ഉത്തർപ്രദേശിലെ ലഖ്നൗവിനോട് ചേർന്ന് നേപ്പാൾ അതിർത്തിയിൽ വെച്ച് മതിയായ യാത്രാരേഖകളില്ലാതെ അമേരിക്കൻ പൗരനെ സുരക്ഷാ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. ജോർദാൻ ബ്രൗൺ എന്ന വ്യക്തിയാണ് പിടിയിലായത്.
ഇയാൾ മുൻ യുഎസ് സൈനികനാണെന്നാണ് അവകാശപ്പെടുന്നത്. അതിർത്തി കടക്കാൻ ശ്രമിക്കവെ എസ്എസ്ബി (SSB) ഉദ്യോഗസ്ഥർ ഇയാളെ തടഞ്ഞുനിർത്തുകയായിരുന്നു.
എന്നാൽ, രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ നാട്ടുകാരുടെ കൂടി സഹായത്തോടെ ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു. ഇയാളെ പിടികൂടുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
യാത്രയുടെ പശ്ചാത്തലം
പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ ഇയാൾ 2025 നവംബറിലാണ് ഇന്ത്യയിലെത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. തുടർന്ന് ഗോവയിൽ താമസിച്ചുവരികയായിരുന്നു.
ജൂലായ് 11-നാണ് മതിയായ രേഖകളില്ലാതെ ഇയാൾ നേപ്പാളിലേക്ക് കടക്കാൻ ശ്രമിച്ചത്. എന്നാൽ ഇയാളുടെ മൊഴികൾ പലതവണ മാറ്റം വരുത്തുന്നത് പൊലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്.
പരസ്പരവിരുദ്ധമായ മൊഴികൾ
ചോദ്യം ചെയ്യലിൽ താൻ കാലിഫോർണിയ സർവകലാശാലയിൽ പഠിച്ചിട്ടുണ്ടെന്നും, ആറുവർഷത്തോളം യുഎസ് സൈന്യത്തിൽ സേവനമനുഷ്ഠിച്ച ശേഷം രണ്ട് വർഷം മുൻപ് ജോലി ഉപേക്ഷിച്ചുവെന്നുമാണ് ഇയാൾ അവകാശപ്പെടുന്നത്. ടൂറിസ്റ്റ് വിസയിൽ തായ്ലാൻഡിൽ എത്തിയപ്പോൾ പാസ്പോർട്ട് നഷ്ടപ്പെട്ടുവെന്നും, പിന്നീട് ശ്രീലങ്ക വഴി ഇന്ത്യയിൽ എത്തിയെന്നുമാണ് ഇയാൾ ആദ്യം പറഞ്ഞത്.
എന്നാൽ, പിന്നീട് ഗോവയിൽ നേരിട്ട് എത്തിയതാണെന്ന് ഇയാൾ തിരുത്തിപ്പറഞ്ഞു. ഗോവയിൽവെച്ച് പരിചയപ്പെട്ട
നേപ്പാൾ സ്വദേശിയെ കാണാനാണ് യാത്ര തിരിച്ചതെന്നാണ് ഇയാൾ നൽകിയ മറ്റൊരു വിശദീകരണം. ഇതിനിടയിൽ, മൂന്നുവർഷം മുൻപ് ഇറ്റലിയിൽവെച്ച് പരിചയപ്പെട്ട
ഉത്തരാഖണ്ഡ് സ്വദേശിയായ യുവതിയെ 2024 ഒക്ടോബറിൽ വിവാഹം കഴിച്ചുവെന്നും, അവർ ഇപ്പോൾ യോഗ പരിശീലകയാണെന്നും ഇയാൾ വെളിപ്പെടുത്തിയിട്ടുണ്ട്. തുടർനടപടികൾ
ഇയാളിൽനിന്ന് 31460 രൂപയും രണ്ട് മൊബൈൽ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്.
എന്നാൽ പാസ്പോർട്ടോ വിസയോ ഉൾപ്പെടെയുള്ള ഔദ്യോഗിക രേഖകൾ ഇയാളുടെ കൈവശമില്ല. ഇയാൾ നൽകിയ മൊഴികളിലെ വൈരുദ്ധ്യം കാരണം കേന്ദ്ര ഏജൻസികളെ വിവരം അറിയിച്ചിട്ടുണ്ടെന്നും സമഗ്രമായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

