വാളയാർ അതിർത്തി കേന്ദ്രീകരിച്ച് കണ്ടെയ്നർ ലോറികളിൽ നടക്കുന്ന അനധികൃത കന്നുകാലിക്കടത്ത് സംസ്ഥാനത്തിന് വലിയ തോതിലുള്ള നികുതി നഷ്ടമാണുണ്ടാക്കുന്നത്. മൃഗസംരക്ഷണ വകുപ്പിന്റെ ചെക്പോസ്റ്റുകളിൽ അത്യാധുനിക പരിശോധനാ സംവിധാനങ്ങളില്ലാത്തതാണ് ഈ നികുതി ചോർച്ചയ്ക്ക് പ്രധാന കാരണം.
കന്നുകാലികളുടെ യഥാർഥ എണ്ണം തിട്ടപ്പെടുത്താനോ കൃത്യമായ പരിശോധന നടത്താനോ സാധിക്കാത്തതിനാൽ വ്യാപാരികൾ നികുതി വെട്ടിപ്പ് തുടരുകയാണ്. ഇത്തരം തട്ടിപ്പുകൾ തടയുന്നതിനായി സ്കാനറുകൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ സംവിധാനങ്ങൾ സ്ഥാപിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും, അതെല്ലാം നിലവിൽ കടലാസിൽ ഒതുങ്ങിയിരിക്കുകയാണ്.
നിയമപരമായി നികുതിയടച്ച് കച്ചവടം നടത്തുന്ന വ്യാപാരികൾക്ക് ഈ അനധികൃത കടത്ത് കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. നിയമപ്രകാരം ഒരു സാധാരണ വാഹനത്തിൽ 16 മുതൽ 20 വരെ കന്നുകാലികളെ മാത്രമേ കൊണ്ടുപോകാൻ അനുവാദമുള്ളൂ.
എന്നാൽ, കണ്ടെയ്നർ ലോറികൾ ഉപയോഗിച്ച് 30 മുതൽ 40 വരെ മൃഗങ്ങളെയാണ് നിയമം ലംഘിച്ച് അതിർത്തി കടത്തുന്നത്. ഹെൽത്ത് സർട്ടിഫിക്കറ്റുകളോ കൃത്യമായ ആരോഗ്യ പരിശോധനകളോ ഇല്ലാത്തതിനാൽ കുളമ്പുരോഗം പോലുള്ള പകർച്ചവ്യാധികൾ വ്യാപിക്കാനുള്ള സാധ്യതയും കർഷകർ ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ടതും വരുമാനമുള്ളതുമായ വാളയാർ ചെക്പോസ്റ്റിൽ പോലും കണ്ടെയ്നർ ലോറികളെ നിയന്ത്രിക്കാൻ ആവശ്യമായ സംവിധാനങ്ങളില്ല. പിടിക്കപ്പെടുന്ന വാഹനങ്ങളെ തിരികെ അയയ്ക്കാൻ മാത്രമേ ഉദ്യോഗസ്ഥർക്ക് സാധിക്കുന്നുള്ളൂ.
ഇത്തരത്തിൽ പ്രതിദിനം 7 മുതൽ 10 വരെ കണ്ടെയ്നർ ലോറികൾ തിരിച്ചയയ്ക്കുന്നുണ്ട്. എന്നാൽ, ഇവ ഊടുവഴികളിലൂടെ വീണ്ടും സംസ്ഥാനത്തേക്ക് പ്രവേശിക്കുന്നത് വലിയ നികുതി നഷ്ടത്തിന് ഇടയാക്കുന്നു.
സംസ്ഥാനത്തൊട്ടാകെ 19 ചെക്പോസ്റ്റുകളാണുള്ളത്. വാളയാറിൽ മാത്രം പ്രതിദിനം 50,000 മുതൽ 60,000 രൂപ വരെയാണ് നിലവിലെ വരുമാനം.
അനധികൃത കടത്ത് വർധിച്ചതോടെ വരുമാനം പകുതിയായി കുറഞ്ഞതായി കണക്കുകൾ വ്യക്തമാക്കുന്നു. കോറിഡോർ ചെക്പോസ്റ്റ് പദ്ധതി പാതിവഴിയിൽ പരിശോധനകളിൽ ആധുനിക സംവിധാനമൊരുക്കി നികുതി നഷ്ടം പരിഹരിക്കാൻ ലക്ഷ്യമിട്ടാണ് കേരളത്തിലെ ആദ്യത്തെ കോറിഡോർ ചെക്പോസ്റ്റ് വാളയാറിൽ സ്ഥാപിക്കാൻ മൃഗസംരക്ഷണ വകുപ്പ് തീരുമാനിച്ചത്.
കന്നുകാലികൾ, കോഴി, പാൽ, മുട്ട എന്നിവയുമായി വരുന്ന വാഹനങ്ങൾ കർശനമായി നിരീക്ഷിക്കാൻ ഡിജിറ്റൽ സംവിധാനങ്ങളോടെയുള്ള ഏകോപന കേന്ദ്രമായിരുന്നു ഇതിലൂടെ ലക്ഷ്യമിട്ടത്.
എന്നാൽ, ക്യാമറകൾ സ്ഥാപിച്ചതൊഴിച്ചാൽ തുടർനടപടികളൊന്നും ഇതുവരെ സ്വീകരിച്ചിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

