സംസ്ഥാന സർക്കാർ ആവിഷ്കരിച്ച കെഎസ്ആർടിസി ഓർഡിനറി ബസുകളിലെ സൗജന്യ യാത്രാ പദ്ധതി തൃശൂർ ജില്ലയിലെ ആയിരക്കണക്കിന് സ്ത്രീകൾക്കും വിദ്യാർഥികൾക്കും വലിയ ആശ്വാസമാകുന്നു. ട്രാൻസ്ജെൻഡർ വിഭാഗക്കാർക്കും ഈ ആനുകൂല്യം ലഭ്യമാണ്.
ജില്ലയിലെ വിവിധ ഡിപ്പോകളിലും ഓപ്പറേറ്റിങ് സെന്ററുകളിലുമായി ആകെ 126 ഓർഡിനറി ബസുകളാണ് നിലവിലുള്ളത്. ലിമിറ്റഡ്, ടൗൺ ടു ടൗൺ (ടിടി) സർവീസുകൾ കൂടി പരിഗണിക്കുമ്പോൾ ഏകദേശം 1000 ട്രിപ്പുകൾ നടത്താൻ സാധിക്കുമെങ്കിലും, നിലവിൽ ജീവനക്കാരുടെ കുറവ്, ബസുകളുടെ അറ്റകുറ്റപ്പണി, സാങ്കേതിക തകരാറുകൾ എന്നിവ കാരണം പ്രതിദിനം 700 ഓളം ട്രിപ്പുകളാണ് പൂർത്തിയാകുന്നത്.
ജില്ലയിലെ എല്ലാ ട്രിപ്പുകളിലുമായി ശരാശരി പകുതിയോളം യാത്രക്കാർ സ്ത്രീകളാണ്. സൗജന്യ യാത്രാ പദ്ധതി നിലവിൽ വരുന്നതോടെ ഈ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടാകുമെന്നും, ദിവസവും കാൽലക്ഷത്തോളം സ്ത്രീകൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നുമാണ് കണക്കാക്കുന്നത്.
ഗ്രാമവണ്ടികളിലും ഈ സൗജന്യ യാത്ര ലഭ്യമാണ്. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലെ നിലവിലെ സ്ഥിതിവിവരക്കണക്കുകൾ താഴെ പറയുന്നവയാണ്: പുതുക്കാട്: ആകെ 23 ഷെഡ്യൂളുകളിൽ 21 എണ്ണം ഓർഡിനറി ബസുകളാണ്.
ആകെയുള്ള 194 ട്രിപ്പുകളിൽ 176 എണ്ണവും ഓർഡിനറി സർവീസുകളാണ്. മുപ്ലിയം, പാലപ്പിള്ളി, ചിമ്മിനി ഡാം, മരോട്ടിച്ചാൽ, തൃശൂർ ഗവ.
മെഡിക്കൽ കോളജ് ആശുപത്രി, തിരുവില്വാമല, മണ്ണുത്തി എന്നിവിടങ്ങളിലേക്കാണ് പ്രധാനമായും സർവീസ് നടത്തുന്നത്. 21 ഷെഡ്യൂളുകൾ ഉണ്ടെങ്കിലും 17 എണ്ണമാണ് നിലവിൽ സ്ഥിരമായി ഓപ്പറേറ്റ് ചെയ്യുന്നത്.
കൊടുങ്ങല്ലൂർ: 15 ഓർഡിനറി ബസുകളിലായി 70 ട്രിപ്പുകളാണ് ഇവിടെയുള്ളത്. ഇതിൽ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കുള്ള സർവീസുകളും, എറണാകുളം, കോതമംഗലം, മൂന്നാർ, ചേർത്തല, കാക്കനാട് ഭാഗങ്ങളിലേക്കുള്ള ലിമിറ്റഡ് സ്റ്റോപ് സർവീസുകളും ഉൾപ്പെടുന്നു.
പുലർച്ചെ 4.50 മുതൽ രാത്രി 9 വരെയാണ് സർവീസ് സമയം ക്രമീകരിച്ചിരിക്കുന്നത്. ഇരിങ്ങാലക്കുട: മുരിയാട് പഞ്ചായത്തിലെ ഗ്രാമവണ്ടി ഉൾപ്പെടെ 8 ബസുകളിലായി 17 ട്രിപ്പുകളാണ് ഇപ്പോൾ നടക്കുന്നത്.
ജീവനക്കാരുടെ കുറവ് മൂലം കൂടുതൽ ബസുകൾ സർവീസ് നടത്തുന്നില്ല. മാള: 20 ഓർഡിനറി ബസുകൾ സ്വന്തമായുള്ള മാള ഡിപ്പോ പ്രതിദിനം 75 ട്രിപ്പുകൾ നടത്തുന്നു.
ഇതിനു പുറമെ കുഴൂർ പഞ്ചായത്തിന്റെ ഗ്രാമവണ്ടി 12 സർവീസുകളും നടത്തുന്നുണ്ട്. തൃശൂർ, ആലുവ, കൊടുങ്ങല്ലൂർ റൂട്ടുകളിലും മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും ഇവിടെ നിന്ന് സർവീസുകളുണ്ട്.
ഗുരുവായൂർ: സ്വന്തമായി 19 ഓർഡിനറി ബസുകൾ ഉണ്ടെങ്കിലും 14 ബസുകൾ മാത്രമാണ് ഇപ്പോൾ സർവീസിലുള്ളത്. എളവള്ളി പഞ്ചായത്തിന്റെ ഗ്രാമവണ്ടി ഉൾപ്പെടെ 28 ട്രിപ്പുകൾ ഇവിടെയുണ്ട്.
എറണാകുളം, കോഴിക്കോട്, പാലക്കാട്, തൃശൂർ റൂട്ടുകളിൽ പുലർച്ചെ മുതൽ സർവീസുകൾ ലഭ്യമാണ്. തൃശൂർ: 20 ഓർഡിനറി ബസുകൾ സ്വന്തമായുണ്ടെങ്കിലും 15 ബസുകളിലായി പ്രതിദിനം 120 ട്രിപ്പുകളാണ് തൃശൂരിൽ നിന്ന് നടത്തുന്നത്.
ജീവനക്കാരുടെ ക്ഷാമമുണ്ടാകുമ്പോൾ ഓർഡിനറി സർവീസുകളാണ് ആദ്യം റദ്ദാക്കുന്നത്. ഇതിന്റെ ഭാഗമായി പാലക്കാട്ടേക്കുള്ള രണ്ട് ടൗൺ ടു ടൗൺ സർവീസുകൾ മുടങ്ങിയിട്ടുണ്ട്.
ചാലക്കുടി: 24 ബസുകൾ സ്വന്തമായുള്ള ഇവിടെ ആകെ 121 ട്രിപ്പുകളാണുള്ളത്. തൃശൂർ, ആലുവ, മണ്ണുത്തി, അതിരപ്പിള്ളി, മലക്കപ്പാറ, മെഡിക്കൽ കോളജ് ആശുപത്രി, ചോറ്റാനിക്കര, അന്നനാട്, കാടുകുറ്റി തുടങ്ങിയ റൂട്ടുകളിലാണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

