തൃശ്ശൂരിൽ നടന്ന ഇ.എം.എസ് അനുസ്മരണ പരിപാടിയിൽ പങ്കെടുക്കവെയാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നിലവിലെ രാഷ്ട്രീയ സാഹചര്യം വിശദീകരിച്ചത്. മൂന്നാം തവണയും ഭരണത്തുടർച്ച ലഭിക്കുമെന്നായിരുന്നു പാർട്ടി നേതൃത്വത്തിന്റെ പ്രതീക്ഷയെന്നും, എന്നാൽ ഇത്തരം ഒരു പരാജയം സംസ്ഥാന സെക്രട്ടേറിയറ്റ് മുൻകൂട്ടി കണ്ടിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മൂന്നാം പിണറായി സർക്കാർ അധികാരത്തിൽ വരുമെന്നത് കേരളത്തിലെ പൊതുബോധമായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പരാജയത്തിന് പിന്നിൽ ഒട്ടേറെ ഘടകങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, പാർട്ടിയുടെ പ്രവർത്തനരീതിയിൽ മാറ്റങ്ങൾ അനിവാര്യമാണെന്ന് ഓർമ്മിപ്പിച്ചു.
“പാർട്ടി എന്നത് വെറുതെ പിബി ചേരാനും കമ്മിറ്റി ചേരാനും ഉള്ളതല്ല, അതിലെ ഉള്ളടക്കമാണ് പ്രസക്തം” എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രത്യയശാസ്ത്രപരമായ നിലപാടുകൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ പരിമിതികളുണ്ടായെന്നും, കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ കടന്നാക്രമണങ്ങളെ ജനങ്ങൾക്ക് ബോധ്യപ്പെടുത്തിക്കൊടുക്കുന്നതിൽ പാർട്ടിക്ക് വീഴ്ച സംഭവിച്ചതായും അദ്ദേഹം സമ്മതിച്ചു.
വൈസ് ചാൻസലർമാർ ആർ.എസ്.എസ് പരിപാടികളിൽ പങ്കെടുത്തതിനെതിരെയും എം.വി ഗോവിന്ദൻ രൂക്ഷ വിമർശനം ഉന്നയിച്ചു. “അവരെല്ലാം ആർഎസ്എസ് പ്രവർത്തകരായി മാറിയെന്നും പാഠ്യപദ്ധതിയിലെ ഹിന്ദുവൽക്കരണമാണ് അവരുടെ ലക്ഷ്യം” എന്ന് അദ്ദേഹം തുറന്നടിച്ചു.
മുൻകാലങ്ങളിൽ ശക്തമായ പോരാട്ടങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും, നിലവിൽ സതീശന് കീഴടങ്ങേണ്ടി വന്ന സാഹചര്യമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

