പുന്നയൂർക്കുളം മേഖലയിൽ അതിതീവ്ര വ്യാപന ശേഷിയുള്ള ആഫ്രിക്കൻ ഒച്ചുകളുടെ സാന്നിധ്യം വലിയ ആശങ്ക സൃഷ്ടിക്കുന്നു. കാർഷിക വിളകൾക്ക് വലിയ നാശനഷ്ടങ്ങൾ വരുത്തുന്നതിനൊപ്പം, ഇവയുടെ ശരീരത്തിൽ നിന്നുള്ള സ്രവം മസ്തിഷ്കജ്വരം പോലുള്ള രോഗങ്ങൾക്ക് കാരണമാകുമെന്നും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
രണ്ട് വർഷം മുൻപ് പെരുമ്പടപ്പ് പഞ്ചായത്തിലെ ചെറവല്ലൂരിൽ പ്രത്യക്ഷപ്പെട്ട ഒച്ചുകൾ, ഇന്ന് സമീപ പഞ്ചായത്തുകളായ നന്നംമുക്ക്, ആലങ്കോട് എന്നിവിടങ്ങളിലേക്കും വ്യാപിച്ചിരിക്കുകയാണ്.
തെങ്ങുകളും വിവിധ ഫലവൃക്ഷങ്ങളും ഉൾപ്പെടെയുള്ളവയിൽ ഈ ഒച്ചുകൾ വ്യാപകമായി പറ്റിപ്പിടിച്ചിരിക്കുന്നത് കർഷകർക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. രാത്രികാലങ്ങളിൽ സജീവമാകുന്ന ഇവയെ എത്ര നശിപ്പിച്ചാലും പിറ്റേദിവസം അത്രത്തോളം എണ്ണം വീണ്ടും പ്രത്യക്ഷപ്പെടുന്നുണ്ടെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു.
പ്രജനന രീതിയും വെല്ലുവിളികളും ഒറ്റ പ്രജനനത്തിൽ 300 മുതൽ 500-ലധികം മുട്ടകൾ വരെ ഇടാൻ ശേഷിയുള്ളവയാണ് ഈ ഒച്ചുകൾ. ഇവയിടുന്ന മുട്ടകൾക്ക് മണ്ണിൽ മൂന്ന് വർഷത്തോളം ജീവിക്കാൻ കഴിവുണ്ട്.
അതിനാൽ ഒച്ചുകളെ നശിപ്പിച്ചാലും മുട്ടകൾ നശിക്കാത്തത് വ്യാപനം തടയുന്നതിന് വലിയ തടസ്സമാകുന്നു. വർഷകാലത്ത് സജീവമാകുന്ന ഇവ സിമന്റ് പൂശിയ ഭിത്തികൾ മുതൽ കാർഷിക വിളകൾ വരെ ഭക്ഷണമാക്കുന്നുണ്ട്.
സ്വീകരിക്കേണ്ട പ്രതിരോധ നടപടികൾ തുടക്കത്തിൽ തന്നെ കൃത്യമായ ഇടപെടൽ നടത്തിയാൽ വ്യാപനം നിയന്ത്രിക്കാൻ സാധിക്കുമെന്ന് പെരുമ്പടപ്പ് കൃഷി ഓഫിസർ ചിപ്പി വ്യക്തമാക്കി.
ഒച്ചുകളെ കണ്ടെത്തിയാൽ ഉപ്പ് വിതറി നശിപ്പിച്ച ശേഷം, ഇവയെ ഉപ്പുവെള്ള ലായനിയിൽ രണ്ട് ദിവസമെങ്കിലും ഇട്ടു വെച്ച് ആഴത്തിൽ കുഴിയെടുത്ത് മൂടണമെന്നും നിർദേശമുണ്ട്. പുന്നയൂർക്കുളം പഞ്ചായത്തിൽ നിലവിൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും, അയൽ പ്രദേശങ്ങളിൽ വ്യാപനം തുടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത വേണമെന്ന് കൃഷി ഓഫിസർ നയിമ നൗഷാദ് അറിയിച്ചു.
പരിസരം എപ്പോഴും വൃത്തിയായി സൂക്ഷിക്കുക, ചെടികളിൽ ഇവയെ കണ്ടാൽ ഒരു ലിറ്റർ വെള്ളത്തിൽ 5 ഗ്രാം എന്ന തോതിൽ തുരിശ് ലായനി തളിക്കുക, കുമ്മായം അല്ലെങ്കിൽ ഉപ്പ് വിതറുക എന്നിവയാണ് ഫലപ്രദമായ പ്രതിരോധ മാർഗ്ഗങ്ങൾ. കിണറുകൾക്ക് സമീപം ഇവയെ കണ്ടെത്തിയാൽ ബ്ലീച്ചിങ് പൗഡർ വിതറാനും അധികൃതർ നിർദ്ദേശിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

