കട്ടപ്പനയിൽ നിന്നുള്ള മിടുമിടുക്കി എസ്തർ മരിയ ടോമിയുടെ ഉന്നത വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് കരുത്തേകി സഹായഹസ്തവുമായി കുട്ടിക്കാനം മാർ ബസേലിയോസ് എൻജിനീയറിങ് കോളജ് മാനേജ്മെന്റ് രംഗത്ത്. ശാരീരികമായ പരിമിതികളെ തോൽപിച്ച് പ്ലസ് ടു പരീക്ഷയിൽ കംപ്യൂട്ടർ സയൻസ് വിഭാഗത്തിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ എസ്തറിന്റെ തുടർപഠനം പൂർണമായും സ്കോളർഷിപ്പോടെ ഏറ്റെടുക്കാമെന്ന് കോളജ് അധികൃതർ അറിയിച്ചു.
ഓർത്തഡോക്സ് സഭ ഇടുക്കി ഭദ്രാസനാധിപൻ സഖറിയ മാർ സേവേറിയോസ് എസ്തറിന്റെ വസതിയിലെത്തി അഭിനന്ദനങ്ങൾ അറിയിച്ചു. ഈ സന്ദർശനവേളയിലാണ് പഠനച്ചെലവ് പൂർണമായി സ്കോളർഷിപ്പിലൂടെ വഹിക്കുമെന്ന സന്തോഷവാർത്ത കുടുംബത്തെ അറിയിച്ചത്.
സ്വന്തം ജില്ലയിൽ തന്നെ എൻജിനീയറിങ് പഠനം തുടരാൻ സാധിക്കുന്നതിലെ ആശ്വാസവും സന്തോഷവും കുടുംബം പങ്കുവെച്ചു. വരുന്ന 18-ാം തീയതി കോളജിലെത്തി പ്രവേശന നടപടികൾ പൂർത്തിയാക്കുമെന്ന് എസ്തറിന്റെ പിതാവ് ടോമി ജോസഫ് വ്യക്തമാക്കി.
80 സെന്റീമീറ്റർ ഉയരവും 10 കിലോഗ്രാം തൂക്കവുമുള്ള എസ്തർ, കഠിനമായ അധ്വാനത്തിലൂടെയാണ് മികച്ച വിജയം സ്വന്തമാക്കിയത്. വിദ്യാർത്ഥിനിയുടെ അസാമാന്യമായ മികവ് തിരിച്ചറിഞ്ഞ ഒരു സ്വകാര്യ കമ്പനി, ഐടി സപ്പോർട്ടർ തസ്തികയിൽ വർക്ക് അറ്റ് ഹോം സൗകര്യവും ഇതിനകം നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

