ഓൺലൈൻ തട്ടിപ്പ് കേസിൽ അന്വേഷണം നേരിട്ടിരുന്ന പ്രതിയെ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വെച്ച് പിടികൂടി. കാസർകോട് കുമ്പള സ്വദേശിയായ അബ്ദുൽ റംഷീദ് ആണ് സൈബർ ക്രൈം പൊലീസിന്റെ പിടിയിലായത്.
ഇയാളുടെ കൈവശം ഉണ്ടായിരുന്ന 1.4 കിലോഗ്രാം സ്വർണം കസ്റ്റംസ് അധികൃതർ പിടിച്ചെടുത്തു. കേസിന്റെ പശ്ചാത്തലം
കോഴിക്കോട് സ്വദേശിയായ പരാതിക്കാരന്റെയും ഭാര്യയുടെയും ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് 25 തവണകളായി ഒരു കോടി രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് നടപടി.
ദേശീയ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോഴിക്കോട് സിറ്റി സൈബർ ക്രൈം പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. വാട്സാപ് നമ്പറുകൾ, ബാങ്ക് രേഖകൾ, ഐപി ലോഗിൻ വിവരങ്ങൾ എന്നിവ ശാസ്ത്രീയമായി പരിശോധിച്ചതിലൂടെയാണ് പ്രതിയിലേക്ക് അന്വേഷണം എത്തിയത്.
തട്ടിയെടുത്ത തുകയിൽ 26.40 ലക്ഷം രൂപ അബ്ദുൽ റംഷീദിന്റെ അക്കൗണ്ടിലേക്ക് എത്തിയതായി അന്വേഷണത്തിൽ തെളിഞ്ഞു. ഇതിൽ രണ്ടര ലക്ഷം രൂപ ചെക്ക് വഴിയും ഒരു ലക്ഷം രൂപ എടിഎം വഴിയും പിൻവലിച്ചതായും സ്ഥിരീകരിച്ചു.
തുടർന്ന് ഇയാൾക്കെതിരെ പൊലീസ് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. വിമാനത്താവളത്തിലെ അറസ്റ്റ്
ഈ മാസം 11-ന് വിദേശത്ത് നിന്ന് മടങ്ങിയെത്തിയപ്പോഴാണ് അബ്ദുൽ റംഷീദിനെ ഇമിഗ്രേഷൻ വിഭാഗം തടഞ്ഞുവെച്ചത്.
കോഴിക്കോട് സിറ്റി സൈബർ ക്രൈം പൊലീസ് ഇൻസ്പെക്ടർ എം.വി.ശ്രീദാസന്റെ നേതൃത്വത്തിലുള്ള സംഘം കണ്ണൂരിലെത്തി നടപടികൾ സ്വീകരിക്കുന്നതിനിടെയാണ് ഇയാൾ സ്വർണക്കടത്തിലും ഉൾപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയത്. കസ്റ്റംസ് നടത്തിയ പരിശോധനയിൽ ഇയാളുടെ പക്കൽ നിന്ന് 1.4 കിലോ സ്വർണം പിടിച്ചെടുക്കുകയും തുടർന്ന് ഇയാളെ റിമാൻഡ് ചെയ്യുകയും ചെയ്തു.
സൈബർ സാമ്പത്തിക തട്ടിപ്പ് ശൃംഖലയിലെ പ്രധാന കണ്ണിയാണ് പ്രതിയെന്നും, രാജ്യാന്തര തലത്തിലുള്ള സ്വർണക്കടത്ത് സംഘങ്ങളുമായും സൈബർ തട്ടിപ്പ് സംഘങ്ങളുമായും ഇയാൾക്ക് ബന്ധമുണ്ടോയെന്ന് പരിശോധിച്ച് വരികയാണെന്നും അന്വേഷണ സംഘം അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

