കായംകുളത്ത് പിതാവിനൊപ്പം ഇരുചക്ര വാഹത്തിൽ സഞ്ചരിക്കുകയായിരുന്ന പത്ത് വയസുകാരിയാണ് ദാരുണമായി മരണപ്പെട്ടത്. ചെട്ടികുളങ്ങര കണ്ണംമംഗലം ശ്രീലകം വീട്ടിൽ ശ്രീകാന്തിന്റെയും വിദ്യയുടെയും മകളായ ശ്രീഭദ്രയാണ് ജീവിനൊടുങ്ങിയത്.
ചെട്ടികുളങ്ങര ഈരേഴ വടക്ക് എൽപിഎസിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ് കുട്ടി. കായംകുളം പൊലീസ് സ്റ്റേഷന് സമീപമുള്ള കെ.പി.റോഡിൽ ഇന്നലെ വൈകിട്ട് 6.15 നായിരുന്നു നാടിനെ നടുക്കിയ അപകടം സംഭവിച്ചത്.
പിതാവ് ശ്രീകാന്തിനൊപ്പം ബൈക്കിൽ സഞ്ചരിക്കവെ പിന്നിൽ നിന്നും നിയന്ത്രണം വിട്ടെത്തിയ ബസ് ഇടിക്കുകയായിരുന്നു. തുടർന്ന് റോഡിലേക്ക് മറിഞ്ഞുവീണ ശ്രീഭദ്ര അതേ ബസിനടിയിലേക്ക് പെടുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ താലൂക്കാശുപത്രിയിലും പിന്നീട് കരീലകുളങ്ങരയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രാത്രി എട്ട് മണിയോടെ മരണം സംഭവിക്കുകയായിരുന്നു. പത്തിയൂർ കൃഷിഭവനിലെ കൃഷി അസിസ്റ്റന്റാണ് കുട്ടിയുടെ പിതാവായ ശ്രീകാന്ത്.
അപകടത്തിൽ ഇദ്ദേഹത്തിന് നിസാര പരിക്കുകൾറ്റിട്ടുണ്ട്. ശ്രീ ഗണേഷാണ് കുട്ടിയുടെ സഹോദരൻ.

