച്ചത്. കഴിഞ്ഞ എട്ട് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.
പലിശ നിരക്കുകളിൽ വർധനവിന് സാധ്യത
പണപ്പെരുപ്പം 4 ശതമാനത്തിൽ ഒതുക്കിനിർത്തുക എന്നതാണ് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര അധ്യക്ഷനായ ആറംഗ പണനയ നിർണയ സമിതിയുടെ (എംപിസി) പ്രധാന ലക്ഷ്യം. എന്നാൽ നിലവിലെ സാഹചര്യം ഒക്ടോബറിൽ ചേരുന്ന സമിതി യോഗത്തിൽ പലിശ നിരക്കുകൾ ഉയർത്താനുള്ള സാധ്യത ശക്തമാക്കുന്നുണ്ട്.
ഒക്ടോബറിലും ഡിസംബറിലും റീപ്പോ നിരക്ക് 0.25 ശതമാനം വീതം വർദ്ധിപ്പിച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത് ബാങ്ക് വായ്പകളുടെ പലിശ നിരക്കിൽ വർദ്ധനവിന് കാരണമാകും.
ഭവന, വാഹന, വ്യക്തിഗത വായ്പ എടുത്തവർക്കും പുതുതായി വായ്പയെടുക്കാൻ ആഗ്രഹിക്കുന്നവർക്കും ഇത് വലിയ തിരിച്ചടിയാകും. ഭക്ഷ്യവിലപ്പെരുപ്പം തലവേദനയാകുന്നു
ജൂലൈ മാസത്തിൽ 4.45 ശതമാനമായിരുന്ന റീട്ടെയ്ൽ പണപ്പെരുപ്പമാണ് ഇപ്പോൾ ഉയർന്നത്.
മെയ് മാസത്തിൽ ഇത് 3.93 ശതമാനവും ജൂണിൽ 4.38 ശതമാനവുമായിരുന്നു. കഴിഞ്ഞ മാസം ഗ്രാമീണ മേഖലയിലെ പണപ്പെരുപ്പം ജൂലൈയിലെ 4.84 ശതമാനത്തിൽ നിന്ന് 5.23 ശതമാനമായി ഉയർന്നു.
നഗരപ്രദേശങ്ങളിൽ ഇത് 3.96 ശതമാനത്തിൽ നിന്ന് 4.31 ശതമാനമായാണ് കൂടിയത്. ഭക്ഷ്യവിലക്കയറ്റം തന്നെയാണ് റിസർവ് ബാങ്കിനെ കൂടുതൽ ആശങ്കപ്പെടുത്തുന്ന പ്രധാന വിഷയം.
ജൂലൈയിൽ 5.52 ശതമാനമായിരുന്ന ഭക്ഷ്യവിലപ്പെരുപ്പം കഴിഞ്ഞ മാസം 5.95 ശതമാനമായി വർധിച്ചു. ഗ്രാമങ്ങളിൽ ഇത് 5.79 ശതമാനത്തിൽ നിന്ന് 6.13 ശതമാനത്തിലേക്കും, നഗരങ്ങളിൽ 5.05 ശതമാനത്തിൽ നിന്ന് 5.64 ശതമാനത്തിലേക്കുമാണ് ഉയർന്നത്.
വിലക്കയറ്റം രൂക്ഷമായത് ഏതൊക്കെ മേഖലകളിൽ?
വെള്ളി ആഭരണങ്ങൾ, ഇഞ്ചി, സവാള, വെളുത്തുള്ളി, സ്വർണാഭരണം, വജ്രാഭരണം, പ്ലാറ്റിനം ആഭരണം എന്നിവയ്ക്കാണ് കഴിഞ്ഞ മാസവും ഏറ്റവും ഉയർന്ന പണപ്പെരുപ്പം രേഖപ്പെടുത്തിയത്. വെള്ളിക്ക് പണപ്പെരുപ്പ നിരക്ക് 100 ശതമാനത്തിന് മുകളിലാണ് (107.11%).
ഇഞ്ചിക്ക് 73.82 ശതമാനവും, സവാളയ്ക്ക് 48.27 ശതമാനവും, വെളുത്തുള്ളിക്ക് 43.60 ശതമാനവും, സ്വർണ്ണത്തിന് 35.53 ശതമാനവുമാണ് നിരക്ക്. അതേസമയം, തക്കാളി, ഉരുളക്കിഴങ്ങ് എന്നിവയുടെ വിലയിൽ ആശ്വാസകരമായ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
തക്കാളിയുടെ നിരക്ക് നെഗറ്റീവ് 4.60 ശതമാനത്തിൽ നിന്ന് നെഗറ്റീവ് 31.09 ശതമാനമായി താഴ്ന്നു. ഉരുളക്കിഴങ്ങിന്റെ നിരക്ക് നെഗറ്റീവ് 13.14 ശതമാനമാണ്.
കൂടാതെ കാർ, ജീപ്പ്, വെണ്ടയ്ക്ക, കോവയ്ക്ക എന്നിവയുടെ വിലയിലും കുറവുണ്ടായിട്ടുണ്ട്. കേരളത്തിന് ആശ്വാസം
ചില മാസങ്ങൾക്ക് മുൻപ് രാജ്യത്ത് പണപ്പെരുപ്പം ഏറ്റവും കൂടുതലുണ്ടായിരുന്ന സംസ്ഥാനങ്ങളിൽ ഒന്നായിരുന്നു കേരളം.
എന്നാൽ നിലവിൽ രാജ്യത്തെ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ പോലും കേരളം ഇല്ലാ എന്നത് സംസ്ഥാനത്തിന് വലിയ നേട്ടമാണ്. കഴിഞ്ഞ മാസം കേരളത്തിലെ റീട്ടെയ്ൽ പണപ്പെരുപ്പം 4.67 ശതമാനമാണ്.
ഇത് ദേശീയ ശരാശരിയേക്കാൾ താഴെയാണെന്നത് ആശ്വാസകരമാണ്. എന്നാൽ 6.27 ശതമാനവുമായി തെലങ്കാനയാണ് രാജ്യത്ത് പണപ്പെരുപ്പം ഏറ്റവും കൂടുതലുള്ള സംസ്ഥാനം.
തമിഴ്നാട് (5.92%), മധ്യപ്രദേശ് (5.55%), ആന്ധ്രപ്രദേശ് (5.53%), ഒഡീഷ (5.52%) എന്നിവയാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ള മറ്റ് സംസ്ഥാനങ്ങൾ. ഡൽഹിയിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും പണപ്പെരുപ്പം 3 ശതമാനത്തിൽ താഴെയാണ് നിൽക്കുന്നത്.
മഹാരാഷ്ട്രയിലാണ് ഭക്ഷ്യവിലപ്പെരുപ്പം ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത് (8.10%). ജൂലൈയിലെ 4.01 ശതമാനത്തിൽ നിന്ന് കഴിഞ്ഞ മാസം കേരളത്തിലെ പണപ്പെരുപ്പം 4.6 ശതമാനത്തിന് മുകളിലെത്തിയത് ചെറിയ തോതിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ടെങ്കിലും, ദേശീയ തലത്തിലുള്ള ഉയർന്ന നിരക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ സംസ്ഥാനത്തിന് ഇത് വലിയ ആശ്വാസമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

