ടെഹ്റാൻ: അമേരിക്കയും ഇറാനും തമ്മിലുള്ള നിർണായകമായ സമാധാന ധാരണയിൽ ഇന്ന് ഒപ്പുവെക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. കരാർ ഒപ്പുവെക്കുന്നതോടെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഉടൻ തന്നെ തുറന്നുനൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
സമ്പുഷ്ടീകരിച്ച യുറേനിയം ഉൾപ്പെടെയുള്ള സുപ്രധാന വിഷയങ്ങളിൽ ചർച്ചകൾ തുടരുകയും, 60 ദിവസത്തിനുള്ളിൽ ഇതിൽ അന്തിമ കരാർ രൂപീകരിക്കുകയും ചെയ്യും. എന്നാൽ, കരാറിന്റെ കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്ന നിലപാടാണ് ഇറാൻ സ്വീകരിച്ചിരിക്കുന്നത്.
ജനീവയിൽ വെച്ച് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ്, ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഖർ ഖാലിബാഫ് എന്നിവർ തമ്മിൽ കൂടിക്കാഴ്ച നടത്തുകയും കരാറിൽ ഒപ്പുവെക്കുകയും ചെയ്യുമെന്നാണ് നിലവിലെ സൂചനകൾ. ഇറാൻ അടച്ചുപൂട്ടിയ ഹോർമുസ് കടലിടുക്ക് തുറന്നു നൽകുക, ഇറാനിയൻ തുറമുഖങ്ങൾക്ക് മേൽ ഏർപ്പെടുത്തിയിട്ടുള്ള നാവിക ഉപരോധങ്ങൾ പിൻവലിക്കുക, മരവിപ്പിച്ച ശതകോടിക്കണക്കിന് ഡോളറിന്റെ ആസ്തികൾ തിരികെ നൽകുക, എണ്ണ കയറ്റുമതിക്കുള്ള നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുക തുടങ്ങിയ വ്യവസ്ഥകൾ കരാറിന്റെ ഭാഗമായി ഉണ്ടാകുമെന്നാണ് വിവരം.
ഇറാന്റെ ആണവ പദ്ധതികളെ സംബന്ധിച്ചുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിനായുള്ള ഉന്നതതല ചർച്ചകൾ വരും ദിവസങ്ങളിലും തുടരും. നേരത്തെ, ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധസാഹചര്യം അവസാനിപ്പിക്കുന്നതിനായുള്ള പ്രാഥമിക സമാധാന കരാർ 24 മണിക്കൂറിനുള്ളിൽ യാഥാർത്ഥ്യമാകുമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് അറിയിച്ചിരുന്നു.
അടുത്തയാഴ്ചയോടെ സാങ്കേതികതലത്തിലുള്ള കൂടുതൽ ചർച്ചകൾക്ക് തുടക്കം കുറിക്കുമെന്നും അദ്ദേഹം എക്സ് പ്ലാറ്റ്ഫോമിലൂടെ വ്യക്തമാക്കിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

