സ്മാർട്ട്ഫോണുകളിൽ ഒരേസമയം നിരവധി ടാബുകൾ തുറന്നുവെച്ച് പിന്നീട് ഉപയോഗിക്കുന്ന ശീലം പലർക്കുമുണ്ട്. ഷോപ്പിംഗിനായാലും മറ്റ് ആവശ്യങ്ങൾക്കായാലും തുറക്കുന്ന ടാബുകൾ ക്ലോസ് ചെയ്യാൻ മടിച്ച് അങ്ങനെ തന്നെ വെക്കുന്നത് ഫോണിന്റെ പ്രവർത്തനക്ഷമതയെ ബാധിക്കാറുണ്ട്.
പലപ്പോഴും ഇത് ഫോൺ ഹാങ്ങ് ആകാനും ബാറ്ററി വേഗത്തിൽ തീരാനും കാരണമാകാറുണ്ട്. എന്നാൽ ഈ പ്രശ്നത്തിന് ഒരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ഗൂഗിൾ ക്രോം (Google Chrome) ബ്രൗസർ.
ഫോണിന്റെ ബാറ്ററിയും പ്രകടനവും മെച്ചപ്പെടുത്താൻ സഹായിക്കുന്ന രണ്ട് പ്രധാന ക്രമീകരണങ്ങൾ മാറ്റിയെടുക്കുന്നതിലൂടെ ഈ പ്രശ്നത്തിന് പരിഹാരം കാണാം. അതിൽ ആദ്യത്തേത് പ്രീലോഡ് പേജുകൾ (Preload pages) ഓഫ് ചെയ്യുക എന്നതാണ്.
ക്രോമിൽ നിങ്ങൾ ക്ലിക്ക് ചെയ്യാൻ സാധ്യതയുള്ള വെബ്പേജുകൾ മുൻകൂട്ടി ലോഡ് ചെയ്തു വെക്കുന്ന ഫീച്ചറാണിത്. എന്നാൽ ഇത് ഫോണിന്റെ റാമും ബാറ്ററിയും അനാവശ്യമായി ഉപയോഗിക്കുന്നു.
ഈ ഫീച്ചർ ഓഫ് ചെയ്യാൻ ത്രീ-ഡോട്ട് മെനുവിൽ (three-dot menu) ടാപ്പ് ചെയ്ത് Settings > Privacy and security > Preload pages എന്ന വിഭാഗത്തിൽ ചെന്ന് No preloading തിരഞ്ഞെടുക്കുക. ഈ മാറ്റം വരുത്തിയതോടെ ഫോണിന്റെ ബാറ്ററി ബാക്ക്അപ്പിൽ കാര്യമായ വർദ്ധനവ് ഉണ്ടായതായി ഉപയോക്താക്കൾ പറയുന്നു.
ഇതിനുപുറമേ, ദിവസങ്ങളോ മാസങ്ങളോ ആയി തുറന്നുകിടക്കുന്ന ടാബുകൾ ഫോണിന്റെ വേഗത കുറയ്ക്കുകയും ഫോൺ ചൂടാകാൻ കാരണമാവുകയും ചെയ്യുന്നു. ഇതിനായി ടാബുകൾ ഓരോന്നായി മാന്വലായി ക്ലോസ് ചെയ്യുന്ന അസൗകര്യം ഒഴിവാക്കാൻ ക്രോമിൽ മറ്റൊരു മാർഗ്ഗമുണ്ട്.
നിഷ്ക്രിയമായി കിടക്കുന്ന ടാബുകൾ തനിയെ ഫ്രീസ് ചെയ്യുന്നതിനുള്ള സൗകര്യമാണിത്. ഇതിനായി Settings എടുത്ത് Advanced സെക്ഷനിലെ Tabs and tab groups തുറക്കുക.
തുടർന്ന് Move to inactive section എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് 7 ദിവസമോ അതിൽ കൂടുതലോ കാലാവധി നൽകാം. ഈ ക്രമീകരണം സജീവമാക്കുന്നതിലൂടെ നിഷ്ക്രിയമായ ടാബുകൾ താൽക്കാലികമായി സസ്പെൻഡ് ചെയ്യപ്പെടുകയും ഫോണിന്റെ റാം ഫ്രീയാകുകയും ചെയ്യുന്നു.
ഇത് ബ്രൗസറിന്റെ വേഗത വർദ്ധിപ്പിക്കാനും ബാറ്ററി ലൈഫ് സംരക്ഷിക്കാനും സഹായിക്കും. കുറഞ്ഞ റാം ശേഷിയുള്ള ഫോണുകൾ ഉപയോഗിക്കുന്നവർക്ക് ഈ രണ്ട് ക്രമീകരണങ്ങളും വലിയ രീതിയിൽ പ്രയോജനപ്പെടും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

