ദേശീയപാതയിൽ നിർമാണം പുരോഗമിക്കുന്ന കൊരട്ടി മേൽപാലത്തിന്റെ ആദ്യ സ്പാൻ ജനലക്ഷങ്ങൾ പങ്കുചേരാനെത്തുന്ന കൊരട്ടിമുത്തിയുടെ തിരുനാളിനു മുൻപു പൂർത്തിയാക്കുമെന്ന ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടർ അൻസിൽ ഹസൻ നൽകിയ ഉറപ്പ് പാലിക്കപ്പെടില്ലെന്നുറപ്പായി. കഴിഞ്ഞ ജൂലൈ 28നു തൃശൂരിൽ ദേശീയപാതയുമായി ബന്ധപ്പെട്ടു വിളിച്ചു ചേർത്ത യോഗത്തിൽ മന്ത്രി ഒ.ജെ.ജനീഷിനും കലക്ടർ ശിഖ സുരേന്ദ്രനും ഉൾപ്പെടെയുള്ള ഉന്നത അധികാരികൾക്കു നൽകിയ വാഗ്ദാനമാണ് ഇപ്പോൾ ലംഘിക്കപ്പെട്ടിരിക്കുന്നത്.
ഒക്ടോബർ 10, 11 തീയതികളിൽ നടക്കുന്ന കൊരട്ടി മുത്തിയുടെ തിരുനാളിന്റെ അവലോകന യോഗത്തിൽ, ആദ്യ സ്പാൻ നിർമാണം പൂർത്തിയാക്കാൻ രണ്ടു മാസമെങ്കിലും വേിവരുമെന്ന് ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ ഒടുവിൽ സമ്മതിച്ചു. കലക്ടറേറ്റിൽ ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ തിരുനാളിനു മുൻപ് പ്രവൃത്തി തീർക്കുമെന്നായിരുന്നു പ്രോജക്ട് ഡയറക്ടറുടെ ഉറപ്പ്.
എന്നാൽ, മന്ത്രിമാർക്കും കലക്ടർക്കും നൽകുന്ന ഔദ്യോഗിക ഉറപ്പുകൾക്ക് പോലും യാതൊരു വിലയുമില്ലെന്നാണ് ജനങ്ങളുടെ പ്രതികരണം. തിരുനാൾ ദിവസങ്ങളിൽ വിവിധ ജില്ലകളിൽ നിന്നുള്ള വിശ്വാസികളും വാഹനങ്ങളും ജംക്ഷനിൽ വലിയ തോതിൽ എത്തും.
നിർമാണം നടക്കുന്നതിനാൽ ജംക്ഷനിൽ റോഡ് നേരിട്ട് കുറുകെ കടക്കാൻ മാർഗമില്ല. ഇരുവശങ്ങളിലേക്കും നിർമാണം നടക്കുന്ന അനുബന്ധ റോഡുകൾ അവസാനിക്കുന്ന ഭാഗത്താണ് നിലവിൽ റോഡ് മുറിച്ചുകടക്കാനുള്ള സംവിധാനമുള്ളത്.
ആയിരക്കണക്കിന് വാഹനങ്ങൾ ഇടുങ്ങിയ സർവീസ് റോഡിലൂടെ സഞ്ചരിച്ച് യു-ടേൺ എടുത്തു തിരികെ പോകേണ്ടി വരുന്നത് അതീവ രൂക്ഷമായ ഗതാഗതക്കുരുക്കിനു കാരണമാകും. കൊരട്ടി പഞ്ചായത്ത് പ്രസിഡന്റ് ലീല സുബ്രഹ്മണ്യൻ ഈ ആശങ്ക മന്ത്രിയെയും കലക്ടറെയും യോഗത്തിൽ ധരിപ്പിച്ചതിനെ തുടർന്നാണ് സ്പാൻ എത്രയും വേഗം പൂർത്തിയാക്കാമെന്ന് ദേശീയപാത അധികൃതർ ഉറപ്പുനൽകിയിരുന്നത്.
എന്നാൽ മുൻപും സമാനമായ രീതിയിൽ നൽകിയ പല വാഗ്ദാനങ്ങളും പാലിക്കപ്പെട്ടിട്ടില്ല. വഴിനീളെ കുഴികൾ
കൊരട്ടി മേൽപാലത്തിന്റെ പ്രാരംഭ നിർമാണങ്ങൾ ആരംഭിച്ചതുമുതൽ തുടങ്ങിയ ഗതാഗതക്കുരുക്കിന് ഇതുവരെയും അറുതിയായിട്ടില്ല.
വാഹനങ്ങൾ കടത്തിവിടുന്ന സർവീസ് റോഡുകളിൽ ശക്തമായ മഴയെ തുടർന്ന് രൂപപ്പെട്ട ഒട്ടേറെ കുഴികൾ ഇതുവരെയും അടച്ചിട്ടില്ല.
ഭാരവാഹനങ്ങൾ ഉൾപ്പെടെ ദിനംപ്രതി കടന്നുപോകുന്ന ഡ്രെയ്നേജിനു മുകളിലെ പല സ്ലാബുകളും ഏതു നിമിഷവും തകർന്നുവീഴാവുന്ന ദയനീയാവസ്ഥയിലാണ്. തകർന്നുവീണ് സ്ലാബുകൾ
ദേശീയപാതയിലെ ഡ്രെയ്നേജ് സ്ലാബുകൾ പല ഭാഗത്തും വീണ്ടും തകരുന്ന സ്ഥിതിയുണ്ട്.
വിള്ളലുകൾ വീണ സ്ലാബുകൾക്ക് മുകളിൽ ടാറിങ് മിശ്രിതം മാത്രം ഉരുക്കിയൊഴിച്ച് അപകടങ്ങൾ മറച്ചുവെക്കാനുള്ള തന്ത്രങ്ങളാണ് കരാറുകാർ പയറ്റുന്നത്. ചിറങ്ങരയിലും കൊരട്ടിയിലുമാണ് സ്ലാബുകൾ വ്യാപകമായി തകർന്നുകൊണ്ടിരിക്കുന്നത്.
പലതവണ ശക്തമായി ശാസിച്ച ശേഷമാണ് അപകടാവസ്ഥയിലുള്ള സ്ലാബുകൾ മാറ്റാൻ അധികൃതർ തയാറാകുന്നതെന്ന് ഡിവൈഎസ്പി ജെ.കുര്യാക്കോസ് വ്യക്തമാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

