ഹോർമുസ് കടലിടുക്കിന്റെ സുരക്ഷ തങ്ങൾ ഏറ്റെടുക്കുന്നുവെന്നും, ഇതുവഴി കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് ചരക്ക് മൂല്യത്തിന്റെ 20 ശതമാനം ഫീസായി ഈടാക്കുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിനു മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി.
ഹോർമുസ് കടലിടുക്കിന്റെ യഥാർത്ഥ കാവൽക്കാർ ഇറാനാണെന്നും, ആ ദൗത്യം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കൻ പ്രസിഡന്റിന്റെ പ്രഖ്യാപനത്തെ പരിഹസിച്ചുകൊണ്ട് അബ്ബാസ് അരാഗ്ചി പറഞ്ഞതിങ്ങനെ: “അമേരിക്കൻ പ്രസിഡന്റ് പറയുന്നത് തീർച്ചയായും ശരിയാണ്.
ഹോർമുസിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് സുരക്ഷിത പാതയൊരുക്കുന്നവർക്ക് അതിനുള്ള ഫീസ് നൽകേണ്ടതുണ്ട്. ഇറാൻ ആണ് എല്ലായ്പ്പോഴും ഹോർമുസിന്റെ കാവൽക്കാരൻ.
ഇനി അങ്ങോട്ടും അങ്ങനെ തന്നെ തുടരുമെന്നും അബ്ബാസ് അരാഗ്ചി വ്യക്തമാക്കി.” 20 ശതമാനം എന്ന നിരക്ക് അമിതമാണെന്നും തങ്ങൾ ഈടാക്കുന്ന ഫീസ് ന്യായമായിരിക്കുമെന്നും അദ്ദേഹം പരിഹാസരൂപേണ കൂട്ടിച്ചേർത്തു. ഇറാനുമേൽ നാവിക ഉപരോധം പുനഃസ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച ട്രംപ്, ഇനി മുതൽ ഹോർമുസിലെ കപ്പലുകളുടെ സുരക്ഷ തങ്ങളുടേതാണെന്നും അവകാശപ്പെട്ടിരുന്നു.
എന്നാൽ ഇത്തരം പ്രസ്താവനകൾ മേഖലയിലെ യുഎസ്-ഇറാൻ സംഘർഷം കൂടുതൽ വഷളാക്കുകയാണ്. പശ്ചിമേഷ്യയിൽ യുദ്ധസമാന സാഹചര്യം ഉടലെടുത്തിരിക്കുന്നതിനിടയിലാണ് ഇത്തരമൊരു തർക്കം.
ഇറാനിലെ വിവിധ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയായി മേഖലയിലെ യുഎസ് താവളങ്ങൾക്ക് നേരെ ഇറാൻ തിരിച്ചടികൾ നടത്തിയിരുന്നു. ഇതിനിടെ ഹോർമുസ് കടലിടുക്കിലെ കപ്പലുകൾക്കും നേരെ ആക്രമണങ്ങൾ ഉണ്ടായി.
യുഎഇയുടെ എണ്ണക്കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

